HOME
DETAILS

ജമീല

  
backup
September 15 2019 | 02:09 AM

jameela-story-by-fathi-saleem

 

കുട്ടിക്കൂറ പൗഡറിട്ട മുഖം, മുല്ലപ്പൂ മണമുള്ള വെളിച്ചെണ്ണ തേച്ച് ഒത്തനടുവിലൂടെ നേര്‍രേഖയില്‍ രണ്ടായി പകുത്തു തലയോട്ടിയോട് പറ്റിച്ചു ചീകിവച്ച മുടി, കറുപ്പ് പര്‍ദ്ദ, മുറുക്കിചുവപ്പിച്ച ചുണ്ടുകള്‍, സുറുമയെഴുതിയ ചെറിയ കണ്ണുകള്‍... കയ്യില്‍ നിറയെ പുള്ളി പുള്ളി ഡിസൈനില്‍ മൈലാഞ്ചി. അരച്ച മൈലാഞ്ചി തന്നെ വേണം. മൈലാഞ്ചി അല്ല മൊയിലാഞ്ചി!
ഏതോ കവിതയിലെ നായികയല്ല. ഞങ്ങളെ നാട്ടിലെ ജമീലത്ത. പര്‍ദ്ദയാണേലും അലികത്തും മുല്ലമൊട്ട് മാലേം എങ്ങനേലും പുറത്തു കാണിക്കും ജമീലത്ത.
'പോക്കര്‍ഹാജിന്റാടത്തെ ജമീലത്ത'
പോക്കര്‍ഹാജി രണ്ടാമത് കല്യാണം കഴിച്ചതാണ് ജമീലത്താനെ. ഉമ്മാന്റെ കാര്യപ്പെട്ട ചങ്ങായിയാണ് ജമീലത്ത.
'മൊഞ്ച്'എന്ന ഒരൊറ്റ കോണ്‍സെപ്റ്റായിരുന്നു പെണ്ണുങ്ങളെ അളക്കാന്‍ ജമീലത്ത ഉപയോഗിച്ചിരുന്നത്.
ആഷിക്കിന്റെ മങ്ങലം കയിഞ്ഞ് ആയ്ച്ച ഒന്നുകൊണ്ട് ഓന്‍ ഓളെ കൊണ്ടൊയീലെ.. ദുബൈയ്ക്..
കൊണ്ടോഊലെ.. ഓളെ മൊഞ്ചു കണ്ടാ കൊണ്ടോഊലെ
ജമീലത്താന്റെ ഭര്‍ത്താവ് പോക്കര്‍ഹാജിന്റെ ആദ്യഭാര്യയിലുള്ള മകനാണ് ആഷിക്. ഉമ്മ മരിച്ചു പോയി. ആ മക്കളോടൊക്കെ ജമീലത്ത നല്ല സ്‌നേഹത്തിലാണ്.
ആഷിക്കിന്റെ ഓള്‍ മൊഞ്ചില്ലെങ്കി കൊണ്ടോഊലെ?
ചോദിക്കണമെന്നുണ്ടായിരുന്നു!
സ്‌കൂള്‍ വിട്ട് വരുമ്പോള്‍ അധികദിവസങ്ങളിലും ജമീലത്ത വീട്ടിലുണ്ടാകും.
നടക്കുന്ന കോലം നോക്ക്. ഒറ്റ മോളല്ലേ. ഇനിക് ആ കഴ്ത്തിലും കാതിലും എന്തേലും ഇട്ടാ എന്താ?
അതിപ്പോ അങ്ങനാ ഫാഷന്‍ പോലും. ചിരിച്ചു കൊണ്ട് ഉമ്മ പറയും.
എന്ത് പാഷനോളീ..
ചെമ്പിച്ച മുടിയും ഒയിച്ച കഴ്ത്തും കാതും. പെണ്ണായ ഒരുങ്ങണം. നല്ലോണം ഒരുങ്ങണം. എന്നാല് നല്ല പുയാപ്ലനെ കിട്ടു.
അനിക് വേണ്ട... മുഖം കോട്ടി ഞാന്‍ മുറിയിലേക്കു കേറിപ്പോയി.
അങ്ങനെ പറഞ്ഞെങ്കിലും മുറിയിലെ കണ്ണാടിയില്‍ നോക്കി..
മൊഞ്ചില്ലെ..?
