HOME
DETAILS

അക്ബര്‍ ചക്രവര്‍ത്തി

  
backup
September 24 2019 | 19:09 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%95%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഏറ്റവും ശക്തനായിരുന്നു അക്ബര്‍. അബുല്‍ഫത്ത് ജലാലുദ്ദീന്‍ മുഹമ്മദ് അക്ബര്‍ എന്നായിരുന്നു പൂര്‍ണമായ പേര്. ഹുമയൂണിന്റെയും ഹമീദാബാനുവിന്റെയും പുത്രനായി 1542ല്‍ സിന്‍ഡ് മരുഭൂമിയുടെ കിഴക്കന്‍ പ്രദേശത്തുള്ള അമര്‍കോടില്‍ ജനിച്ചു. ഹുമയൂണ്‍ തന്റെ പുത്രന് ആദ്യം നല്‍കിയ പേര് ബഹറുദ്ദീന്‍ മുഹമ്മദ് അക്ബര്‍ എന്നായിരുന്നു.
'ജന്‍' പട്ടണത്തിലെ ഒരു കൊച്ചു വീട്ടില്‍ 1543 വരെ അക്ബര്‍ മാതാവിനോടൊത്തു താമസിച്ചു. കാന്തഹാറിലെത്തിയ ഹുമയൂണിന് അനുജനായ അസ്‌ക്കാരിയുടെ ശത്രുതമൂലം അക്ബറെ അവിടെ ഉപേക്ഷിച്ച് ഹമീദയോടൊപ്പം രക്ഷപ്പെടേണ്ടിവന്നു. എന്നാല്‍ അസ്‌ക്കാരിയുടെ കൊട്ടാരത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയായ സുല്‍ത്താനാ ബീഗത്തിന്റെ വാത്സല്യപാത്രമാവാന്‍ അക്ബറിനു കഴിഞ്ഞു. അടുത്ത വര്‍ഷം അക്ബര്‍ മുത്തച്ഛന്റെ സഹോദരിയായ ഖല്‍സാദ് ബീഗത്തിന്റെ സംരക്ഷണത്തിലായി. അതേവര്‍ഷം തന്നെ ഹുമയൂണ്‍ പുത്രസംരക്ഷണം വീണ്ടും ഏറ്റെടുത്തു. ഇതോടുകൂടി ബഹറുദ്ദീന്റെ പേര് 'ജലാലുദ്ദീന്‍' എന്നുമാറ്റി. ഹുമയൂണിന് പെട്ടെന്നുണ്ടായ രോഗബാധ ശത്രുക്കള്‍ നല്ല ഒരവസരമായി കരുതി. സഹോദരനായ കംറാന്‍ 1546ല്‍ കാബൂള്‍ പിടിച്ചെടുത്ത് ജലാലുദ്ദീന്‍ അക്ബറിനെ തടവിലാക്കി. എങ്കിലും 1550ല്‍ ഹുമയൂണ്‍ പുത്രനെ വീണ്ടെടുത്തു. ഹുമയൂണ്‍ അപകടത്തില്‍പ്പെട്ടു മരിച്ചതോടെ ജലാലുദ്ദീന്‍ അക്ബര്‍ പതിനാലാമത്തെ വയസില്‍ (1556 ) ഡല്‍ഹി ചക്രവര്‍ത്തിയായി അധികാരമേറ്റു.

