ഹജ്ജ് കമ്മിറ്റിക്ക് ശേഷം ആവശ്യപ്പെടാതെ ബോര്‍ഡ് അംഗത്വവും: അവഹേളിക്കാനെന്ന് ഐ.എന്‍.എല്‍
കോഴിക്കോട്: ഹജ്ജ് കമ്മിറ്റി അംഗമായി നേതൃത്വം അറിയാതെ ഐ.എന്‍.എല്‍ അംഗത്തെ നോമിനേറ്റ് ചെയ്തതിനു പിന്നാലെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിക്കും 'ആവശ്യപ്പെടാതെ' സ്ഥാനം നല്‍കി സി.പി.എം. മുതിര്‍ന്ന നേതാവിന് സി.പി.എം കനിഞ്ഞു നല്‍കിയ സ്ഥാനം സ്വീകരിക്കില്ലെന്ന നിലപാടില്‍ നേതാവും പാര്‍ട്ടിയും. മുന്നണിയിലേക്ക് ഇനിയും അടുപ്പിക്കാത്ത ഐ.എന്‍.എല്ലിന് സി.പി.എം നേതൃത്വം എറിഞ്ഞുകൊടുക്കുന്ന സ്ഥാനങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.
സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡിലെ സാധാരണ അംഗമായിട്ടാണ് ഐ.എന്‍.എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലിനെ നിയോഗിച്ചിരിക്കുന്നത്. ഐ.എന്‍.എല്‍ നേതാവിന് സി.പി.എം നല്‍കിയ ഈ സ്ഥാനം ഐ.എന്‍.എല്ലോ ദേവര്‍കോവിലോ അറിഞ്ഞിരുന്നില്ല. നേരത്തെ ഹജ്ജ് കമ്മിറ്റി അംഗമായി പാര്‍ട്ടിയുടെ കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ സുലൈഖയെ നോമിനേറ്റ് ചെയ്തതും പാര്‍ട്ടിയോ അംഗമോ അറിഞ്ഞിട്ടായിരുന്നില്ല. സി.പി.എം നേതൃത്വം അവര്‍ക്ക് താല്‍പര്യമുള്ളതു പോലെ സ്ഥാനങ്ങള്‍ ദാനം ചെയ്യുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരു വിഭാഗം വ്യക്തമാക്കുമ്പോഴാണ് പുതിയ സ്ഥാനം അഖിലേന്ത്യാ നേതാവിന് തന്നെ നല്‍കി ചെറുതാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. സ്ഥാനം സ്വീകരിക്കില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെഅപ്രസക്തമായ മദ്‌റസാ ക്ഷേമനിധി ബോര്‍ഡിലേക്ക് അഹമ്മദ് ദേവര്‍കോവിലിനെ അദ്ദേഹത്തിന്റെ പോലും അറിവില്ലാതെ നോമിനേറ്റ് ചെയ്തിരിക്കുന്നത് അവഹേളിക്കാനാണെന്നും ഇതിനു പിന്നില്‍ പാര്‍ട്ടിയിലെ ചിലരുടെ ഇടപെടലുണ്ടെന്നുമാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.
കോഴിക്കോട്ടെ സി.പി.എം സഹയാത്രികന്‍ കൂടിയായ എം.പി ഗഫൂറാണ് പുതുതായി രൂപീകരിച്ച മദ്‌റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍. മറ്റ് അംഗങ്ങളില്‍ ഭൂരിപക്ഷവും കോഴിക്കോട്ടെ സി.പി.എം പ്രാദേശിക നേതാക്കളാണ്. ഐ.എന്‍.എല്ലിന്റെ പ്രതിനിധിയായിട്ടാണ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."