ഉപതെരഞ്ഞെടുപ്പ്: അഞ്ചു മണ്ഡലങ്ങളില്‍ 896 പോളിങ് സ്റ്റേഷനുകള്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയത്തെ പിന്തുണച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
തിരുവനന്തപുരം: ഒക്ടോബര്‍ 21ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ ആകെയുള്ളത് 896 പോളിങ് സ്റ്റേഷനുകള്‍. ഇതില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ 42 ബൂത്തുകള്‍ പ്രശ്‌നബാധിതമാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയത്തെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തി. അടിക്കടിയുള്ള തെരഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുവെന്ന ആക്ഷേപം ശരിയാണെന്നും ഇതു വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് ജോലികളില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പക്ഷപാതം കാട്ടിയാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വോട്ടര്‍മാരുടെ പേരുകള്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്‌തെന്ന ബി.ജെ.പിയുടെ പരാതി അന്വേഷിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയം ഉണ്ടാകുമെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് അതു പ്രകടിപ്പിക്കാന്‍ പാടില്ല.
മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളില്‍ ഏറ്റവും പുതിയതരം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രമായ എം ത്രീയാണ് ഉപയോഗിക്കുന്നത്. മണ്ഡലങ്ങളില്‍ ആവശ്യമുള്ളതിന്റെ ഇരട്ടിയോളം വോട്ടിങ് മെഷീനുകള്‍ ലഭ്യമായിട്ടുണ്ട്. മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ജില്ലകളില്‍ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണ്. തിരുവനന്തപുരം തലസ്ഥാന ജില്ലയായതിനാല്‍ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം ആ മണ്ഡലത്തില്‍ മാത്രമാണ് ബാധകം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് മാതൃകാ പെരുമാറ്റച്ചട്ടം ബാധകമല്ല. ഗതാഗത കുറ്റങ്ങള്‍ക്കുള്ള കനത്ത പിഴയില്‍ ഇളവ് വരുത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതില്‍ സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള സംശയമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."