'മരിച്ച'യാള്‍ തിരിച്ചെത്തി; പുലിവാലു പിടിച്ച് പൊലിസ്
പുല്‍പ്പള്ളി: മരിച്ചെന്ന് കരുതി രണ്ടാഴ്ച മുന്‍പ് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ച ആള്‍ തിരിച്ചെത്തി. പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാംകുന്നേല്‍ മത്തായിയുടെയും ഫിലോമിനയുടെയും മകന്‍ സജി(49)യാണ് ബന്ധുക്കളെയും നാട്ടുകാരെയും അന്ധാളിപ്പിലാക്കി വീട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ നിന്ന് ജോലിക്കെന്ന് പറഞ്ഞ് പോയ സജിയെപ്പറ്റി വീട്ടുകാര്‍ക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ ഒക്ടോബര്‍ 13ന് കര്‍ണാടകയിലെ എച്ച്.ഡി കോട്ട വനാതിര്‍ത്തിയില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സജിയുടെ മാതാവ് ഫിലോമിനയും സഹോദരന്‍ ജിനേഷും മൃതദേഹം സജിയുടേതാണെന്ന് തിരിച്ചറിഞ്ഞ് പൊലിസ് നടപടിക്രമങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 16ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. രണ്ടാഴ്ചക്ക് ശേഷം സജി വീട്ടിലെത്തിയപ്പോഴാണ് പറ്റിയ അബദ്ധം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മനസിലായത്.
സജി ഇന്നലെ മുതല്‍ പുല്‍പ്പള്ളി പൊലിസ് സ്റ്റേഷനിലാണ്. ഭൂമി തട്ടിയെടുക്കുന്നതിന് ബന്ധുക്കള്‍ താന്‍ മരിച്ചതായി ചിത്രീകരിക്കുകയായിരുന്നുവെന്ന് സജി പറയുന്നു. എന്നാല്‍ തെറ്റിദ്ധാരണ മൂലമാണ് മൃതദേഹം മാറി ഏറ്റെടുത്ത് സംസ്‌കരിച്ചതെന്നാണ് ബന്ധുക്കളുടെ വാദം. ഒക്ടോബര്‍ 13ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അജ്ഞാത മൃതദേഹം എത്തിച്ചിരുന്നു. തുടര്‍ന്ന് കര്‍ണാടകയിലെ ബൈരക്കുപ്പ പൊലിസും പുല്‍പ്പള്ളി പൊലിസും മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു പരാതി പറയാനായി പുല്‍പ്പള്ളി സ്‌റ്റേഷനിലെത്തിയപ്പോഴാണ് സജിയുടെ സഹോദരന്‍ ജിനേഷ് അജ്ഞാത മൃതദേഹത്തെക്കുറിച്ചറിയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്നു പോയ സഹോദരനെ കുറിച്ച് പൊലിസിനോടും പറഞ്ഞു.
പൊലിസിന്റെ നിര്‍ദേശമനുസരിച്ച് ജിനേഷും മാതാവ് ഫിലോമിനയും മോര്‍ച്ചറിയിലെത്തിയിരുന്നു. അഴുകിയ മൃതദേഹത്തിന്റെ പരിസരത്ത് നിന്നു ലഭിച്ച ചെരുപ്പിന്റെയും മറ്റും അടയാളങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ച് അത് സജിയുടെ മൃതദേഹമാണെന്ന് ഇവര്‍ ഉറപ്പിക്കുകയായിരുന്നു. ഒടിഞ്ഞ കാലിന് കമ്പിയിട്ട നിലയിലായിരുന്നു മൃതദേഹം. സജിയുടെ ഒടിഞ്ഞ കാലിനും കമ്പി ഇട്ടിരുന്നു. ഇതോടെ മൃതദേഹം സജിയുടേതാണെന്ന് ഉറപ്പിക്കുകയും മരണ സര്‍ട്ടിഫിക്കറ്റടക്കം ബന്ധുക്കള്‍ക്ക് നല്‍കുകയുമായിരുന്നു. ഒക്ടോബര്‍ 16ന് മൃതദേഹം ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ മതാചാര ചടങ്ങുകളോടെ സംസ്‌കരിക്കുകയും ചെയ്തു.
ഒരു ബന്ധുവിനെ ഇതിനിടെ കണ്ടുമുട്ടിയ സജി താന്‍ മരിച്ചെന്ന് കരുതി ബന്ധുക്കള്‍ സംസ്‌കരിച്ച വാര്‍ത്ത അറിഞ്ഞാണ് പുല്‍പ്പള്ളിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. കണ്ണൂരിലും മറ്റും കൂലിപ്പണിയെടുത്ത് കഴിഞ്ഞ് വരികയായിരുന്നു ഇയാള്‍.
സംഭവത്തെ തുടര്‍ന്ന് പുല്‍പ്പള്ളി പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംസ്‌കരിച്ച മൃതദേഹത്തിന്റെ യഥാര്‍ഥ അവകാശികളെ കണ്ടെത്തണമെങ്കില്‍ കര്‍ണാടക പൊലിസിന്റെ സഹായം ആവശ്യമാണ്. സജിയുടെ പരാതിയിലും അന്വേഷണം നടത്തണം. ഇതോടെ പുലിവാലു പിടിച്ചത് പൊലിസാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."