മീര്‍ അബ്ദുല്‍ ലത്തീഫ്

ഇന്ത്യയിലെ ഒരൊറ്റ പ്രദേശമോ നാടുവാഴിയോ അക്ബറിനെ അംഗീകരിക്കുവാന്‍ ആദ്യം കൂട്ടാക്കിയില്ല. തന്മൂലം ഏതാണ്ട് ജീവിതകാലം മുഴുവന്‍ അക്ബറിന് യുദ്ധത്തിലേര്‍പ്പെടേണ്ടിവന്നു. ആദ്യം നേരിടേണ്ടിവന്നത് ആദിര്‍ഷാ സൂറിന്റെ മന്ത്രിയായിരുന്ന ഹിമുവിനെ ആയിരുന്നു. ആഗ്രയും ഡല്‍ഹിയും പിടിച്ചെടുത്ത് ഹിമു ഇതിനകം തന്നെ 'വിക്രമാദിത്യന്‍' (വിക്രംജിത്) എന്ന പേരു സ്വീകരിച്ചിരുന്നു. ബൈരംഖാനോടൊത്ത് അക്ബര്‍ ശത്രുസങ്കേതത്തിലെത്തുകയും 1556ല്‍ നടന്ന രണ്ടാം പാനിപ്പത്ത് യുദ്ധത്തില്‍ ശത്രുവിനെ വധിക്കുകയും ചെയ്തു. ഡല്‍ഹിയും ആഗ്രയും അതോടെ അക്ബറിന്റെ കീഴിലായി. മാന്‍കോട്ടില്‍ എതിര്‍ത്തുനിന്ന സിക്കന്തര്‍സൂറും അക്ബറിനു കീഴടങ്ങി (1557). മാന്‍കോട്ടുവച്ചുതന്നെ അക്ബര്‍ 15ാം വയസില്‍ പിതൃസഹോദരന്റെ പുത്രിയെ വിവാഹം ചെയ്തു.
ഈ കാലത്താണ് അക്ബറിന്റെ വിദ്യാഭ്യാസത്തിനു വേണ്ടി മീര്‍ അബ്ദുല്‍ ലത്തീഫ് എന്ന പേര്‍ഷ്യന്‍ പണ്ഡിതന്‍ നിയമിതനായത്. 'സര്‍വരോടും സഹിഷ്ണുത' (സുല്‍ഹ്ഇകുല്‍) എന്ന നൂതനാശയം അക്ബറില്‍ പകര്‍ന്നത് ഇദ്ദേഹമാണ്. സകല മതങ്ങളുടെയും അടിസ്ഥാനപ്രമാണം ഒന്നുതന്നെയെന്ന് അക്ബര്‍ ലത്തീഫില്‍നിന്നു ഗ്രഹിച്ചു. വായനയില്‍ വിമുഖത കാണിച്ചെങ്കിലും വ്യായാമം, നായാട്ട്, പക്ഷിനിരീക്ഷണം, മൃഗസംരക്ഷണം മുതലായവയില്‍ പ്രാവീണ്യം നേടി.


അക്ബറും
ദക്ഷിണേന്ത്യയും

ദക്ഷിണേന്ത്യയില്‍ സൈനിക നടപടിയേക്കാള്‍ അക്ബര്‍ ഇഷ്ടപ്പെട്ടത് നയതന്ത്രജ്ഞതയാണ്. ഖാന്‍ദേശ് അഹമ്മദ് നഗരം, ഗോല്‍ക്കൊണ്ട, ബിജാപ്പൂര്‍ എന്നീ രാജ്യങ്ങളോടും തന്റെ ആധിപത്യം അംഗീകരിക്കുവാനും മുഗള്‍ സാമ്രാജ്യാധിപതിക്കു കപ്പം നല്‍കുവാനും അക്ബര്‍ ആവശ്യപ്പെട്ടു. ഖാന്‍ദേശ് ഒഴികെ മറ്റുള്ളവര്‍ ഇത് അംഗീകരിച്ചില്ല. ക്ഷുഭിതനായ അക്ബര്‍ അഹമ്മദ് നഗരം ആക്രമിച്ചു. അഹമ്മദ് നഗരത്തിന്റെ പ്രതിരോധത്തില്‍ റാണി ചാന്ദ്ബീബി പ്രധാന പങ്കുവഹിച്ചിരുന്നു. സമരനായകത്വം ഏറ്റെടുത്ത് അക്ബര്‍ 1600ല്‍ ബുര്‍ഹാന്‍പൂര്‍ കീഴടക്കി. അസീര്‍ഗഢ്‌കോട്ട വളഞ്ഞ് ഇതിനിടയില്‍ മറ്റൊരു മുഗള്‍ സൈന്യം അഹമ്മദ് നഗരവും കീഴടക്കി. അസീര്‍ഗഢ് കോട്ട 1601ല്‍ അക്ബറിനധീനമായി. ഈ പ്രദേശങ്ങളെ മൂന്നു സുബകളായി വിഭജിച്ച് ഭരണകാര്യങ്ങള്‍ക്കായി പുത്രനായ ദാനിയാലിനെ നിയോഗിച്ചു. വാര്‍ധക്യത്താല്‍ അവശനായ അക്ബര്‍ ചക്രവര്‍ത്തി 63ാമത്തെ വയസില്‍ 1605ല്‍ അന്തരിച്ചു. സിക്കന്തരയില്‍ താന്‍ നിര്‍മിച്ച ശവകുടീരത്തില്‍ മതാനുഷ്ഠാനങ്ങളോടെ ചക്രവര്‍ത്തിയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്യപ്പെട്ടു.