എവിടെയൊക്കെയോ എന്തിനൊക്കെയോ എനിക്ക് ജമീലാത്തനോട് നീരസം തോന്നി. എപ്പോഴും ആഭരണഭ്രമവും, ഒരുക്കത്തിനോടുള്ള ആസക്തിയും, മൊഞ്ചുള്ള പെണ്ണുങ്ങളെ വിജയഗാഥകളും മൊത്തത്തില്‍ ഒരു ടെന്‍ഷന്‍ ഉണ്ടാക്കുന്ന പോലെ.
പുയാപ്ല സല്‍കാരത്തിന്റെ സകല ഡീറ്റൈല്‍സും അറിയുന്ന ആളെന്ന നിലയില്‍ എന്റെ കല്യാണം കഴിഞ്ഞ ഒരാഴ്ച ജമീലാത്ത വീട്ടില്‍ സ്‌പെഷ്യല്‍ പോസ്റ്റിങിലായിരുന്നു.
സുബൈത്ത, സമീജ്ത്ത എന്നവര്‍ അസ്സിസ്റ്റന്റ്‌സ്. തുടര്‍ച്ചയായ പത്തു ദിവസങ്ങള്‍ പുതിയാപ്ലക്ക് ബിരിയാണി മാത്രേ കൊടുക്കാവൂ. ഇനി വേണ്ട എന്ന് മൂപ്പര്‍ പറയുന്ന അന്നാണ് മീന്‍ വിളമ്പാവൂ. പുതിയാപ്ലക്ക് വെറും ചായ കൊടുക്കൂല, പയം നെയ്യിട്ട് വാട്ടിയതും മുട്ട പൊരിച്ചതും.
രാവിലത്തെ നാസ്തക് ആട്ടിന്‍തല കുരുമുളകിട്ടത്, കരള്‍ വറ്റിച്ചത്, കോയി നിറച്ചത്, ബീഫ് സുക്ക, ഒറോട്ടി, നെയ്പത്തില്‍, ടയര്‍ പത്തിരി, ചോന്നരിന്റെ പുട്ട്, വെള്ളാപ്പം, കിണ്ണത്തില്‍ ഒയിച്ചേ, നീര്‍ ദോശ, നെയ് വച്ച ചപ്പാത്തി
പിന്നേ..
ഇടക്ക് ഉമ്മ ഇടപ്പെട്ടു.
നമ്മളെ പുതിയാപ്ലക് എണ്ണക്കടി അത്ര ഇഷ്ടായില്ലെങ്കിലോ. ഓരേ നാട്ടില് ഇതൊന്നും ഇല്ലല്ലൊ.. ഒര് പച്ചക്കറി സ്റ്റ്യൂ കൂടെ വച്ചാലോ?
അടുക്കളയിലെ പെണ്‍പടകള്‍ക്കിടയില്‍ നിന്ന് സമീജ്ത്ത ഓരേ നാട്ടില് ഇല്ലെങ്കിലെന്താ?
ആദ്യത്തെ ദിവസമൊന്നും പച്ചക്കറി കൊടുക്കൂല... കൊറവല്ലേ.. ബേണേല്‍ നമ്മക് കോയി സ്റ്റ്യൂ കൂടെ വെക്ക. തേങ്ങാപ്പാലും കുരുമുളകും സ്റ്റ്യൂ അല്ലെ?
ജമീലാത്ത കുളിച്ച് അഡിഷണല്‍ ഒരുക്കങ്ങളോടെ കേറിവന്നു.
നൂര്‍ജ... പുതിയാപ്ലക് 'ബദം കാച്ചി 'കൊടുക്കണം .
അടുക്കളയിലേക്ക് കേറിവന്ന ഞാന്‍ അമ്പരന്നു. ആകെ മൊത്തം ഫുഡ്. എന്തൊക്കെയോ ഐറ്റംസ്.
പക്ഷെ കുക്കിങ് ഗാങിന് ഒരു കൂസലുമില്ല.
എന്നെ കണ്ടപ്പോ മണിയറയില്‍ കൂട്ടുമ്പോ പാടിയ പാട്ട് പാടാന്‍ തുടങ്ങി
'തളിര്‍മുല്ല വിതാനിച്ച മണിയറയില്‍
പുതുനാരനണഞ്ഞിടും നിമിഷമതില്‍
ഈ അസുലഭ സുരഭില നിര്‍വൃതിയില്‍
