പുനര്‍വിന്യസിക്കപ്പെട്ട അധ്യാപകരുടെ പുനഃപ്രവേശം; മാതൃവിദ്യാലയത്തില്‍ ഒഴിവുണ്ടെങ്കില്‍ ഉടന്‍ മടങ്ങാം
ചെറുവത്തൂര്‍: തസ്തിക നഷ്ടപ്പെട്ട് പുനര്‍വിന്യസിക്കപ്പെട്ട സംരക്ഷിത അധ്യാപകര്‍ക്ക് മാതൃവിദ്യാലയത്തില്‍ ഒഴിവുണ്ടെങ്കില്‍ ഉടന്‍ മടങ്ങാം. ജൂലൈ 19നകം ഇത്തരത്തിലുള്ള അധ്യാപകരുടെ പുനഃപ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്.
കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് തസ്തിക നഷ്ടപ്പെട്ട സംസ്ഥാനത്തെ മൂവായിരത്തിലധികം വരുന്ന എയ്ഡഡ് വിദ്യാലയങ്ങളിലെ സംരക്ഷിത അധ്യാപകരെ ശമ്പളം മുടങ്ങാതെ വിവിധ ഒഴിവുകളിലേക്ക് പുനര്‍വിന്യസിച്ചിരുന്നു.
എസ്.എസ്.എയുടെ കീഴില്‍ പഞ്ചായത്തുതല ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് എസ്.എസ്.എ തുടങ്ങിയ പദ്ധതികളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെട്ടിട്ടുള്ള അധ്യാപകരുടെ ഒഴിവുകള്‍, പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കിയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലേക്കായിരുന്നു പുനര്‍വിന്യാസം. ഇത്തരത്തില്‍ പുനര്‍വിന്യസിപ്പിക്കപ്പെട്ട നിരവധി അധ്യാപകരുടെ മാതൃവിദ്യാലയത്തില്‍ വിരമിക്കല്‍, രാജി എന്നിവ മൂലം നിലവില്‍ ഒഴിവുകളുണ്ട്. എന്നാല്‍ ഇവരെ തിരികെ വിളിക്കാന്‍ പല വിദ്യാഭ്യാസ ഓഫിസര്‍മാരും ഉത്തരവുകള്‍ നല്‍കിയിരുന്നില്ല.
ഇത് വ്യാപകമായ പരാതിക്ക് ഇടയാക്കിയ സാഹചര്യത്തില്‍ അധ്യാപകരെ മാതൃവിദ്യാലയത്തിലുള്ള ഒഴിവുകളിലേക്ക് അടിയന്തരമായി തിരികെ വിളിക്കാന്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
അധിക തസ്തികകളിലേക്കുള്ള പുനര്‍നിയമനം ജൂലൈ 15ന് ശേഷമേ നടക്കൂ. ഈ വര്‍ഷത്തെ അധിക തസ്തികകള്‍ക്ക് ജൂലൈ 15 മുതല്‍ മാത്രമേ പ്രാബല്യമുള്ളൂ എന്നതിനാലാണ് ഇത്. ഇപ്പോള്‍ അധിക തസ്തികകളിലേക്ക് അധ്യാപകരെ പ്രവേശിപ്പിച്ചാല്‍ അവര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടാകും.
അതിനാല്‍ അധിക തസ്തികകള്‍ ഒഴികെയുള്ള മുഴുവന്‍ ഒഴിവുകളിലും അര്‍ഹതയുള്ള സംരക്ഷിത അധ്യാപകരെല്ലാം ജൂലൈ 19 നകം മാതൃവിദ്യാലയത്തില്‍ പുനഃപ്രവേശിച്ചുവെന്ന് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."