ഉത്തരേന്ത്യ അക്ബറിനു കീഴില്‍

അക്ബറിന്റെ ഒരു വലിയ വിജയം 1561ല്‍ മാള്‍വ കീഴടക്കിയതാണ്. യുദ്ധത്തടവുകാരെ അടിമകളാക്കുന്നതിനെ ഇദ്ദേഹം കര്‍ശനമായി തടഞ്ഞത് ഈ യുദ്ധത്തോടെയാണ്. തീര്‍ഥാടകരില്‍ ചുമത്തിയിരുന്ന നികുതിയും അതേത്തുടര്‍ന്ന് 'ജസിയ' എന്ന നികുതിയും അക്ബര്‍ അവസാനിപ്പിച്ചു. അക്കൊല്ലം തന്നെ ജയ്പൂര്‍ രാജാവായ രാജാബിഹാരിമല്ലന്റെ പുത്രിയെ അക്ബര്‍ വിവാഹം ചെയ്തു. ജഹാംഗീറിന്റെ മാതാവായ ഈ സ്ത്രീ മറിയം സമാനി എന്ന പേരില്‍ ഇസ്‌ലാം സ്വീകരിച്ചു. ഇതേ കാലഘട്ടത്തിലാണ് പ്രസിദ്ധ ഗായകനായ താന്‍സനെ ചക്രവര്‍ത്തി കണ്ടെത്തിയത്. സാമ്രാജ്യ വിപുലീകരണമാണ് രാജധര്‍മമെന്ന വിശ്വാസത്തെ അക്ബര്‍ തികച്ചും മാനിച്ചു. ഭാത്ത് രാജ്യവും തുടര്‍ന്ന് ഗോണ്ട്വാനയും (ഇന്നത്തെ മധ്യപ്രദേശിന്റെ വടക്കന്‍ പ്രദേശങ്ങള്‍) ഇദ്ദേഹം കീഴടക്കി. ഒരു വന്‍ യുദ്ധത്തില്‍ രാജവീരനാരായണനും രാജമാതാവായ റാണി ദുര്‍ഗാവതിയും കൊല്ലപ്പെട്ടു. ഉസ്‌ബെഗ് വംശജര്‍ നടത്തിയ ലഹളയായിരുന്നു 1565ല്‍ ആഗ്രാകോട്ടയുടെ പണി ആരംഭിക്കുവാന്‍ പ്രചോദനമായത്. മണിക്പൂര്‍ യുദ്ധത്തില്‍ ഈ ലഹളയ്‌ക്കൊരുങ്ങിയവരെ തീര്‍ത്തും നശിപ്പിക്കുവാന്‍ അക്ബറിനു കഴിഞ്ഞു.
സുശക്തമായ ഭരണസംവിധാനത്തിന് പ്രബലമായ കോട്ടകള്‍ നേടിയെടുക്കേണ്ടത് ആവശ്യമാണെന്ന് അക്ബര്‍ ചക്രവര്‍ത്തിക്കു ബോധ്യമായി. ആദ്യത്തെ സംരംഭം മേവാറിന്റെ തലസ്ഥാനമായ ചിത്തോര്‍കോട്ട പിടിക്കുകയായിരുന്നു. മേവാര്‍ റാണാ ഉദയസിംഹന്‍ മുഗള്‍സേനയുടെ ആഗമനത്തോടെ പലായനം ചെയ്തു. എങ്കിലും രാജമല്ലന്റെ നേതൃത്വത്തില്‍ മേവാറിനെ രക്ഷിക്കാന്‍ രജപുത്രര്‍ തയാറായി. ഒരു സമരത്തിനുശേഷം 1568ല്‍ ചിത്തോര്‍ കീഴടക്കി. രജപുത്രരുടെ സ്വരാജ്യസ്‌നേഹത്തില്‍ ആദരവുതോന്നിയ ചക്രവര്‍ത്തി, ജയമല്ലന്റെയും പുത്രന്റെയും പ്രതിമകള്‍ കോട്ടയില്‍ സ്ഥാപിച്ചു.
ചിത്തോറിന്റെ പതനത്തിനുശേഷം 1569ല്‍ അക്ബര്‍ രണ്‍ഥംഭോര്‍ കോട്ടയും കലിഞ്ജാര്‍ കോട്ടയും കീഴടക്കി. സന്താനസൗഭാഗ്യത്തിനുവേണ്ടി ഇദ്ദേഹം സിക്രിയിലെ ഷെയ്ക്കു സലിം എന്ന യോഗിവര്യനെ കണ്ടെത്തി. മൂത്ത പുത്രനായ സലിം ജനിച്ചത് (1569) ഷെയ്ക്കിന്റെ അനുഗ്രഹം മൂലമാണെന്ന് അക്ബര്‍ വിശ്വസിച്ചു. അടുത്തവര്‍ഷം