സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു
പത്തനാപുരം(കൊല്ലം): കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദിച്ചശേഷം ദേഹത്ത് ആസിഡ് ഒഴിച്ചു. പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പിറവന്തൂര്‍ ധന്യാഭവനില്‍ ബാലക്യഷ്ണന്‍ ആചാരി-രാധമ്മ ദമ്പതികളുടെ മകള്‍ ധന്യകൃഷ്ണയുടെ(32)ദേഹത്താണ് ഭര്‍ത്താവ് ബിനുകുമാര്‍ ആസിഡ് ഒഴിച്ചത്.
ചെങ്ങന്നൂര്‍ കാരയ്ക്കാടുള്ള ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞ അഞ്ചിന് രാത്രിയായിരുന്നു സംഭവം. എന്നാല്‍, നാണക്കേട് ഭയന്ന് യുവതി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. അയല്‍ വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഏഴിന് ധന്യയുടെ അമ്മ കാരയ്ക്കാട്ടെ വീട്ടിലെത്തുകയും ധന്യയെ ഇളയ കുട്ടിക്കൊപ്പം കൂട്ടിക്കൊണ്ടുവന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ മുഖത്തും നെഞ്ചത്തും കൈയിലും ആസിഡ് വീണ് പൊള്ളലേറ്റിട്ടുണ്ട്. ശരീരമാസകലം അടിയേറ്റ പാടുകളുമുണ്ട്.
ആശുപത്രിയില്‍നിന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂര്‍ പൊലിസ് കേസ് ചെങ്ങന്നൂര്‍ പൊലിസിന് കൈമാറി. ഭര്‍ത്താവ് കാരയ്ക്കാട് മനുമംഗലത്ത് വീട്ടില്‍ ബിനുകുമാര്‍, മാതാവ് സരസ്വതി എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട് .
ഇയാള്‍ സ്വകാര്യ സ്ഥാപനത്തിലെ വെല്‍ഡിങ് തൊഴിലാളിയാണ്. പത്തു വര്‍ഷം മുന്‍പ് ഇരുപത്തിയഞ്ച് പവനും എഴുപത്തിഅയ്യായിരം രൂപയുമാണ് സ്ത്രീധനമായി നല്‍കിയിരുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം തുടങ്ങിയതെന്ന് ധന്യ പറഞ്ഞു. നാല് ലക്ഷംരൂപ ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവ് സരസ്വതിയും ചേര്‍ന്നാണ് തന്നെ ദിവസവും മര്‍ദിച്ചിരുന്നതതെന്ന് യുവതി പൊലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."