രാജ്യത്ത് മൊബൈല്‍ വരിക്കാര്‍ 101 കോടി കവിഞ്ഞു
കൊച്ചി: രാജ്യത്തെ സ്വകാര്യ ടെലികോം സേവനദാതാക്കളുടെ മൊബൈല്‍ വരിക്കാരുടെ എണ്ണം 101.77 കോടിയിലെത്തി. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണ് ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കോയ്) പുറത്തുവിട്ടത്.
ഒന്നാംസ്ഥാനത്തുള്ള ഭാരതി എയര്‍ടെല്ലിന് 34.352 കോടി വരിക്കാരാണുള്ളത്. രണ്ടാം സ്ഥാനത്തെ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് ഓഗസ്റ്റ് വരെ 23.923 കോടി വരിക്കാരാണുള്ളത്.
എന്നാല്‍ കേരളത്തില്‍ ഐഡിയയാണ് മുന്നിലുള്ളത്. യു.പി ഈസ്റ്റ് സര്‍ക്കിളിലാണ് ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത്. 87.53 ദശലക്ഷം.
രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര സര്‍ക്കിളില്‍ 84.7 ദശലക്ഷം വരിക്കാരുണ്ട്. ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍, ടാറ്റ, ആര്‍കോം എന്നീ കമ്പനികളുടെ വരിക്കാരുടെ എണ്ണം ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
രാജ്യത്തിന്റെ സമഗ്രവികസനത്തിനും ശാക്തീകരണത്തിനും ടെലികോം വ്യവസായം വലിയ പങ്കാണ് വഹിക്കുന്നതെന്ന് കോയ് ഡയരക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യൂസ് പറഞ്ഞു.
പുതിയ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ ഗുണഫലം എല്ലാവര്‍ക്കും ലഭിക്കുന്നെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണം 1,27,57,000 ആണ്. വോഡഫോണിന് 77,45,232ഉം ഭാരതി എയര്‍ടെല്ലിന് 50,97,537ഉം റിലയന്‍സ് ജിയോയ്ക്ക് 63,22,954ഉം വരിക്കാരാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."