അധ്വാനത്തിന്റെ ഒരു വിഹിതം 'നന്മ'ക്കായിമാറ്റിവച്ച് വിനുവും കുടുംബവും
പനമരം: സ്വന്തമായി വീടോ, സ്ഥലമോ ഇല്ലെങ്കിലും അധ്വാനത്തിന്റെ ഒരു വിഹിതം സാമൂഹ്യസേവനത്തിന് മാറ്റിവച്ച് വിനുവിന്റെ നന്മ മനസ്. അവശതകളുമായി പനമരം ബസ് സ്റ്റാന്‍ഡിനടുത്തുള്ള ആയൂര്‍വേദ വകുപ്പിന്റെ വയോജന ക്യാപിലെത്തുന്നവര്‍ക്ക് ചായ സല്‍ക്കാരം നടത്തിയാണ് പ്രാരാബ്ധങ്ങള്‍ക്കിടയിലും വിനു സന്തോഷം കണ്ടെത്തുന്നത്.
തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ചോലയില്‍ വിനു രണ്ട് പതിറ്റാണ്ട് മുന്‍പാണ് പനമരത്ത് എത്തിയത്. പനമരം മാത്തൂര്‍ സര്‍വിസ് സ്റ്റേഷനില്‍ തൊഴിലാളിയായിട്ടായിരുന്നു തുടക്കം. പിന്നീട് പല ജോലികളും ചെയ്തു. ഇപ്പോള്‍ പനമരം കരിമ്പുമ്മല്‍ ഓട്ടോറിക്ഷാ സ്‌പ്രെ പെയിന്ററാണ്. ദിവസ വേതനത്തില്‍ നിന്ന് വീട്ടുവാടക, ഭക്ഷണ ചെലവും കുട്ടികളുടെ പഠന ചെലവും കഴിഞ്ഞാലും 150 രൂപയോളം മിച്ചമുണ്ടാകുമെന്ന് വിനു പറഞ്ഞു.
ഈ തുകയാണ് സാമൂഹിക സേവനത്തിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തോളമായി ആഴ്ചയില്‍ ഒരിക്കല്‍ പനമരത്തെ ആയുര്‍വേദ വയോജന ക്യാംപില്‍ ചികിത്സക്ക് എത്തുന്നവര്‍ക്ക് വിനുവിന്റെ വക ചായയും ബിസ്‌ക്കറ്റുമുണ്ട്. ഒരുവര്‍ഷത്തോളം ഈ സേവനം തുടരാനാണ് വിനുവിന്റെ ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞ വര്‍ഷം പനമരം ഗവ.ആശുപത്രിയിലെ കേടായ കട്ടിലുകള്‍ വിനു നന്നാക്കി നല്‍കിയിരുന്നു. ഇരുപതിനായിരത്തോളം രൂപയാണ് ഇതിനായി ചെലവാക്കിയത്. കരിമ്പുമ്മലില്‍ നിര്‍ധനയായ ഒരു സ്ത്രീയുടെ വീടിന്റെ വയറിങ് പ്രവൃത്തിയും പൂര്‍ത്തീകരിച്ച് നല്‍കി.
കരിമ്പുമ്മലില്‍ വാടക വീട്ടിലാണ് വിനുവും ഭാര്യ സുബിന, മക്കളായ സരണ്യ, ഷിനോജ് എന്നിവരും കഴിയുന്നത്. വിനുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൂര്‍ണ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."