മരട്: സുപ്രിംകോടതി അനുവദിച്ച സമയം നാളെ അവസാനിക്കും; താമസക്കാര്‍ ആശങ്കയില്‍
കൊച്ചി: മരട് നഗരസഭയില്‍ തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കുന്നതിന് സുപ്രിംകോടതി അനുവദിച്ച സമയം നാളെ അവസാനിക്കും.
രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്ന് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന സൂചനകളും അനുകൂലമല്ലാതായതോടെ ഇവിടുത്തെ താമസക്കാര്‍ ആശങ്കയിലായിരിക്കുകയാണ്.
ഫ്‌ളാറ്റ് വിഷയത്തില്‍ ഭരണകക്ഷിയിലടക്കം സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം ആശയ ഭിന്നതയും രൂപപ്പെട്ടിട്ടുണ്ട്. ഭരണമുന്നണിയിലെ സഖ്യകക്ഷികള്‍ രണ്ടുതട്ടിലാണ്. നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ക്ക് മുന്‍പേ താമസക്കാര്‍ക്ക് കൈമാറിയ ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ മരടിലെ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ നെട്ടൂരിലുള്ള ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട സമുച്ചയം,ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സിന്റെ നെട്ടൂര്‍ കേട്ടേഴത്ത് കടവിലുള്ള ജെയിന്‍ കോറല്‍, ഹോളിഡേ ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്ത ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റ് സമുച്ഛയങ്ങള്‍ 20നകം പൊളിച്ചുനീക്കി 23ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രിംകോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിക്കണമെന്ന് ആവശ്യപ്പെട്ട് മരട് നിവാസി സമര്‍പ്പിച്ച ഹരജിയും കോടതി പരിഗണിക്കാതായതോടെ താമസക്കാര്‍ കടുത്ത ആശങ്കയിലായി.
23ന് കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ആശങ്ക. അതേസമയം, ഫ്‌ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നത് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗം ചേര്‍ന്നെങ്കിലും ഭരണ, പ്രതിപക്ഷ മുന്നണികളിലെ പ്രമുഖ പാര്‍ട്ടികളിലെല്ലാം ഈ വിഷയത്തില്‍ വിരുദ്ധചേരികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഭരണമുന്നണിയെ നയിക്കുന്ന സി.പി.എമ്മിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ വി.എസ് അച്യുതാനന്ദന്‍ കോടതി വിധി നടപ്പാക്കണമെന്ന് പരസ്യ നിലപാടെടുത്തപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുതിര്‍ന്ന നേതാവായ പി.കെ ശ്രീമതി തുടങ്ങിയവര്‍ ഫ്‌ളാറ്റില്‍ നേരിട്ടെത്തി താമസക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളില്‍ സി.പി.എമ്മിനെ എല്ലാ വിഷയത്തിലും ശക്തമായി ന്യായീകരിക്കാറുള്ള സൈബര്‍ പോരാളികള്‍ ഈ വിഷയത്തില്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സൈബര്‍ സഖാക്കള്‍ പരസ്യമായി രംഗത്തെത്തിയത് പാര്‍ട്ടിക്ക് തലവേദനയായിട്ടുമുണ്ട്.
ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ കോടതി വിധി നടപ്പാക്കണമെന്ന കര്‍ശന നിലപാടിലാണ്. മരട് നഗരസഭയിലെ സി.പി.ഐയുടെ ഏക അംഗം മുതല്‍ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്‍ വരെയുള്ളവര്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടാണ്. പ്രതിപക്ഷത്ത് മുഖ്യ കക്ഷിയായ കോണ്‍ഗ്രസിലും ഈ വിഷയത്തില്‍ രണ്ടഭിപ്രായമാണ് നിലനില്‍ക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഫ്‌ളാറ്റുകളിലെ താമസക്കാര്‍ക്ക് പിന്തുണയുമായി എത്തിയപ്പോള്‍ വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള വിഭാഗം കോടതിവിധി നടപ്പാക്കണമെന്ന നിലപാടിലാണ്. ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് അനുകൂലമായി സംസ്ഥാനത്തെ എം.പി മാരില്‍നിന്ന് എറണാകുളം എം.പി ഹൈബി ഈഡന്‍ ഒപ്പുശേഖരണം നടത്തിയപ്പോള്‍ ടി.എന്‍ പ്രതാപന്‍ എം.പി വിട്ടുനിന്നതും ചര്‍ച്ചയായി.
യു.ഡി.എഫ് ഘടകകക്ഷിയായ ആര്‍.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രനും നിവേദനത്തില്‍ ഒപ്പുവയ്ക്കാന്‍ തയാറായില്ല. ഫ്‌ളാറ്റ് വിഷയത്തില്‍ അണികള്‍ക്കിടയിലും ആശയഭിന്നത ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."