ഇരുപത്തിരണ്ടാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം നാളെ മുതല്‍
കൊച്ചി: ഇരുപത്തിരണ്ടാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം നാളെമുതല്‍ 11 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇത്തവണ മുന്നൂറിലേറെ പ്രസാധകര്‍, ഇരുന്നൂറിലധികം എഴുത്തുകാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്തുലക്ഷത്തിലധികം പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. പെന്‍ഗിന്‍ ബുക്ക്‌സ്, പാന്‍ മാക് മില്ലന്‍, എന്‍.ബി.ടി, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍, ചൗക്കമ്പ വാരണാസി, ഗ്രോളിയര്‍, ഡി.സി ബുക്‌സ്, കേന്ദ്രസാഹിത്യ അക്കാദമി, ഐ.സി.എച്ച്.ആര്‍, ഐ.സി.പി.ആര്‍, ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ സെന്റര്‍, ലളിതകലാ അക്കാദമി, കേരള സാഹിത്യഅക്കാദമി തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ പവലിയനുകള്‍, മാധ്യമസ്റ്റാളുകള്‍ തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടാകും.
നവംബര്‍ 3ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ പത്തോളം വൈസ് ചാന്‍സലര്‍മാരും നിരവധി പ്രിന്‍സിപ്പല്‍മാരും പങ്കെടുക്കും.
പത്രപ്രവര്‍ത്തകയായിരുന്ന ലീല മേനോന്റെ പേരിലുള്ള മാധ്യമ പുരസ്‌കാരം അഞ്ചിന് സുപ്രഭാതം മലപ്പുറം യൂനിറ്റിലെ സബ് എഡിറ്റര്‍ ഗീതു തമ്പിയ്ക്ക് സമ്മാനിക്കും.
നവംബര്‍ 7 മുതല്‍ 11 വരെ കൊച്ചി സാഹിത്യോത്സവം 3 വേദികളിലായി നടക്കും. ഇരുന്നൂറോളം സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ പതിനൊന്നോളം ഭാഷകളില്‍ നിന്നുള്ള എഴുത്തുകാര്‍ പങ്കെടുക്കും.
പുസ്തകോത്സവം ചെയര്‍മാന്‍ ഡോ.എം.സി ദിലീപ്കുമാര്‍, അഡ്വ.എം. ശശിശങ്കര്‍, ഇ.എം ഹരിദാസ്, ഡോ.ഗോപിനാഥ് പനങ്ങാട്, ജി.കെ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."