പുതുനാരി പെണ്ണിന് രോമാഞ്ചം....'
അയ്യേ ഇവരെതൊക്കെയാ പാടുന്നേ. കൊറേ വയസായി എല്ലാത്തിനും. എന്നിട്ടാ രോമാഞ്ചം എന്നൊക്കെ പറയുന്നേ. മൂപ്പര്‍ കേട്ട എന്ത് വിചാരിക്കും നമ്മളെ നാടിനെ പറ്റി.
അടുക്കളയില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു.
ഒരിക്കല്‍ കോളജ് വിട്ട് വന്ന് മുറിയിലേക്കു കയറിയപ്പോള്‍ ജമീലത്ത അവിടെ ഇരുന്ന് മുറുക്കുന്നു.
ഇന്റെ കാതിലെന്താ കടുകുമണി?
കാതില..
ചെവി ഒന്ന് പിടിച്ചു നോക്കി..
ഹും! കാതില..
പണ്ട് നടക്കുന്ന പോലെ അല്ല. ഇപ്പൊ ഇന്റെ മങ്ങലം കയിഞ്ഞില്ലേ. ഇനി ഇങ്ങനെ ഒയിച്ചിട്ട് നടന്നാ പിയാപ്ലക്കാ കൊറച്ചില്. ഉപ്പ കൊറേ തന്നുകല്ലോ. അതെല്ലാം എന്തിന് ബച്ചതാ..
എന്നാ പിന്നെ ഞാന്‍ കോളജില്‍ പോകുമ്പോ അതെല്ലാം ഇട്ടിട്ട് പോകാ..
നീരസത്തോടെ ഞാന്‍ അടുക്കളയിലേക്ക് പോയി.
എന്ത് ചൊറയാ ഉമ്മ ഇവരെ കൊണ്ട്. ഫുള്‍ ടൈം ഇതെന്താ അതെന്താ.
അടുക്കളയില്‍ കക്കറൊട്ടി ഉരുട്ടുകയായിരുന്നു ഉമ്മ. നീ തിരിച്ചൊന്നും പറയണ്ടാട്ടാ.. ഓരു പാവാ. എല്ലാരേം സഹായിക്കും. മൂപ്പര്ക്ക് എല്ലാരും ഒരുങ്ങിനടക്കണം. അത്രേ ഉളളൂ...
ഞാന്‍ പറയും.. എനിക്കിഷ്ടമില്ലാത്ത പറഞ്ഞാ. ഞാന്‍ തിരിച്ചുപറയും
ഡൈനിങ് ഹാളിലെ മേശപ്പുറത്തേക് ഞാന്‍ ഇരുന്നു. മുറിയില്‍ നിന്ന് ജമീലത്ത നിസ്‌കാരം കഴിഞ്ഞ ഇറങ്ങിവന്നു.
എന്റെ മുഖത്തേക് നോക്കി. ഞാന്‍ വല്യ മൈന്‍ഡ് ചെയ്തില്ല.
അത് കൊണ്ടായിരിക്കണം ഉമ്മാനെ വിളിച്ച് അടുക്കളയിലേക് പോയി.
നൂര്‍ജാ.. ഇന്റെ മോളെ മങ്ങല കേസറ്റ് കണ്ടിറ്റ് (ഞാന്‍ ചെവി കൂര്‍പ്പിച്ചു)
ആഷിക്കിന്റെ ഓള്‍ പറയുന്നാ.. അള്ളോഹ്.. എന്തൊരു മൊഞ്ചുള്ള കണ്ണാ ഓക്ക്.
അറിയാതെ ഒരു ചിരി വിടര്‍ന്നു. ഓടിപ്പോയി കണ്ണാടി നോക്കി. തിരിച്ചു അടുക്കളയിലേക്കോടി.
ഉമ്മാ ജമീലത്ത ഏടെ?
ഓര് ഇപ്പൊ ഇറങ്ങി!
മൂത്തുമ്മാന്റെ വീടിന്റെ മുന്നിലൂടെ പോകുന്നു കറുത്ത പര്‍ദ്ദ.
ജമീലത്താ....
ഇങ്ങളെനിക് സുറുമ കൊണ്ടതരാന്ന് പറഞ്ഞില്ലേ അന്ന്. അതിട്ടാ കണ്ണെരിയോ?
* * *

