സാമൂഹിക വിരുദ്ധര്‍ വയോധികയുടെ കട കത്തിച്ചു
ചാരുംമൂട്: വിധവയായ വയോധിക 15 വര്‍ഷമായി ആഹാരത്തിനു വക കണ്ടെത്തിയിരുന്ന സ്റ്റേഷനറികട സാമൂഹിക വിരുദ്ധര്‍ രാത്രിയുടെ മറവില്‍ തീയിട്ടു നശിപ്പിച്ചു.
നൂറനാട് ഉളവുക്കാട് പി.എച്ച്.സി വാര്‍ഡിലെ നാലുമുക്ക് ജങ്ഷന് സമീപത്തെകനാല് സ്ഥലത്തുണ്ടായിരുന്ന ഷീറ്റ് മേഞ്ഞ കടയാണ് കത്തിച്ചാമ്പലായത്.
പന്നിത്തടത്തില്‍ സരോജനി (66) നടത്തിവന്ന കച്ചവട സ്ഥാപനമായിരുന്നു. ഇന്നലെ സരോജനി ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതാണ്.
കട കത്തിനശിച്ച വിവരം അയല്‍വാസി ഫോണ്‍ മുഖേന അവരെ അറിയിക്കുകയായിരുന്നു. വെളുപ്പിന് രണ്ട് മണിയോടെ പ്രദേശമാകെ വന്‍ സ്പോടനശബ്ദം കേട്ടാണ് പ്രദേശവാസികള്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്.
കടക്ക് തീപിടിച്ചപ്പോള്തന്നെ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ശ്രമം തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലിസിനും ഫയര്‍ഫോഴ്സിലും അറിയിക്കുകയായിരുന്നു. കായംകുളത്തുനിന്നുമെത്തിയ അഗ്നിശമനസേനയാണ് തീ അണച്ചത്.
ആരോടും ഒരു വഴക്കുപ്പോലും ഉണ്ടാക്കിയിട്ടില്ലാത്ത സാധുവായ ഈ വയോവൃദ്ധയുടെ അന്നം മുട്ടിച്ച സാമൂഹിക ദ്രോഹികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് സരോജനിക്ക് സംഭവിച്ചത്. പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."