ബിക്കാനീറിലേയും ജെയ്‌സാല്‍മറിലേയും രാജകുമാരിമാരെ അക്ബര്‍ വിവാഹം കഴിച്ചു. ചക്രവര്‍ത്തിയുടെ രണ്ടാമത്തെ പുത്രനായ മുറാദ് ജനിച്ചതും ഈ വര്‍ഷം തന്നെയാണ്. ഫത്തേപ്പൂര്‍ സിക്രി സ്ഥാപിച്ചത് ചക്രവര്‍ത്തിക്കു ഷെയ്ക്കിനോടുള്ള ഭക്തിയുടെ പ്രതീകമായിട്ടായിരുന്നു. ഗുജറാത്ത് 1572ലും സൂററ്റ് 1573ലും അക്ബറിന്റെ കീഴിലായി. ഒരു യുദ്ധം കൂടാതെ തന്നെ കാംഗ്ര ചക്രവര്‍ത്തിയുടെ മേല്‍ക്കോയ്മ സ്വീകരിച്ചു. ഗുജറാത്ത് മുഗള്‍ സാമ്രാജ്യത്തിലുള്‍പ്പെട്ടതിന്റെ ഫലമായി ചക്രവര്‍ത്തിക്കു വിദേശവാണിജ്യം പ്രോത്സാഹിപ്പിക്കുവാനും പോര്‍ച്ചുഗീസുകാരുടെ സ്വാധീനശക്തി നിയന്ത്രിക്കുവാനും സാധിച്ചു. ഷേര്‍ഷായുടെ മരണശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബംഗാള്‍ സുല്‍ത്താന്‍ ദാവൂദ് ചക്രവര്‍ത്തിയെ പ്രകോപിപ്പിച്ചു. രാജ്മഹല്‍ യുദ്ധത്തില്‍ ദാവൂദ് കൊല്ലപ്പെടുകയും 1574ല്‍ ബംഗാള്‍ മുഗള്‍സാമ്രാജ്യത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. അക്ബറിന്റെ സേനാനായകനായിരുന്ന മാനസിംഹന്‍ 1590ല്‍ ഒറീസയും കീഴടക്കി.
ഉത്തരേന്ത്യ ഏറെക്കുറെ മുഴുവന്‍ തന്നെ അക്ബറിന് കീഴിലായി. മേവാര്‍ റാണാ പ്രതാപസിംഹന്‍ 1576ല്‍ ഹല്‍ദീഘാട്ടു യുദ്ധത്തില്‍ പരാജയപ്പെട്ടെങ്കിലും മേവാര്‍ പരിപൂര്‍ണമായും കീഴടങ്ങിയിരുന്നില്ല. പ്രതാപസിംഹനു ശേഷം പുത്രനായ അമരസിംഹനും സ്വാതന്ത്ര്യസമരം തുടര്‍ന്നു. ഈ കാലഘട്ടത്തിലാണ് ഫെയ്‌സി അബുല്‍ ഫസല്‍ സഹോദരന്മാരെ സുഹൃത്തുക്കളായി ചക്രവര്‍ത്തിക്ക് ലഭിച്ചത്. ചക്രവര്‍ത്തിയില്‍ ആത്മീയബോധം ഉണര്‍ത്തിവിട്ടത് അബുല്‍ ഫസലായിരുന്നു. 1583ല്‍ അക്ബര്‍ അലഹബാദ് കോട്ട പണിയിച്ചു. കശ്മിര്‍ 1586ല്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. സ്വാത്ത് പ്രദേശം കീഴടക്കുന്നതിനിടയില്‍ ചക്രവര്‍ത്തിക്കു തന്റെ ഉത്തമസുഹൃത്തായ രാജാബീര്‍ബല്‍നെ നഷ്ടപ്പെട്ടു. കാബൂളിലേക്കു ചക്രവര്‍ത്തി പുറപ്പെട്ടപ്പോഴാണ് രാജാഭഗവന്‍ദാസിന്റെയും രാജാടോഡര്‍മാളിന്റെയും മരണവാര്‍ത്ത അക്ബര്‍ കേട്ടത്. സിന്‍ഡ് 1591ലും ബലൂചിസ്താന്‍ 1592ലും മക്കറാന്‍ 1593ലും കാന്തഹാര്‍ 1596ലും അക്ബര്‍ കീഴടക്കി.


