ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആദ്യഘട്ട ഫലം: മാക്രോണിന് അനുകൂലം
പാരിസ്: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നേട്ടം. ദേശീയ അസംബ്ലിയിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ മാക്രോണിന്റെ ലെ റിപ്പബ്ലിക് എന്‍ മാര്‍ഷെ (ആര്‍.ഇ.എം)-ഡെമോക്രാറ്റിക് മൂവ്‌മെന്റ് സഖ്യം 32.3 ശതമാനം വോട്ടാണ് സ്വന്തമാക്കിയത്. മറ്റു പ്രധാന പാര്‍ട്ടികളായ കണ്‍സര്‍വേറ്റിവ് റിപ്പബ്ലിക്കന്‍സ് 21.5ഉം നാഷനല്‍ ഫ്രണ്ട് 13.2 ഉം സോഷ്യലിസ്റ്റ് പാര്‍ട്ടി 10ഉം ശതമാനം വോട്ടുകള്‍ നേടി. അടുത്ത ഞായറാഴ്ച നടക്കുന്ന രണ്ടാംഘട്ടത്തിനു ശേഷമാണ് അന്തിമ ചിത്രം തെളിയുക.
ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 48.7 ശതമാനമാണ് പോളിങ്. കഴിഞ്ഞ രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 61 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തിയിരുന്നു. ആകെ 47 ദശലക്ഷം വോട്ടര്‍മാരില്‍ പകുതിപേരും വോട്ട് രേഖപ്പെടുത്തിയില്ല. മാക്രോണ്‍ ഞെട്ടിപ്പിക്കുന്ന വിജയം നേടുമെന്ന അഭിപ്രായ സര്‍വേകള്‍ പ്രവര്‍ത്തകരെ ആലസ്യത്തിലാക്കിയിരിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. തോല്‍വി ഉറപ്പിച്ചിരുന്നതിനാല്‍ റിപബ്ലിക്കന്‍ വോട്ടര്‍മാരും വോട്ട് ചെയ്യാന്‍ വിമുഖത കാട്ടി.
15-ാമത് ഫ്രഞ്ച് ദേശീയ അസംബ്ലിയിലേക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ആകെ 577 അംഗ പാര്‍ലമെന്റില്‍ 289 സീറ്റാണ് ഭൂരിപക്ഷം നേടാന്‍ വേണ്ടത്. ആര്‍.ഇ.എം 440 സീറ്റുകള്‍ വരെ നേടുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചത്. സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 200ലേറെ സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് കരുതുന്നത്. ആര്‍.ഇ.എം 395 മുതല്‍ 425 വരെ സീറ്റുകള്‍ നേടുമെന്ന് നേരത്തെ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു.
1993ല്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേടിയ ഉജ്വല വിജയത്തിനുശേഷം രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന മരിന്‍ ലെ പെന്നിന്റെ നാഷനല്‍ ഫ്രണ്ടിന് 15 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും വിലയിരുത്തലുണ്ടായിരുന്നു. ഒരു വയസ് മാത്രം പ്രായമുള്ള ആര്‍.ഇ.എമ്മിന്റെ നേട്ടം മുഖ്യധാരാ കക്ഷികളായ കണ്‍സര്‍വേറ്റിവ് റിപബ്ലിക്കുകള്‍ക്കും സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും വന്‍ ആഘാതമാണ് ഏല്‍പിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ മുന്നിലുള്ള രണ്ട് പാര്‍ട്ടികള്‍ തമ്മിലായിരിക്കും മത്സരം.
കഴിഞ്ഞ മാസം 14നാണ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തീവ്ര വലതുപക്ഷ വാദിയായ മരിന്‍ ലെ പെന്നിനെ അട്ടിമറിച്ചായിരുന്നു മാക്രോണ്‍ മിന്നുന്ന വിജയം സ്വന്തമാക്കിയത്. എന്നാല്‍, തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മാക്രോണിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ആവശ്യമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."