ചക്രക്കസേരയിലിരുന്ന് ജീവിതം നെയ്‌തെടുക്കുന്ന പെണ്‍കരുത്ത്
കാസിം വള്ളിക്കുന്നത്ത്
കൊപ്പം: ജീവിത യാത്രയിലെ പ്രതിബന്ധങ്ങളോട് സലാം പറയുകയാണ് കരിങ്ങനാട് പ്രഭാപുരം മുണ്ടക്കാട്ടുതൊടി ഹൈദ്രു കുഞ്ഞിമ്മ ദമ്പതികളുടെ മകള്‍ നൗഷിജ (29). ഒന്‍പതാം മാസത്തിലെടുത്ത പോളിയോ ജീവിതത്തിന്റെ നിറംകെടുത്തിയപ്പോള്‍ പൂക്കളോടും കിളികളോടും കഥപറയേണ്ട ബാല്യം വീല്‍ ചെയറിലായി. അരക്ക്താഴെ തളര്‍ന്ന് ഇരുപത്തേഴ് വര്‍ഷങ്ങള്‍ നിറമില്ലാതെ കടന്നുപോയി.
എന്നാല്‍ ജീവിതം നിരാശകളല്ല പ്രതീക്ഷകളാണെന്ന് മനസിലാക്കിയ നൗഷിജ ഭിന്നശേഷിയുള്ളവരുടെ പുനരധിവാസം ലക്ഷ്യമാക്കുന്ന ഒറ്റപ്പാലം ഹാന്‍ഡിക്രോപ്‌സില്‍ നിന്നും പേപ്പര്‍ വിത്തുപേനകള്‍ നിര്‍മാണത്തിന് പരിശീലനം നേടി ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിച്ചു. പ്രതിദിനം നൂറ്റിയമ്പതോളം പേനകള്‍ നിര്‍മിച്ച് നാനൂറ്റി അമ്പതോളം രൂപ വരുമാനമായി നൗഷിജയുടെ പോക്കറ്റിലെത്തുന്നു. റീഫില്‍ ഒഴികെ ബാക്കിയെല്ലാം പേപ്പറില്‍ നിര്‍മിക്കുന്ന ഈ പേനയില്‍ വിത്തുകൂടി ഉള്‍കൊള്ളുന്നതോടെ ഉപയോഗശേഷം വലിച്ചെറിയുമ്പോള്‍ മണ്ണില്‍ ലയിച്ച് ഒരു ചെടിയായി വളരുന്നു.
അന്‍പതിനായിരത്തിലധികം പേനകള്‍ ഈ ചെറിയ കാലയളവില്‍ നൗഷിജ നിര്‍മിച്ചു. പേപ്പര്‍ ബാഗ് നിര്‍മാണത്തിനുള്ള പരിശീലനം നേടാനും ഉദ്ധേശിക്കുന്നുണ്ട്. തനിക്ക് നഷ്ടമായ പഠനം വീണ്ടെടുക്കാനുള്ള പ്രയത്‌നത്തിലാണിപ്പോള്‍ നൗഷിജ. ചികിത്സകളുടെ തിരക്കിനിടയില്‍ പഠനത്തിന് സമയമുണ്ടായിരുന്നില്ല. എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് നൗജിഷ.
ചാലിശ്ശേി പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹായത്താല്‍ തന്റെ പഠനം മുന്നോട്ടുകൊണ്ടുപോവാനുള്ള പ്രയത്‌നത്തിലാണ് നൗഷിജ. എട്ട് രൂപ വിലയുള്ള പേപ്പര്‍ പേനയില്‍ പ്രിന്റിംങ് കൂടി ആവശ്യമുണ്ടെങ്കില്‍ ആ ചെലവടക്കം ഒന്‍പത് രൂപയാവും. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി സൗഹൃദ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറുമാസം മുമ്പ് വീല്‍ ചെയര്‍ ലഭിച്ചു. പേന കൊണ്ട് ജീവിതമെഴുതി തനിക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് നൗഷിജയുള്ളത്. അതിന്ന് അന്യസാധാരണമായ മനക്കരുത്ത് നൗഷിജക്ക് കരുത്താവും. പേപ്പര്‍ പേനകള്‍ ആവശ്യമുള്ളവര്‍ക്ക് 9747500948 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."