ഇബാദത്ത് ഖാനയും ദിന്‍ഇലാഹിയും
ബംഗാള്‍ സ്വാധീനത്തിലാക്കി തിരിച്ചുവരുമ്പോഴാണ് മതപരമായ ചര്‍ച്ചകള്‍ നടത്തുന്നതിന് ഒരു മന്ദിരം പണിയുവാന്‍ അക്ബര്‍ തീരുമാനിച്ചത്. ഫത്തേപ്പൂര്‍ സിക്രിയില്‍ പണി ചെയ്യപ്പെട്ട 'ഇബാദത്ത് ഖാന' എന്നറിയപ്പെടുന്ന ആ സൗധത്തില്‍ സര്‍വമത സമ്മേളനങ്ങള്‍ കൃത്യമായിത്തന്നെ വിളിച്ചുകൂട്ടി. വിവിധ മതങ്ങള്‍ പരസ്പരം പുലര്‍ത്തിപ്പോന്ന അസഹിഷ്ണുത 'മത'ത്തിന്റെ പൊരുളറിയുന്ന ശ്രമത്തിലേക്ക് അക്ബറുടെ ശ്രദ്ധ തിരിച്ചുവിട്ടിരുന്നു.
വിവിധ വിശ്വാസ സിദ്ധാന്തങ്ങളെപ്പറ്റിയുള്ള ചര്‍ച്ച 1582 വരെ നീണ്ടുനിന്നു. എല്ലാ മതസ്ഥരോടും സഹകരണവും സഹിഷ്ണുതയും പുലര്‍ത്തുക എന്ന തത്ത്വം (സുല്‍ഹ്ഇകുല്‍) ഈ കാലഘട്ടത്തിലാണ് അക്ബര്‍ തന്റെ മതാനുഷ്ഠാനങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി അംഗീകരിച്ചത്. ഹിന്ദുക്കളും രജപുത്രരുമായി ഉറ്റ സൗഹൃദം പുലര്‍ത്തിപ്പോന്നതും അന്യമതസ്ഥരില്‍ അടിച്ചേല്‍പ്പിച്ചിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതും യുക്തിക്കടിസ്ഥാനമായി മാത്രം ജീവിച്ചതും സര്‍വജനസാഹോദര്യമെന്ന വിശ്വാസത്തില്‍ ഊന്നിക്കൊണ്ടു മാത്രമായിരുന്നു.
ഇതിലെല്ലാം അദ്ദേഹത്തിനു വമ്പിച്ച എതിര്‍പ്പു നേരിടേണ്ടിവന്നു. എങ്കിലും 1582ല്‍ ഇദ്ദേഹം ഒരു ചുവടുകൂടി മുന്നോട്ടുവച്ച് ഒരു നവീന ആശയമായ 'ദിന്‍ഇലാഹി' സ്ഥാപിച്ചു. എല്ലാ മതങ്ങളുടെയും സാരാംശം അതില്‍ അടങ്ങിയിരുന്നു. ഏകദൈവത്തിലും സഹിഷ്ണുതയിലും സര്‍വജനസാഹോദര്യത്തിലും മാത്രം വിശ്വാസമര്‍പ്പിച്ച 'ദിന്‍ഇലാഹി' അര്‍ഥശൂന്യമായ മതാചാരങ്ങള്‍ക്കതീതമായിരുന്നു.

