പൊന്നാനിയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; 'സഫലമീയാത്ര' പദ്ധതിക്ക് തുടക്കമായി
പൊന്നാനി: ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും റോഡുസുരക്ഷ ഉറപ്പ് വരുത്തുന്നതിനും സഫലമീയാത്ര പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കമാകുന്നു. പൊലിസ് വകുപ്പുമായി ചേര്‍ന്നാണ് നഗരസഭ പദ്ധതി ആരംഭിക്കുന്നത്. ദേശീയ പാത, പി.ഡബ്ല്യു.ഡി, റവന്യു എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം പൊന്നാനിയിലെ തിരക്കേറിയ ഇടങ്ങളായ ചമ്രവട്ടം ജങ്ഷന്‍, കുണ്ടുകടവ് ജങ്ഷന്‍, ആനപ്പടി ജങ്ഷന്‍ എന്നിവിടങ്ങളിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭയില്‍ ചേര്‍ന്ന ട്രാഫിക് ക്രമീകരണ സമിതിയിലാണ് തീരുമാനമായത്. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴ് മണി വരെ കര്‍ശനമായി വണ്‍വെ ട്രാഫിക് സമ്പ്രദായം പാലിക്കുന്നതിന് പൊലിസ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. നഗരത്തിലെ തിരക്കുള്ള പ്രധാന ഇടങ്ങളിലും സ്‌കൂള്‍ പ്രദേശങ്ങളിലും ട്രാഫിക് വാര്‍ഡന്‍മാരെ നിയമിക്കും. ട്രാഫിക് നിയമ ലംഘനങ്ങള്‍ ഏറുന്ന സാഹചര്യത്തില്‍ ചമ്രവട്ടം ജങ്ഷനിലെ നിരീക്ഷണ ക്യാമറകള്‍ വിപുലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ഓട്ടോ, ടാക്‌സി, ഗുഡ്‌സ് ഓട്ടോ എന്നീ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഏരിയ ഏര്‍പ്പെടുത്തും.
കുറ്റിപ്പുറം പുതുപൊന്നാനി ബൈപ്പാസ് റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോക്കറ്റു റോഡുകള്‍ക്ക് മുന്നില്‍ ഹമ്പ് സ്ഥാപിക്കുവാനും തീരുമാനമായി. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.
അസി. എഞ്ചിനീയര്‍ (റോഡ്‌സ് ) ടി. വി ബബിത, എന്‍.എച്ച് പ്രതിനിധി എം.എസ് സുരാജ്, പൊന്നാനി എസ്.ഐ കെ.പി വാസു, സി.ഐ ഓഫ് പൊലിസ് പ്രതിനിധി എം.വി വാസുണ്ണി, ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രമോദ്, നവാസ്, എം.വി.ഐ വി.പി ശ്രീജേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."