ഭൂമിദാനക്കേസ്: വി.എസിനെതിരായ അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
തിരുവനന്തപുരം: കാസര്‍കോട് ഭൂമിദാനക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദനെ പ്രതിസ്ഥാനത്തുനിന്ന് നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കേസ് റദ്ദാക്കണമെന്ന മറ്റു പ്രതികളുടെ ഹരജി തള്ളിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെയാണ് നടപടി.
അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതിപ്പട്ടികയില്‍നിന്ന് വി.എസിനെ മാത്രം ഒഴിവാക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. 2012 ഡിസംബര്‍ ആറിന് രാവിലെ പുറപ്പെടുവിച്ച ഉത്തരവിന് ഉച്ചയ്ക്ക് തന്നെ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചില്‍നിന്ന് സ്റ്റേ നേടി. തുടര്‍ന്ന് അപ്പീലും സമര്‍പ്പിച്ചു. ആ അപ്പീലാണ് സര്‍ക്കാര്‍ രഹസ്യമായി പിന്‍വലിച്ചിരിക്കുന്നത്. അഴിമതിരഹിതനായ വ്യക്തിയെ കുരിശിലേറ്റാനുള്ള ശ്രമം വിജയിക്കില്ലെന്ന് പറഞ്ഞായിരുന്നു സിംഗിള്‍ ബെഞ്ച് അന്ന് വി.എസിനെ ഒഴിവാക്കിക്കൊï് ഉത്തരവിറക്കിയത്. എന്നാല്‍ മുന്‍ റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ വി.എസിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ്, ഭൂമിലഭിച്ച വി.എസിന്റെ ബന്ധു ടി.കെ സോമന് കാസര്‍കോട് മുന്‍ കലക്ടര്‍ എന്‍.എ കൃഷ്ണന്‍കുട്ടി എന്നിവര്‍ക്കെതിരായ നിയമനടപടികള്‍ തുടരുമെന്നും അന്ന് കോടതി വ്യക്തമാക്കി.
ഇതിനെതിരേ ടി.കെ സോമനും സുരേഷും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു. ഈ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ബന്ധുവായ വിമുക്തഭടന്‍ സി.കെ സോമന് കാസര്‍കോട് ജില്ലയിലെ ഷെര്‍ണി വില്ലേജില്‍ 2.33 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നാണ് കേസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."