പൊന്നിലും പെണ്ണിന്റെ മൊഞ്ചിലും ഭ്രമമുള്ള ജമീലത്ത.
നിസ്‌കാരപ്പായയില്‍ മാത്രമാണ് വെറ്റിലയുടെ ചുവപ്പ് കൊണ്ട് അലങ്കരിച്ച ചുണ്ടുകള്‍ വിളറി വെളുത്തതാവുന്നത്. നിസ്‌കാരത്തിന് മുന്‍പ് പേസ്റ്റ് ഇട്ട് നന്നായി പല്ലു തേക്കും. സോപ്പിട്ട് മുഖം കഴുകും. ലക്‌സ് സോപ്പിനോട് സെപ്ഷ്യല്‍ ഇഷ്ടമായിരുന്നു.
ഈ കഴുകലൊക്കെ കഴിയുമ്പഴേക്കും മുഖം ഒരു പാവം ജമീലാത്തന്റെ ആയി മാറും.
ഒരിക്കല്‍ നിസ്‌കാരപായയില്‍ ഇരുന്നപ്പോ കണ്ണ് നിറഞ്ഞിരിക്കുന്നു.
പെട്ടെന്ന് മുറിയിലേക്കു കയറിയ ഞാന്‍ എന്ത് പറ്റി എന്ന ഭാവത്തില്‍ നോക്കി..
എനിക്ക് പടച്ചോന്‍ ഒരു ആണ്‍തരിനെ തന്നില്ലല്ലോ. അന്റെ വിധി. ആര് ഇണ്ട് അനിക് ബയസ് ആകുമ്പോ തൊണ?
രണ്ട് കൈ കൊണ്ടും കണ്ണുകള്‍ പൊത്തി കട്ടിലിലേക്കു ചാഞ്ഞു.
മുറിയില്‍ നിന്ന് ഇറങ്ങിയ ഞാന്‍ ഉമ്മാന്റെ അടുത്തു ചെന്ന്.
ഉമ്മാ .. ഓര്‍ക്കെന്തിനാ ആന്തരിനെ തന്നെ വേണംന്.
പെണ്ണായ എന്താ?
അതിപ്പോ ഓര്‍ക്ക് ആരുമില്ലോ വയസാവുമ്പോ നോക്കാന്‍ ..
അയിന്? പെണ്ണായാ എന്താ..
ഉമ്മ ചിരിച്ചു
ഓരോരുത്തരുടെ ആഗ്രഹല്ലേ.
ഞങ്ങളുടെ സംസാരം കേട്ട് കൊണ്ട് ജമീലാത്ത കടന്ന് വന്നു.
നൂര്‍ജ .. അന്റെ ബല്യ പൂതി അതൊന്നുഅല്ല.
മക്കത്തിന്ന് മരിക്കണം.
റസൂലിന്റെ നാട്ടില്‍ നിന്ന് മരിക്കണം.
പൈസ ഉണ്ടോ പോകാന്‍?
ഞാന്‍ ചോദിച്ചു
ഞാന്‍ അന്റെ പണ്ടം ബിറ്റിട്ട് പോകും.
മനസില്‍ ചിരി അടക്കി ഞാന്‍ പുറത്തിറങ്ങി..
കുട്ടികള്‍ ഉണ്ടേല്‍ ഈ മൈക്അപ്പിനൊക്കെ ടൈം കിട്ടിയതന്നെ.
പിന്നെ മക്കയില്‍ പോവല്‍.. ഈ പൊന്നിനോടുള്ള ആക്രാന്തം കണ്ടാ തോന്നും അവിടെ എത്തിക്കുമെന്ന്!
കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ജമീലത്താന്റെ വിശേഷങ്ങള്‍ ഇടക്ക് ഫോണ്‍ ചെയുമ്പോള്‍ ഉമ്മ പറയും.
പിന്നീട് കുറച്ചു കാലം അതു കേള്‍ക്കാതെയായി.
എപ്പോഴോ ഉമ്മാനോട് ഞാന്‍ ചോദിച്ചു
ഉമ്മാ ജമീലത്താന്റെ ഹാല്‍ എന്താ?
ആ നീ അറിഞ്ഞില്ലേ..
നമ്മളെ ജമീലത്ത മരിച്ചു ..
പൊന്ന് മൊത്തം വിറ്റ് മൂപ്പര്‍ പോയി.
മക്കത്തു വച്ചാ മരിച്ചേ..
അന്നാദ്യമായി സുറുമ എഴുതാതെയും എന്റെ കണ്ണുകള്‍ നിറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീഡനക്കേസ്: ഇടവേള ബാബു അറസ്റ്റില്‍

