രാമന് ജനിച്ചത് ബാബരി ഭൂമിയിലാണെന്നതിന് തെളിവില്ലെന്ന് സുന്നി വഖ്ഫ് ബോര്‍ഡ്
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമന് ജനിച്ചത് ബാബരി മസ്ജിദ് നിലനിന്നിരുന്ന അതേ സ്ഥലത്താണെന്നതിന് ചരിത്രത്തിലോ പുരാണത്തിലോ ഒരുതരത്തിലുള്ള തെളിവുകളുമില്ലെന്ന് സുന്നിവഖ്ഫ് ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷകന് രാജീവ് ധവാന്. ബാബരി ഭൂമി തര്‍ക്ക കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുന്‍പാകെ വാദിക്കുകയായിരുന്നു രാജീവ് ധവാന്.
രാമന് അയോധ്യയില്‍ ജനിച്ചുവെന്ന് മാത്രമാണ് ഐതിഹ്യത്തിലുള്ളത്. അത് അയോധ്യയില്‍ എവിടെയാണെന്ന് പറയുന്നില്ല. രാമന്റെ ജന്മസ്ഥാനമാണെന്ന് അവകാശപ്പെടുന്ന കുറഞ്ഞത് മൂന്ന് സ്ഥലങ്ങളെങ്കിലും അയോധ്യയിലുണ്ടെന്നും രാജീവ് ധവാന് ചൂണ്ടിക്കാട്ടി.
വിഗ്രഹം അവിടെ സ്വയംഭൂവായി, അതിനാല്‍ രാമനാണ് ഈ സ്ഥലത്തിന്റെ അവകാശി എന്നതെല്ലാം വര്‍ഗീയ കലാപമുണ്ടാക്കാന്‍ കെട്ടിച്ചമച്ചതാണ്. ഇതിന്റെ പേരില്‍ രാമനെ കേസിലെ കക്ഷിയായി അംഗീകരിക്കാനും കഴിയില്ലെന്നും രാജീവ് ധവാന് വാദിച്ചു. രാമന് ജനിച്ചത് അവിടെയാണെന്ന വിശ്വാസം തന്നെ ഇത്തരത്തിലുള്ള അവകാശവാദത്തിന് മതിയാവില്ലെയെന്ന ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളിലൊരാളായ ജസ്റ്റിസ് അശോക് ഭൂഷണ് ചോദിച്ചു.
കൈലാസം പോലെ ഒരു വിശ്വാസം മാത്രമാണ് അയോധ്യയും. അവിടെ രാമന് ജനിച്ചുവെന്നത് വിശ്വാസമാവുമ്പോള് ബാബരി പള്ളിയില്‍ അവിടെ നിസ്കാരം നടന്നിരുന്നുവെന്നത് ഒരേ സമയം വിശ്വാസവും ചരിത്രവസ്തുതയുമാണ്. പള്ളിയുടെ തൂണുകളില്‍ അമ്പലത്തിലേത് പോലെയുള്ള ദൈവങ്ങളുടെ ശില്പങ്ങളുണ്ടായിരുന്നില്ല. അത് ബാബരി പള്ളി അമ്പലമായിരുന്നു എന്നതിന് തെളിവാണ് എന്ന വാദം ശരിയല്ല. അതിന്റെ രൂപം എന്നാലത് അമ്പലങ്ങളിലെ പോലെയുള്ളതല്ല. ഏതെങ്കിലും ഹിന്ദു ദൈവത്തെ പ്രതിനിധീകരിക്കുന്നതുമല്ല. മുസ്ലിംകള് മാത്രമല്ല പള്ളികള്‍ പണിയുന്ന ജോലിക്കാര്‍. താജ് മഹലിന്റെ പണിക്കാര് മുസ്ലിംകള് മാത്രമായിരുന്നില്ല- ധവാന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."