മലബാര്‍ റിവര്‍ ടൂറിസം: കുപ്പത്ത് പരിശോധന നടത്തി
തളിപ്പറമ്പ്: മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി കുപ്പം പുഴയോരത്തും അനുബന്ധ സ്ഥലങ്ങളിലും വിദഗ്ധസംഘം പരിശോധന നടത്തി. പദ്ധതിയില്‍ ഉള്‍പ്പെടുന്ന അഞ്ചോളം സ്ഥലങ്ങളിലാണ് ഇന്നലെ അവസാനഘട്ട പരിശോധന നടത്തിയത്. കുപ്പത്ത് ദേശീയപാതയോട് ചേര്‍ന്ന് പുഴയോരത്ത് തളിപ്പറമ്പ് നഗരസഭയുടെ കൈവശമുള്ള ഭൂമിയിലാണ് 2.11 കോടി രൂപാ ചെലവില്‍ മേജര്‍ ബോട്ടുജെട്ടിയും ഏറുമാടവും നടപ്പാതയും പാര്‍ക്കിങ് ഏരിയയും നിര്‍മിക്കുന്നത്.
ഇതിനോടൊപ്പം തന്നെ കാട്ടാമ്പള്ളി, മംഗലശ്ശേരി, കോട്ടക്കീല്‍, ഏഴോം തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തി. പുഴകള്‍ക്കോ മറ്റ് പ്രകൃതിസമ്പത്തിനോ യാതൊരു കോട്ടവും തട്ടാതെ 'സീറോ വെയ്സ്റ്റ് മാനേജ്‌മെന്റ്' രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ എട്ട് നദികളെ ബന്ധിപ്പിച്ചാണ് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ കുപ്പത്തെയും വളപട്ടണത്തെയും ബന്ധിപ്പിച്ച് പ്രധാനമന്ത്രി സ്വദേശി ദര്‍ശന്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്ക് 80 കോടി രൂപയാണ് ആകെ അനുവദിച്ചത്.
ടൂറിസം ജോ. ഡയരക്ടര്‍ സി.എന്‍ അനിതാകുമാരി, എന്‍ജിനീയര്‍ ഐ.വി സുശീല്‍, ആര്‍ക്കിടെക്ട് ടി.വി മധുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥല പരിശോധന നടത്തിയത്. തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം, സെക്രട്ടറി കെ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."