ട്രാഫിക് സംവിധാനത്തില്‍ അഴിച്ചുപണി വേണമെന്ന് ബസുടമസ്ഥ സംഘം
കാസര്‍കോട്: കാഞ്ഞങ്ങാട് പട്ടണത്തില്‍ ഗതാഗതകുരുക്ക് രൂക്ഷമായതിനെ തുടര്‍ന്നു ബസുകളുടെ ട്രിപ്പ് മുടങ്ങുകയാണെന്നും അടിയന്തിരമായി ട്രാഫിക് സംവിധാനത്തില്‍ അഴിച്ചുപണിവേണമെന്നും ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കലക്ടര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പരാതി നല്‍കി.
നഗരത്തില്‍ ശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കാരത്തിന്റെ അഭാവം മൂലം വാഹനങ്ങള്‍ ദീര്‍ഘനേരം നഗരത്തില്‍ കുടുങ്ങി കിടക്കുകയാണ്. കോട്ടച്ചേരി ട്രാഫിക് ജങ്ഷന്‍ മുതല്‍ സ്മൃതി മണ്ഡപം വരെ റോഡ് ഡിവൈഡറുകള്‍ ഉണ്ടെങ്കിലും നിര്‍മാണത്തിലെ അശാസ്ത്രീയതയും കേവലം 700 മീറ്റര്‍ ദൂരത്തില്‍ മെട്രോ സില്‍ക്‌സ്, ബസ് സ്റ്റാന്‍ഡ്, സിന്‍ഡിക്കേറ്റ് ബാങ്ക്, കൈലാസ് തിയറ്റര്‍ എന്നിവയുടെ മുന്‍വശത്ത് നാലു സ്ഥലങ്ങളിലായി ഓട്ടോറിക്ഷകള്‍, മോട്ടോര്‍ സൈക്കിളുകള്‍, കാറുകള്‍ തുടങ്ങിയ വാഹനങ്ങള്‍ തലങ്ങും വിലങ്ങും റോഡ് ക്രോസ് ചെയ്യുന്നത് ട്രാഫിക് തടസത്തിനു പ്രധാന കാരണമാകുന്നുവെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.
ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് കൃത്യസമയത്ത് യാത്ര തുടങ്ങേണ്ട സ്വകാര്യ ബസുകള്‍ക്ക് ഓടി എത്താന്‍ സാധിക്കാത്തതിനാല്‍ പലപ്പോഴും ട്രിപ്പ് മുടങ്ങേണ്ടി വരുന്നുണ്ട്. ഇതു യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബസുടമകള്‍ക്കും പ്രയാസമുണ്ടാക്കുന്നു.
സംസ്ഥാനത്തു തന്നെ ഏറ്റവും വീതിയുള്ള പട്ടണത്തിലൊന്നായ കാഞ്ഞങ്ങാട് വാഹനങ്ങളുടെ അലക്ഷ്യമായ പാര്‍ക്കിങും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കേവലം 700 മീറ്ററിനകത്ത് അഞ്ച് ഓട്ടോ പാര്‍ക്കിങ് ഏരിയയാണു നിലവിലുള്ളത്. റോഡ് വക്കിലൊതുക്കി ഓട്ടോ പാര്‍ക്ക് ചെയ്യുന്നതിനു പകരം മൂന്നു വരികളിലായി റിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."