വടക്കാഞ്ചേരി പീഡനക്കേസ് വ്യാജപരാതിയെന്ന് കണ്ടെത്തല്‍; അട്ടിമറിച്ചതെന്ന് അനില്‍ അക്കര എം.എല്‍.എ
എഫ്.ഐ.ആര്‍ തെറ്റാണെന്ന് കാണിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും ആഭ്യന്തര വകുപ്പ്
തൃശൂര്‍: സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെട്ട വിവാദമായ വടക്കാഞ്ചേരി പീഡനക്കേസില്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പുറത്ത്. ആരോപണം വ്യാജപരാതിയാണെന്നും തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായും ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി ഉന്നയിച്ച യുവതിയും ഭര്‍ത്താവും ആരോപിതനായ സി.പി.എം കൗണ്‍സിലര്‍ ജയന്തന് മൂന്നര ലക്ഷം രൂപ രേഖകളില്ലാതെ കടമായി നല്‍കിയിരുന്നു. ഇത് പലപ്പോഴായി ചോദിച്ചിട്ടും നല്‍കാത്തതും യുവതിയുടെ ഭര്‍ത്താവിന് നേരെയുണ്ടായ മര്‍ദനത്തിലുണ്ടായ വിരോധവുമാണ് പരാതിക്കു കാരണമെന്നാണ് കേസ് അന്വേഷിച്ച അന്നത്തെ വടക്കാഞ്ചേരി എ.സി.പി ജി.പൂങ്കുഴലി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേസില്‍ പ്രഥമ ദൃഷ്ട്യാ പോലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയെന്നും എഫ്.ഐ.ആര്‍ തെറ്റാണെന്ന് കാണിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
ഇതിനിടെ ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടിനെതിരേ അനില്‍ അക്കര എം.എല്‍.എ രംഗത്ത് വന്നു. ഈ കേസ് തുടക്കം മുതല്‍ അട്ടിമറിക്കാന്‍ പൊലിസ് ശ്രമിച്ചിരുന്നെന്ന് എം.എല്‍.എ ആരോപിച്ചു. പൊലിസിനെ വിശ്വസിക്കുന്നതിനേക്കാള്‍ ഈ കേസില്‍ ഇരയോടൊപ്പമാണ് തന്റെ നിലപാടെന്നും അനില്‍ വ്യക്തമാക്കി.2016ലാണ് പരാതിക്കടിസ്ഥാനമായ ആരോപണം ഉയര്‍ന്നത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തിയായിരുന്നു ആരോപണം ഉന്നയിച്ചത്. കൗണ്‍സിലര്‍ ജയന്തനെ സി.പി.എം സസ്‌പെന്റ് ചെയ്യുകയും ഇരയുടെ പേര് പരസ്യപ്പെടുത്തിയെന്ന ആക്ഷേപത്തില്‍ സി.പി.എം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരേ ദേശീയ വനിതാ കമ്മിഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു. കേസില്‍ നുണ പരിശോധന അടക്കം നടത്തിയിരുന്നു. നുണ പരിശോധനക്ക് പരാതിക്കാരി സമ്മതിക്കാതിരുന്നതും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."