ശിവദാസന്‍ ആര്.എസ്.എസ് ഭീഷണിയുണ്ടായിരുന്നതായി പ്രദേശവാസികള്‍
പത്തനംതിട്ട: ശിവദാസന്‍ ആര്.എസ്.എസ് പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടായിരുന്നതായി നാട്ടുകാര്‍. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ ആര്.എസ്.എസ്-ബി.ജെ.പി അനുഭാവികള്ക്കെതിരേ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവരില്‍നിന്ന് ശിവദാസന്‍ ഭീഷണി ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇതുസംബന്ധിച്ച് ശിവദാസന്‍ പന്തളം പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യം പൊലിസും സ്ഥിരീകരിച്ചു.
പരാതി പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ തല്ലിക്കൊന്ന് കൊക്കയിലെറിയുമെന്ന് ആര്.എസ്.എസ് നേതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. ഈ വര്‍ഷം ഏപ്രില്‍ 26നാണ് ശിവദാസന്‍ പരാതി നല്‍കിയത്. ഇത് നിലനില്‍ക്കുമ്പോഴാണ് ശിവദാസനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശിവദാസന്റെ വീട്ടിലേക്ക് പോകുന്ന നടവഴിയില്‍ അയല്‍വാസികളായ ചിലര്‍ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
ശിവദാസന്റെ ഇരുചക്രവാഹനം ഇതുവഴി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ നിലപാടെടുത്തതോടെയാണ് പന്തളം പൊലിസിനെ സമീപിച്ചത്. അയല്‍വാസികള്‍ തന്റെ വാഹനം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ആരോപിച്ചിരുന്നു. പിറ്റേദിവസം എതിര്‍കക്ഷികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ശിവദാസനെ ഇനി ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പുനല്‍കിയാണ് അവര്‍ മടങ്ങിയത്.
ശിവദാസന്റെ മരണം; പൊലിസ് സത്യാവസ്ഥ
വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: ശബരിമല തീര്ഥാടകന് ശിവദാസന്റെ മരണത്തിലെ സത്യാവസ്ഥ പൊലിസ് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ വ്യക്തമായ അന്വേഷണം നടത്തണം. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ അനുവദിക്കരുത്. ക്ഷേത്രത്തിന്റെ പരിശുദ്ധി നിലനിര്‍ത്തണം. ഈ ആവശ്യം ഉന്നയിച്ച് നാളെ വൈകിട്ട് നാലിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സത്യഗ്രഹം സംഘടിപ്പിക്കും. പമ്പയിലോ സന്നിധാനത്തോ സമരം നടത്തില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഇനിയെങ്കിലും വിവേകത്തോടെ പെരുമാറണമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."