സഊദി വല്‍ക്കരണത്തിലും മൂല്യവര്‍ധിത നികുതിയിലും ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിക്കുമെന്നു സൂചന
റിയാദ്: സഊദി വല്‍ക്കരണവും മറ്റു നിയമങ്ങളും ശക്തമാക്കി നടപ്പാക്കുന്നതിനിടെ വിദേശികള്‍ക്ക് ആശ്വാസമായി പുതിയ നീക്കം. സഊദി വല്‍ക്കരണത്തിലും മൂല്യവര്‍ധിത നികുതിയിലും രാജ്യത്തെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിവിധ മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ വകുപ്പുകളുമായും സഹകരിച്ച് ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി ഇതേക്കുറിച്ച് പഠനം ആരംഭിച്ചു കഴിഞ്ഞതായാണ് വാര്‍ത്തകള്‍.
സ്ഥാപനങ്ങള്‍ക്ക് നിശ്ചിത കാലത്തേക്ക് സഊദി വല്‍ക്കരണത്തിന്റേയും മൂല്യവര്‍ധിത നികുതിയുടേയും കാര്യത്തില്‍ ഇളവ് നല്‍കുന്ന കാര്യമാണ് പഠന വിധേയമാക്കുന്നത്. ഇക്കാര്യത്തില്‍ പഠന ശേഷം ചെറുകിട, ഇടത്തരം സ്ഥാപന നയം വൈകാതെ പ്രഖ്യാപിക്കുമെന്ന് അതോറിറ്റി ഡെപ്യൂട്ടി ഗവര്‍ണര്‍ സുഫാന ദഹ്‌ലാന്‍ പറഞ്ഞു. രാജ്യത്തെ സ്വകാര്യ മേഖലയില്‍ 99.2 ശതമാനവും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണെന്നും മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ 22 ശതമാനം പങ്കുവഹിക്കുന്നത് ചെറുകിട, ഇടത്തരം മേഖലയാണെന്നും തന്ത്രപ്രധാന, പങ്കാളിത്ത കാര്യങ്ങള്‍ക്കുള്ള അതോറിറ്റി ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. അബ്ദുല്ല അല്‍സ്വഗീര്‍ പറഞ്ഞു.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് വായ്പകള്‍ നല്‍കുന്നതിനുള്ള ദേശീയ നയത്തിന് അതോറിറ്റി രൂപം നല്‍കിയിട്ടുണ്ട്. വാണിജ്യ ബാങ്കുകള്‍ വഴി ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള വായ്പ രണ്ടു ശതമാനത്തില്‍നിന്ന് 20 ശതമാനമായി ഉയര്‍ത്തും. വിഷന്‍ 2030 പദ്ധതിയുടെ പശ്ചാത്തലത്തില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ചെറുകിട, ഇടത്തരം മേഖലയുടെ പങ്ക് 22 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും ഡോ. അബ്ദുല്ല അല്‍സ്വഗീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."