കല്‍പാത്തി രഥോത്സവത്തിന് നിറംമങ്ങും; ചരിത്രത്തിലാദ്യമായി സംഗീതോത്സവം മുടങ്ങി
ഒലവക്കോട് : കാശിയില്‍ പാതിയെന്ന ഖ്യാതിയുള്ള കല്‍പാത്തിയില്‍ ഇത്തവണ രഥോത്സവത്തിനു പൊലിമ മങ്ങുമെന്നു വിശ്വാസികള്‍. 2016 ലെ രഥോത്സവം നോട്ടു നിരോധനത്തില്‍പ്പെട്ട് നിറം മങ്ങിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ജി.എസ്.ടിയും രഥോത്സവത്തിനു നിറം കെടുത്തി. എന്നാല്‍ ഇത്തവണയും കല്‍പാത്തി രഥോത്സവത്തിനു നിറം മങ്ങുമെന്ന സ്ഥിതിയാണ്. പ്രളയം കഴിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി ഇത്തവണ പരിപാടികള്‍ കുറച്ചതാണ് രഥോത്സവത്തിന്റെ നിറം മങ്ങാന്‍ കാരണം. കാലങ്ങളായി രഥോത്സവത്തിന്റെ ഭാഗമായി നടത്തിയിരുന്ന സംഗീതോത്സവം ഇത്തവണ മുടങ്ങിയത് അഗ്രഹാര നിവാസികളെ പ്രയാസത്തിലാക്കി. രഥോത്സവത്തിന്റെ മുഖ്യ ആകര്‍ഷകമായിരുന്നു രഥോത്സവത്തിനു ഏഴുദിവസം മുമ്പേ നടത്തുന്ന സംഗീതോത്സവമെന്നിരിക്കെ സംഗീതോത്സവം കാണാനും അഗ്രഹാര വീഥികള്‍ സന്ദര്‍ശിക്കാനുമായി ആയിരക്കണക്കിനു പേര്‍ എത്തിയിരുന്നു. 2016 ലെ നോട്ടുനിരോധനത്തിനു നാളുകള്‍ക്കു ശേഷമാണ് രഥോത്സവമെത്തിയതെന്നിരിക്കെ അന്ന് വ്യാപാരികള്‍ക്ക് മറക്കാനാവാത്ത രഥോത്സവമായിരുന്നു അന്നത്തേത്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കല്‍ച്ചട്ടിയും വിഗ്രഹങ്ങളുമടത്തം കൊണ്ടുവന്ന നിരവധി വ്യാപാരികള്‍ക്ക് കനത്ത നഷ്ടമായിരുന്നു.
എന്നാല്‍കഴിഞ്ഞ വര്‍ഷവും രഥോത്സവത്തിനെത്തിയ വ്യാപാരികളുടെ മനം തെളിഞ്ഞില്ല. സാധാരണ തേരുകഴിഞ്ഞാലും 21 ദിവസത്തോളം പ്രവര്‍ത്തിച്ചിരുന്ന അഗ്രഹാരവീഥിയിലെ തേരുകടകള്‍ തേരുകഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ ഒഴിഞ്ഞുപോവുന്ന സ്ഥിതിയാണ്. കല്‍പാത്തിയില്‍ രഥോത്സവത്തിന്റെ സമയത്തെ വൈദ്യുതി തടസമൊഴിവാക്കാനായി നടപ്പാക്കിയ ഭൂഗര്‍ഭ കേബിള്‍ സംവിധാനവും കഴിഞ്ഞവര്‍ഷം പഴയരഥത്തില്‍ നിന്നു ഉരുക്കുചക്രങ്ങള്‍ക്ക് വഴിമാറിയതുമെല്ലാം തേരിന് ഖ്യാതി നല്‍കുമ്പോള്‍ സംഗീതോത്സവമല്ലാത്ത രഥോത്സവം വിസ്വാസികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. നാശത്തിന്റെ വക്കിലായ കല്‍പ്പാത്തിപ്പുഴയും കുളിക്കടവും തകര്‍ന്ന റോഡുമെല്ലാം രഥോത്സവത്തിനെത്തുന്നവര്‍ക്ക് ദുരിതക്കാഴ്ചയാണ്. ഇനി നാലു നാള്‍ കഴിഞ്ഞാല്‍ 5 ാം നാള്‍ തേരിനു കൊടിയേറും. പിന്നെ അഗ്രഹാര വീഥിയില്‍ ഉത്സവത്തിന്റെ നാളുകളാണ്. രഥങ്ങള്‍ അറ്റകുറ്റപ്പണിക്കായി പുറത്തിറങ്ങിയതോടെ രഥോത്സത്തിന് ഗ്രാമം തയ്യാറായി. നവം. 14,15,16 തിയ്യതികളിലായി ചരിത്രപ്രസിദ്ധമായി രഥോത്സവം നടക്കുന്നതെന്നിരിക്കെ മൂന്നാം തേരുദിനമാണ് നാടും നഗരവും കാത്തിരിക്കുന്ന രഥസംഗമം.
ആകാശത്തുനിന്നും അനുഗ്രഹാശിസ്സുകള്‍ പൊഴിക്കുന്ന ദേവഗണങ്ങളെ സാക്ഷിയാക്കി രഥസംഗമം നടക്കുമ്പോള്‍ പിന്നെ വീണ്ടും ഒരാണ്ടിന്റെ കാത്തിരിപ്പാണ്. എന്നാല്‍ ഒരാണ്ടിനു ശേഷം കടന്നെത്തുന്ന രഥോത്സവത്തിന് ഇത്തവണ പൊലിമ നഷ്ടപ്പെടുന്നത് അഗ്രാഹാരങ്ങളെ മാത്രമല്ല നെല്ലറക്ക് തന്നെ വേദനാജനകമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."