ലൈലത്തുല്‍ ഖദ്ര്
വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചതു ലൈലത്തുല്‍ ഖദ്റിലാണ്. മഹത്വം നിറഞ്ഞ രാത്രി, വിധി നിര്‍ണയത്തിന്റെ രാത്രി എന്നാണ് അതിന്റെ അര്‍ഥം. 'നിശ്ചയം പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചതു ലൈലത്തുല്‍ ഖദറിന്റെ രാത്രിയിലാണ്. ലൈലത്തുല്‍ ഖദ്ര് എന്താണെന്നതു നബിയെ താങ്കള്‍ക്കറിയുമോ? ലൈലത്തുല്‍ ഖദ്ര് ആയിരം മാസത്തേക്കാള്‍ ശ്രേഷ്ടമാണ്. മലക്കുകളും പ്രത്യേകിച്ചു ജിബ്രീലും അവരുടെ നാഥന്റെ അനുമതിയോടെ ആ വര്‍ഷത്തില്‍ അല്ലാഹു നിശ്ചയിച്ച മുഴുവന്‍ കാര്യങ്ങളുമായി ഭൂമിയിലേക്കിറങ്ങി വരും. പ്രഭാതോദയം വരെ ആ രാത്രി സമാധാനമാണ് ' (വിശുദ്ധ ഖുര്‍ആന്‍-97).
ലൈലത്തുല്‍ ഖദ്ര് അനുഗ്രഹീത രാത്രിയാണെന്ന് അല്ലാഹു പറയുന്നു. അന്നാണ് ഖുര്‍ആന്‍ ഒന്നിച്ചു ലൗഹുല്‍ മഹ്ഫൂളില്‍നിന്ന് ഒന്നാനാകാശത്തിലെ ബൈത്തുല്‍ ഇസ്വ എന്ന പവിത്ര കേന്ദ്രത്തിലേക്ക് അവതരിപ്പിച്ചത്. പിന്നീട് അവിടെനിന്നു സന്ദര്‍ഭോചിതമായി വിവിധ ഘട്ടങ്ങളില്‍ 23 കൊല്ലങ്ങളിലായി നബി(സ) തങ്ങള്‍ക്ക് അവതരിപ്പിച്ചുകൊടുത്തു(ഇബ്നു കസീര്‍). പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാനുശ്ശരീഫെന്നു ഖുര്‍ആന്‍ പറഞ്ഞിട്ടുമുണ്ട് (അല്‍ ബഖറ: 185). ആയിശ(റ)വില്‍ നിന്ന് നിവേദനം. റമളാനിലെ അവസാനത്തെ പത്തില്‍ ഒറ്റയിട്ട രാത്രി നിങ്ങള്‍ ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിക്കുക(ബുഖാരി). ഇബ്നു അബ്ബാസ്(റ)നിവേദനവും.
നബി(സ)പറഞ്ഞു: 'നിങ്ങള്‍ ലൈലത്തുല്‍ ഖദ്റിനെ റമദാനിലെ അവസാനത്തെ പത്തില്‍നിന്നു ശേഷിക്കുന്ന ഒന്‍പതിലോ ഏഴിലോ പ്രതീക്ഷിക്കുക' (ബുഖാരി). ലൈലത്തുല്‍ ഖദ്ര് റമദാനിലെ ഒറ്റപ്പെട്ട രാവുകളിലാണെന്നു പറഞ്ഞതില്‍ എല്ലാ രാത്രികളിലും അതിന്റെ പുണ്യം ആഗ്രഹിച്ചുകൊണ്ട് പ്രാര്‍ഥനകളില്‍ മുഴുകാന്‍ വേണ്ടിയാണ്. ആയിശ(റ)നിന്നു നിവേദനം: 'ഞാന്‍ നബി (സ)യോട് പറഞ്ഞു. നബിയേ ലൈലത്തുല്‍ ഖദ്ര് ഏതു രാത്രിയാണെന്നു ഞാനറിഞ്ഞാല്‍ അപ്പോള്‍ എന്താണുപറയേണ്ടത്. അപ്പോള്‍ നബി(സ)പറഞ്ഞു. അല്ലാഹുവേ നീ ഏറ്റവും വിട്ടുവീഴ്ച ചെയ്യുന്നവനാണ്. അതിനാല്‍ എനിക്ക് നീ വിട്ടുവീഴ്ച ചെയ്യേണമേ എന്ന് പറയുക ' (ഇബ്നു മാജ, തുര്‍മുദി).
