പാലാരിവട്ടം പാലം 'തകര്‍ച്ചയ്ക്ക് കാരണം എന്‍ജിനീയര്‍മാരുടെ ധാര്‍മികതയില്ലായ്മ'
കോഴിക്കോട്: എന്‍ജിനീയര്‍മാര്‍ ജോലിയിലെ ധാര്‍മികത കാണിക്കാത്തതിന്റെ തെളിവാണ് പാലാരിവട്ടത്തും കൊല്‍ക്കത്തയിലും കണ്ടതെന്ന് ഇ. ശ്രീധരന്‍.
യു.എല്‍ സൈബര്‍ പാര്‍ക്കില്‍ നടന്ന എന്‍ജിനീയേഴ്‌സ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാര്‍മികതയും മൂല്യവും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിനീയര്‍മാരെയാണ് രാജ്യത്തിന് ആവശ്യം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച പാലാരിവട്ടം പാലം, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ തകര്‍ന്ന പാലങ്ങളും ഈ മൂല്യങ്ങളുടെ അഭാവത്തിന്റെ പരിണിതഫലമാണ്. രാജ്യത്ത് എന്‍ജിനീയര്‍മാരുടെ ഗുണനിലവാരം അളക്കുന്നതിനുള്ള യാതൊരു സംവിധാനവും നിലവിലില്ല. കോളജുകളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ നേരെ ഫീല്‍ഡിലേക്ക് പോകുകയാണ്. അമേരിക്ക പോലുള്ള വിദേശരാജ്യങ്ങളില്‍ ഇങ്ങനെയല്ല. കൃത്യമായ ചട്ടങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം. നമ്മുടെ നാട്ടിലും ഗുണനിലവാരം ഉറപ്പുവരുത്തിയിട്ട് മാത്രമേ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കാവൂ.
സാങ്കേതിക വകുപ്പുകളിലെ ഉന്നതസ്ഥാനങ്ങളില്‍ സാങ്കേതിക വിദഗ്ധര്‍ വരണം. അത് വകുപ്പിനെ കൂടുതല്‍ കാര്യക്ഷമമാക്കും. ഇക്കാര്യത്തില്‍ നമ്മള്‍ തമിഴ്‌നാടിനെ മാതൃകയാക്കണം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണയാക പങ്ക് വഹിക്കുന്നവരാണ് എന്‍ജിനീയര്‍മാര്‍. 20 ശതമാനം എന്‍ജിനീയര്‍മാരെ മാത്രമേ നമുക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നുള്ളൂവെന്നാണ് അടുത്തിടെ നടന്ന സര്‍വേയില്‍ വ്യക്തമാകുന്നത്. പരിശീലനവും നിര്‍ദേശങ്ങളും നല്‍കിയാല്‍ 30 ശതമാനത്തെ കൂടി ഈ ഗണത്തില്‍പ്പെടുത്താം. എന്നാല്‍, 50 ശതമാനം ഈ ജോലിക്ക് യോഗ്യരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.ഇ.ഐ കോഴിക്കോട് സെന്റര്‍ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന എന്‍ജിനീയര്‍ ഡോ. എ. അച്യുതനെ ചടങ്ങില്‍ ആദരിച്ചു. യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, സി.ഇ.ഒ രവീന്ദ്രന്‍ കസ്തൂരി, സി.ജി.എം രോഹന്‍ പ്രഭാകര്‍, എജ്യുക്കേഷന്‍ ഡയരക്ടര്‍ ഡോ. ടി.പി സേതുമാധവന്‍, സി. ജയറാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."