കെ.എസ്.ഇ.ബി ചെയര്‍മാനെതിരേ വി.ഡി സതീശന്റെ അവകാശലംഘന നോട്ടിസ്
തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ളക്കെതിരേ വി.ഡി സതീശന്‍ എം.എല്‍.എ അവകാശലംഘനത്തിന് നോട്ടിസ് നല്‍കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 20, 21 തിയതികളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വൈദ്യുതി ബോര്‍ഡിലെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി സംബന്ധിച്ച് ആരോപണം ഉന്നയിച്ചിരുന്നു. സാധാരണഗതിയില്‍ സര്‍ക്കാരിനെ സംബന്ധിച്ചോ ഏതെങ്കിലും വകുപ്പിനെ സംബന്ധിച്ചോ പ്രതിപക്ഷ നേതാവ് നടത്തുന്ന പരാമര്‍ശങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും ഉദ്യോഗസ്ഥതലത്തില്‍ മറുപടി പറയാറില്ല. മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോ ആണ് മറുപടി നല്‍കാറുള്ളത്.
ക്യാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതാവ് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് ഉദ്യോഗസ്ഥതലത്തില്‍ നല്‍കിയ മറുപടി അവകാശലംഘനമാണെന്ന് വി.ഡി സതീശന്‍ എം.എല്‍.എ സ്പീക്കര്‍ക്ക് നല്‍കിയ നോട്ടിസില്‍ പറയുന്നു. നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ കെ.എസ്.ഇ.ബി ചെയര്‍മാന്റെ നടപടി പ്രതിപക്ഷനേതാവ് എന്ന പദവിയെ അധിക്ഷേപിക്കുന്നതിനും അദ്ദേഹത്തെ സമൂഹമധ്യത്തില്‍ അവഹേളിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ്.
ഇത്തരം പ്രസ്താവന നടത്തുന്നതിലൂടെ പ്രതിപക്ഷനേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവകാശങ്ങളെ നിഷേധിക്കുന്നതിനുള്ള ഗൂഢശ്രമമാണ് ഉണ്ടായിരിക്കുന്നത്. സഭയ്ക്കും പ്രതിപക്ഷനേതാവിനുമുള്ള പ്രത്യേക അവകാശങ്ങളുടെ ലംഘനമാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കെ.എസ്.ഇ.ബി ചെയര്‍മാനെതിരേ നടപടി സ്വീകരിക്കണമെന്ന് വി.ഡി സതീശന്‍ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."