റമദാന് വിടപറയുന്ന ദിവസങ്ങളില്‍ നബി(സ) രണ്ടു കാലുകള്‍ നീരുകെട്ടി വീര്‍ക്കുന്നതുവരെ നിന്നു നിസ്കരിച്ചിരുന്നുവെന്നു ഹദീസുകളിലുണ്ട്. സിറുബ്നു ഹുബൈഷില്നിന്നു നിവേദനം: അദ്ദേഹം പറയുന്നു- 'ഉബൈയ്യുബ്നു കഅ്ബ് (റ)വിനോട് ഞാന്‍ ചോദിച്ചു. നിങ്ങളുടെ സഹോദരന് ഇബ്നു മസ്ഊ(റ)പറയുന്നു. കൊല്ലം മുഴുവനും നിന്നു നിസ്കരിച്ചാല്‍ അവന് ലൈലത്തുല്‍ ഖദ്റിനെ എത്തിക്കും എന്ന്. അപ്പോള്‍ ഉബൈയ്യുബ്നു കഅ്ബ്(റ)പറഞ്ഞു. അദ്ദേഹത്തിന് അല്ലാഹു റഹ്മത്ത് ചെയ്യട്ടെ. അദ്ദേഹം ഉദ്ദേശിച്ചതു ജനങ്ങള്‍ അതു മാത്രം കരുതി ഇരിക്കാതിരിക്കാന്‍ വേണ്ടിയാണ്. എന്നാല്‍, നിങ്ങള്‍ അറിയണം. നിശ്ചയം അതു റമദാനിലാണ്. നിശ്ചയം റമദാനില്‍നിന്ന് അവസാനത്തെ പത്തിലാണ്. നിശ്ചയം അത് 27ാമത്തെ രാത്രിയിലാണ്. പിന്നീട് ഉബൈയ്യുബ്നു കഅ്ബ്(റ) സത്യം ചെയ്തു പറഞ്ഞു. അത് 27ാമത്തെ രാത്രിയിലാണ്. ഞാന്‍ ചോദിച്ചു. അബുല്‍ ഖുന്ദിര് എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ തീര്‍ത്തു പറയുന്നത്. അദ്ദേഹം പറഞ്ഞു. റസൂല്‍(സ)തങ്ങള്‍ പറഞ്ഞതാണ്. അടയാളങ്ങള്‍കൊണ്ടാണ് തീര്‍ത്തുപറയുന്നത്. അന്നേ ദിവസം സൂര്യന് ഉദിക്കുമ്പോള്‍ രശ്മികള്‍ ഉണ്ടാവുകയില്ല' (മുസ്ലിം). 27ാമത്തെ രാത്രിയിലാണ് ലൈലത്തുല്‍ ഖദ്ര് എന്ന് ഖുര്‍ആന്‍ പണ്ഡിതന്മാര് സൂചന നല്കുന്നു. ഖുര്‍ആന്‍ 97ാം സൂക്തത്തില്‍ ലൈലത്തുല്‍ ഖദ്ര് എന്ന വാക്ക് മൂന്നു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഒന്നില്‍ ഒന്‍പത് അക്ഷരങ്ങളാണ്. അപ്പോള്‍ 27 അക്ഷരങ്ങളായി.
സമസ്ത കേന്ദ്ര മുശാവറ അംഗമാണ് ലേഖകന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."