ഭരണരീതി
ഷേര്‍ഷായുടെ ഭരണസംവിധാനം അക്ബര്‍ വികസിപ്പിച്ചെടുത്തു. രാജവാഴ്ചയിലാണ് അക്ബര്‍ വിശ്വസിച്ചിരുന്നത്. ചക്രവര്‍ത്തിയുടെ ആജ്ഞാനുവര്‍ത്തികളായി മന്ത്രിമാരും വകുപ്പധ്യക്ഷന്മാരും നിയമിതരായി. 'വക്കീല്‍' (പ്രധാന മന്ത്രി), 'ദിവാന്‍' (ധനകാര്യം), 'ബക്ഷി' (സൈനികകാര്യങ്ങള്‍), 'സദര്‍' (മതകാര്യം) എന്നിവയ്ക്കു മന്ത്രിപ്രമുഖന്മാരും അവര്‍ക്കു പുറമേ വകുപ്പധ്യക്ഷന്മാരും അസംഖ്യം മറ്റുദ്യോഗസ്ഥന്മാരും ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചുവന്നു.
എല്ലാ മതവിഭാഗക്കാരെയും ഭരണകാര്യത്തില്‍ പങ്കെടുപ്പിക്കുകയെന്ന നയം അക്ബര്‍ ആവിഷ്‌കരിച്ചു. 'മന്‍സബ്ദാരി' സമ്പ്രദായത്തിലാണ് ഉദ്യോഗസ്ഥന്മാരുടെ പദവി നിശ്ചയിക്കപ്പെട്ടിരുന്നത്. കാര്യശേഷിക്കനുസരിച്ച് പദവി ഉയര്‍ത്തുകയെന്ന ചക്രവര്‍ത്തിയുടെ നയം ഭരണകൂടത്തിന്റെ കഴിവ് വര്‍ധിപ്പിച്ചു.
സാമ്രാജ്യം ഭരണപരമായ സൗകര്യങ്ങള്‍ക്കായി 12 'സുബ'കളായി തിരിക്കപ്പെട്ടു. ഓരോ സുബയും സര്‍ക്കാരുകളായും ഫര്‍ഗാനകളായും പുനര്‍വിഭജിക്കപ്പെട്ടിരുന്നു. സുബയിലെ പരമാധികാരിയായ സുബേദാര്‍ ഉയര്‍ന്ന സൈനികരില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടു. ദിവാന്‍, അമീര്‍, ഗുമസ്തന്‍, ഖജാന്‍ജി എന്നിവരായിരുന്നു സുബയിലെ പ്രധാന ഉദ്യോഗസ്ഥന്മാര്‍. സര്‍ക്കാര്‍ ഭരിച്ചിരുന്നത് ഫൌജ്ദാരും അമാല്‍ ഗുസരും കൂടിയായിരുന്നു. നഗരഭരണം കൊത്ത്വാളിലാണ് നിക്ഷിപ്തമായിരുന്നത്.


