HOME
DETAILS
MAL
ബ്രിട്ടിഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപെറോ ഇറാന്‍ മോചിപ്പിച്ചു
backup
September 24 2019 | 02:09 AM
തെഹ്‌റാന്‍: അന്താരാഷ്ട്ര സമുദ്ര ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപെറോ കപ്പല്‍ മോചിപ്പിക്കുന്നതായി ഇറാന്‍ അറിയിച്ചു. ഇതോടെ കപ്പലില്‍ അവശേഷിക്കുന്ന 11 ഇന്ത്യക്കാരുള്‍പ്പെടെ 16 ജീവനക്കാരെയും വെറുതെ വിടും.
ജൂലൈ 19നാണ് 23 ജീവനക്കാരുമായി ഹൊര്‍മുസ് കടലിടുക്കില്‍ വച്ച് കപ്പല്‍ ഇറാന്റെ വിപ്ലവസേന പിടിച്ചെടുത്തത്. ഇതില്‍ ഏഴ് ഇന്ത്യന്‍ നാവികരെ മാനുഷിക പരിഗണനവച്ച് ഈ മാസം ആദ്യം ഇറാന്‍ മോചിപ്പിച്ചിരുന്നു. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍, വണ്ടൂര്‍ സ്വദേശി കെ.കെ അജ്മല്‍ എന്നിവരുള്‍പ്പെടെ നാലു മലയാളികളാണ് ഈ കപ്പലിലുണ്ടായിരുന്നത്.
നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ കപ്പലിനെയും നാവികരെയും മോചിപ്പിക്കുകയാണെന്ന് ഇറാന്‍ സര്‍ക്കാര്‍ വക്താവ് അലി റബീഇ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇറാന്റെ അഡ്രിയാന്‍ ദാരിയ-1 (ഗ്രേസ്-1) കപ്പല്‍ ബ്രിട്ടിഷ് നാവികസേന പിടിച്ചതോടെയാണ് ബ്രിട്ടിഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഈ കപ്പലും ഇതിലെ മൂന്നു മലയാളികളുള്‍പ്പെടെയുള്ള നാവികരെയും ജിബ്രാള്‍ട്ടര്‍ കോടതി യു.എസിന്റെ എതിര്‍പ്പ് വകവയ്ക്കാതെ മോചിപ്പിച്ചിരുന്നു.
അതിനിടെ യു.എസിന്റെ നേതൃത്വത്തിലുള്ള ഗള്‍ഫിലെ സൈനികസഖ്യത്തില്‍ ബ്രിട്ടന്‍ പങ്കാളിയാവുന്ന കാര്യം പരിഗണനയിലാണെന്ന് ന്യൂയോര്‍ക്കിലുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ഈ മാസം 14ന് സഊദിയിലെ രണ്ട് എണ്ണ സംസ്‌കരണശാലകള്‍ക്കു നേരെ ആക്രമണം നടത്തിയതില്‍ ഇറാന് പങ്കുണ്ടെന്നും ജോണ്‍സന്‍ ആരോപിച്ചു. ഇതോടെ ബ്രിട്ടനും ഇറാനും തമ്മിലെ നയതന്ത്രബന്ധം കൂടുതല്‍ വഷളായേക്കും.
അതേസമയം യമനിലെ ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഇറാന്‍ പങ്ക് നിഷേധിക്കുകയും ചെയ്തതോടെ ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇറാനെ കുറ്റപ്പെടുത്താന്‍ തയാറായിട്ടില്ല.
ബ്രിട്ടിഷ് കപ്പലിനെ വിട്ടയക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബോറിസ് ജോണ്‍സന്റെ പ്രസ്താവനയോട് ഇറാന്‍ എങ്ങനെ പ്രതികരിക്കുമെന്നതില്‍ ആശങ്കയുണ്ട്. കപ്പല്‍ ഇറാന്‍ ജലപരിധി വിടുന്നതുവരെ ആശങ്കയുണ്ടെന്നാണ് കപ്പലുടമകളായ സ്വീഡന്റെ സ്റ്റന ബള്‍ക്ക് പ്രതികരിച്ചത്. 18 ഇന്ത്യക്കാര്‍ക്കു പുറമെ മൂന്നു റഷ്യക്കാരും ഒന്നുവീതം ലാത്വിയന്‍, ഫിലിപ്പൈന്‍സ് നാവികരുമാണ് കപ്പലിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."