Kerala
  •  3 months ago
No Image

ചില്ലറക്കാരല്ല ഹിസ്ബുല്ല;  ഇനിയുമൊരു യുദ്ധം താങ്ങുമോ ഇസ്‌റാഈലിന്? ഈ യുദ്ധം സയണിസ്റ്റ് രാജ്യത്തിന്റെ അന്തിമ നാശത്തിനോ

International
  •  3 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം?; സൂചന നല്‍കി മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

ഒടുവില്‍ വഴങ്ങി; എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖ് 'പരിധി' യിലുണ്ട്, ഫോൺ ഓണായെന്ന് റിപ്പോർട്ട്; ജാമ്യാപേക്ഷയിൽ തടസ്സ ഹരജിയുമായി സർക്കാർ സുപ്രിം കോടതിയിലേക്ക് 

Kerala
  •  3 months ago
No Image

അഭയം എവിടെ?; ഇസ്‌റാഈലിന്റെ ബോംബ് മഴക്ക് കീഴില്‍ സുരക്ഷിത താവളം തേടി ലബനാനിലും പതിനായിരങ്ങള്‍ തെരുവില്‍

International
  •  3 months ago
No Image

തുടര്‍ച്ചയായ മൂന്നാം നാളും റെക്കോര്‍ഡിട്ട് പൊന്ന്;  ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് വില ഏഴായിരം കടന്നു 

Business
  •  3 months ago
No Image

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധി തേടുന്നവരില്‍ ഉമര്‍ അബ്ദുല്ല ഉള്‍പെടെ പ്രമുഖര്‍ 

National
  •  3 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം; കമാന്‍ഡറുടെ മരണം സ്ഥീരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago