HOME
DETAILS

കുട്ടിക്കടത്ത്: കേരളം സത്യവാങ്മൂലം സമര്‍പ്പിക്കണം

  
backup
September 24 2019 | 19:09 PM

todays-article-adv-ps-sulfikar-ali-25-09-2019

കേരളത്തിലെ യതീംഖാനകളിലേക്ക് ബിഹാറില്‍ നിന്നെത്തിയ കുട്ടികളുടെ പഠനം നിഷേധിക്കുന്നതിലേക്കു നയിച്ച സംഭവം മനുഷ്യക്കടത്ത് അല്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ 2014ലെ 'കുട്ടിക്കടത്ത്' വിവാദം ഒരിക്കലൂടെ ചര്‍ച്ചയായിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന രണ്ടു യതീംഖാനകളിലേക്ക് ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പഠിതാക്കള്‍ വേനലവധി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ കേരള പൊലിസ് അവരെ കസ്റ്റഡിയിലെടുത്ത് നിര്‍ബന്ധപൂര്‍വം തിരിച്ചയക്കുകയും യതീം ഖാനയിലെ അധ്യാപകരെയും ജീവനക്കാരെയും പ്രതിയാക്കി ക്രിമിനല്‍ കേസ് എടുക്കുകയുമായിരുന്നു. ഐ.പി.സിയിലെ 370 (5) വകുപ്പ് പ്രകാരമായിരുന്നു കേസ്. ഐ.ജി റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും അന്വേഷണത്തിനായി രൂപീകരിച്ചു.
മനുഷ്യക്കടത്തിനെ കൈകാര്യം ചെയ്യുന്ന ഐ.പി.സിയിലെ 370ാം വകുപ്പിലെ 5ാം ഉപവകുപ്പ് കൈകാര്യം ചെയ്യുന്നത് ഏറ്റവും ഗുരുതര കുറ്റകൃത്യമായ ഒന്നിലധികം കുട്ടികളെ മനുഷ്യക്കടത്തിന് വിധേയമാക്കുന്നതാണ്. 370ാം വകുപ്പ് മനുഷ്യക്കടത്ത് എന്ന കുറ്റകൃത്യത്തെ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്: ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ തട്ടിക്കൊണ്ട് പോകലിലൂടെയോ ചതിയില്‍പ്പെടുത്തിയോ അന്യായമായി സ്വാധീനിച്ചോ പണം നല്‍കിയോ മറ്റെന്തെങ്കിലും മോഹന വാഗ്ദാനങ്ങള്‍ നല്‍കിയോ ഏതെങ്കിലും തരത്തിലുള്ള ശാരീരികമോ ലൈംഗികമോ ആയ ചൂഷണത്തിന് വേണ്ടിയോ അടിമവേലക്ക് വേണ്ടിയോ അവയവ അപഹരണത്തിന് വേണ്ടിയോ ഏതെങ്കിലും ഒരു വ്യക്തിയെയോ വ്യക്തികളേയോ റിക്രൂട്ട് ചെയ്യുന്നതും കടത്തിക്കൊണ്ട് പോവുന്നതും തടവില്‍ പാര്‍പ്പിക്കുന്നതും സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യലുമാണ് മനുഷ്യക്കടത്ത്. മനുഷ്യക്കടത്ത് എന്ന കുറ്റകൃത്യത്തിന് ഈ വകുപ്പ് അനുശാസിക്കുന്ന ശിക്ഷ ഏഴു മുതല്‍ പത്ത് വര്‍ഷം വരെയുള്ള കഠിന തടവാണ്.
പ്രസ്തുത കുറ്റകൃത്യത്തിന് വിധേയമാക്കപ്പെടുന്നത് ഒന്നിലധികം പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ആണെങ്കില്‍ അത് അഞ്ചാം ഉപവകുപ്പ് അനുസരിച്ച് ജീവപര്യന്തമോ 14 വര്‍ഷത്തില്‍ കുറയാത്തതോ ആയ കഠിന തടവ് ആണ് ശിക്ഷ. ഇത്ര ഗുരുതരമായ കുറ്റാരോപണവും തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കാടിളക്കിയുള്ള അന്വേഷണ പരമ്പരയുമാണ് അന്നുണ്ടായത്. മൊത്തം യതീംഖാനകളെയും ഒരു സമുദായത്തെ ആകത്തന്നെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള മാധ്യമവിചാരണ വേറെയും.
'തമ്പ്' എന്ന സംഘടന സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെ സംഭവത്തില്‍ കേരള ഹൈക്കോടതി 2015ല്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ വിധി ചോദ്യം ചെയ്ത് ബന്ധപ്പെട്ട യതീംഖാനകള്‍ ഫയല്‍ചെയ്ത പ്രത്യേക അനുമതി അപ്പീല്‍ ഇപ്പോഴും സുപ്രിംകോടതിയുടെ പരിഗണനയിലാണ്. പ്രത്യേകാനുമതി ഹരജി ഫയലില്‍ സ്വീകരിച്ച് ബന്ധപ്പെട്ട കക്ഷികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നോട്ടിസ് അയച്ചങ്കിലും സുപ്രിംകോടതി സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്തിരുന്നില്ല. അന്വേഷണം തുടര്‍ന്ന സി.ബി.ഐ, നാലുവര്‍ഷം കഴിഞ്ഞിട്ടും എന്തെങ്കിലും റിപ്പോര്‍ട്ട് സുപ്രിംകോടതിയില്‍ നല്‍കുകയോ കേസില്‍ അന്തിമറിപ്പോര്‍ട്ടോ കുറ്റപത്രമോ ഫയല്‍ ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. കേരളാ പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ആരോപിക്കുന്നത് പോലെ നിയമവിരുദ്ധമോ ശിക്ഷാര്‍ഹമായതോ ആയ എന്തെങ്കിലും നടന്നതായി അന്വേഷണത്തില്‍ സി.ബി.ഐ കണ്ടെത്തിയിട്ടില്ലെന്നാണ് ഇത് വെളിവാക്കുന്നത്.
ബിഹാര്‍, ജാര്‍ഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും സുപ്രിം കോടതി നോട്ടിസ് അയച്ചിട്ടുണ്ടെങ്കിലും ബിഹാര്‍ ഒഴികെ മറ്റാരും മറുപടി ഫയല്‍ ചെയ്തിട്ടില്ല. യാതൊരു കുറ്റകൃത്യവും നടന്നിട്ടില്ല എന്നും കുട്ടികള്‍ രക്ഷിതാക്കളുടെ അറിവും സമ്മതത്തോടും കൂടി വിദ്യാഭ്യാസത്തിന് കേരളത്തിലേക്ക് പോയതാണെന്നുമാണ് ബിഹാര്‍ സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത്തരത്തില്‍ വസ്തുതാപരമായ ഒരു മറുപടിയെങ്കിലും സുപ്രിംകോടതിക്ക് നല്‍കി എത്രയും പെട്ടെന്ന് ചെയ്ത പാപത്തിന് കേരളസര്‍ക്കാര്‍ പരിഹാരക്രിയ ചെയ്യേണ്ടതാണ്.
ഈ സംഭവത്തിന്റെ ചുവടുപിടിച്ചാണ് എല്ലാ യതീം ഖാനകളെയും ബാലനീതി നിയമത്തിന് (ജെ.ജെ ആക്ട്) കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കണമെന്നും ആ നിയമത്തിന് കീഴില്‍ സ്ഥാപിതമായിരിക്കുന്ന ശിശു ക്ഷേമ സമിതിയുടെ (സി.ഡബ്ല്യു.സി) നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും കൊണ്ടുവരണമെന്നും മുറവിളി കൂട്ടി ചില വ്യക്തികളും സംഘടനകളും രംഗത്തുവരുന്നത്. യഥാര്‍ഥത്തില്‍, ഈ യതീംഖാനകര്‍ 1960ലെ അനാഥാലയങ്ങളും മറ്റ് ധര്‍മാലയങ്ങളും (മേല്‍നോട്ടവും നിയന്ത്രണവും) നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത് ഈ നിയമത്തിന് കീഴില്‍ സ്ഥാപിതമായ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്.
ഈ നിയമത്തിനു കീഴില്‍ വരുന്ന അനാഥാലയങ്ങളും ബാലനീതി നിയമത്തില്‍ പ്രതിപാദിക്കുന്ന ശിശു സംരക്ഷണ കേന്ദ്രങ്ങളും ഘടനാപരമായും ഉദ്ദേശപരമായും തികച്ചും വ്യത്യസ്ത സ്വഭാവമുള്ളവയാണ്. യതീംഖാനകളെ ബാലനീതി നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് ശിശുസംരക്ഷണ കേന്ദ്രങ്ങളാക്കുന്നത് ആ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. അതിന് അവരെ നിര്‍ബന്ധിക്കുന്നത് ഇത്തരം സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ട് പോവാനുള്ള ഒരു സമുദായത്തിന്റെ ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ലംഘനമാവും.
1960ലെ നിയമപ്രകാരം ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ ശിശു സംരക്ഷണ സ്ഥാപനങ്ങളും ബാലനീതി നിയമ പ്രകാരവും രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് 2017 നവംബറിലാണ്. ബാലനീതി നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലാത്ത ഒട്ടനവധി അനാഥാലയങ്ങള്‍ ഇതിനോടകം കേരളത്തില്‍ അടച്ച് പൂട്ടിക്കഴിഞ്ഞു. യതീംഖാനകളുടെ സംരക്ഷണാര്‍ഥം സമസ്ത കേരള ജംഇയത്തുല്‍ ഉലമ രൂപീകരിച്ച കോര്‍ഡിനേഷന്‍ കമ്മിറ്റി ഈ സര്‍ക്കാര്‍ ഉത്തരവിനെതിരേ സുപ്രിംകോടതിയെ സമീപിക്കുകയും ഒരു ഇടക്കാല ഉത്തരവ് നേടിയെടുക്കുകയും ചെയ്തതിന്റെ ഫലമായാണ് മുന്നൂറോളം വരുന്ന മുസ്‌ലിം യതീംഖാനകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
യതീം ഖാനകള്‍ ഇനി സി.ഡബ്ല്യു.സിയുടെ കീഴിലും രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം നിയമപരമായി യുക്തിസഹമല്ല. ജെ.ജെ ആക്ടില്‍ പ്രതിബാധിക്കുന്ന ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളികളെയും സര്‍ക്കാര്‍ സംരക്ഷണം ആവശ്യമായ കുട്ടികളെയും ഉദ്ദേശിച്ചുള്ള സ്ഥാപനങ്ങളാണ്. സര്‍ക്കാര്‍ സംരക്ഷണം ആവശ്യമുള്ള കുട്ടികള്‍ ആരാണെന്ന് നിയമത്തിന്റെ 2(14) വകുപ്പില്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ഈ രണ്ട് വിഭാഗത്തിലും വരുന്ന ഒരു കുട്ടിയെയും യതീംഖാനകളില്‍ പ്രവേശിപ്പിക്കുന്നില്ല.
യതീംഖാനകളില്‍ താമസിക്കുന്ന കുട്ടികള്‍ കുടുംബപശ്ചാത്തലമുള്ളവരും വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി മാത്രം അവിടെ താമസിക്കുന്നവരുമാണ്. മാതാപിതാക്കളില്‍ ആരുടെയെങ്കിലും അഭാവത്താലോ സാമ്പത്തിക പരാധീനതകളാലോ മാത്രമാണ് ആ കുട്ടികള്‍ യതീംഖാനകളില്‍ താമസിക്കുന്നത്. മറ്റ് ചിലര്‍ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസം ലക്ഷ്യംവച്ച് വരുന്നവരാണിവര്‍. ഇത്തരം കുട്ടികളെ ബാലനീതി നിയമത്തില്‍ പറയുന്ന കുട്ടികളുമായി താരതമ്യപ്പെടുത്തുന്നത് നീതിയല്ല.
ഇത്തരത്തിലുള്ള അനവധി വകുപ്പുകള്‍ ഉള്ളതിനാല്‍ യതീംഖാനകള്‍ക്ക് ഒരു കാരണവശാലും ജെ.ജെ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുക സാധ്യമല്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സമസ്തയുടെ കീഴിലുള്ള യതീം ഖാന കോര്‍ഡിനേഷന്‍ കമ്മിറ്റി സമര്‍പ്പിച്ച ഹരജിയും സുപ്രിംകോടതി നവംബര്‍ ആദ്യവാരത്തിലേക്ക് വിശദമായ വാദത്തിന് വച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ 2017 നവംബറിലെ ഉത്തരവ് പിന്‍വലിക്കുകയും യതീംഖാനകള്‍ക്ക് അനുകൂലമായ നിലപാട് സുപ്രിംകോടതിയില്‍ സ്വീകരിക്കുകയുമാണ് വേണ്ടത്. കേരളത്തിലെ യതീംഖാനകള്‍ക്ക് താഴുവീണാല്‍ പതിനായിരക്കണക്കിന് അനാഥ അഗതി ബാല്യങ്ങളാണ് പെരുവഴിയിലാകാന്‍ പോകുന്നത്. ഇവിടെ നിന്നു തിരിച്ചയക്കപ്പെട്ട ബിഹാറിലെയും ജാര്‍ഖണ്ഡിലെയും കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥയിലേക്കാണ് നാം ഇവരെയും തള്ളിവിടാന്‍ പോകുന്നതെന്ന ബോധ്യം കേരള സര്‍ക്കാരിനുണ്ടാവണം.

(സുപ്രിംകോടതി അഭിഭാഷകനാണ്
ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  4 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  5 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  5 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  5 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  5 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  5 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  5 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  5 days ago