നിര്‍മിതികള്‍
ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലുള്‍പ്പെട്ട ഒരു നഗരമാണ് ഫത്തേപ്പൂര്‍ സിക്രി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍പെടുത്തിയ ഒരു സ്ഥലമാണിത്. അക്ബറിന്റെ ഭരണകാലത്ത് ആഗ്രയായിരുന്നു മുഗളന്മാരുടെ ആസ്ഥാനം. അക്ബര്‍ പണികഴിപ്പിച്ച ഭൂരിഭാഗം നിര്‍മിതികളും ആഗ്രയിലാണുള്ളത്. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി മന്ദിരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആഗ്ര കോട്ട, ഫത്തേപ്പൂര്‍ സിക്രി, ബുലന്ദ് ദര്‍വാസ, ജോധാ ബായ് മഹല്‍ എന്നിങ്ങനെ പോകുന്നു ആ പട്ടിക.


ബുലന്ദ് ദര്‍വാസ
താജ് മഹലിനു പുറമെ ആഗ്രയ്ക്ക് അഹങ്കരിക്കാന്‍ മുഗള്‍വാസ്തുകലയുടെ വൈഭവം വിളിച്ചോതുന്ന അമൂല്യ നിര്‍മിതികളുണ്ട്. അവയിലൊന്നാണ് അക്ബറിന്റെ കല്ലറ. നൂറ്റിപത്തൊന്‍പത് ഏക്കറുകളിലായാണ് ഈ പ്രദേശം പരന്നു കിടക്കുന്നത്. 1605ല്‍ അക്ബര്‍ തന്നെയാണ് തന്റെ കുഴിമാടത്തിന്റെ പണി തുടങ്ങിവച്ചത്. ചുവന്ന ചരല്‍കല്ലുകളും മാര്‍ബിളും ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. ഹിന്ദു -മുസ്‌ലിം നിര്‍മാണ വൈദഗ്ധ്യത്തിന്റെ മികച്ച ഉദാഹരണമാണിത്.


അക്ബര്‍ പ്രചരിപ്പിച്ച
നാണയങ്ങള്‍
നാണയസമ്പ്രദായം അക്ബര്‍ പുതുക്കി. ബംഗാള്‍, ജാന്‍പൂര്‍, ലാഹോര്‍, അഹമ്മദാബാദ്, പാറ്റ്‌ന എന്നിവിടങ്ങളില്‍ കമ്മട്ടങ്ങള്‍ സ്ഥാപിച്ചു.
സ്വര്‍ണം,വെള്ളി,ചെമ്പ് നാണയങ്ങള്‍ വൃത്താകൃതിയിലും ചതുരാകൃതിയിലും പ്രചരിപ്പിച്ചു. 'ഡറോഗ' എന്ന ഉദ്യോഗസ്ഥന്‍ ഇവയുടെ മേല്‍നോട്ടം വഹിച്ചു. കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ പ്രത്യേക ജാഗ്രത പാലിക്കാന്‍ അക്ബര്‍ വ്യവസ്ഥ ചെയ്തിരുന്നു.


ആഗ്ര ഫോര്‍ട്ട്

റെഡ്‌ഫോര്‍ട്ട് എന്ന പേരിലും അറിയപ്പെടുന്ന ഈ കോട്ട വാസ്തുശൈലിയിലും രൂപകല്‍പനയിലും ഡല്‍ഹിയിലെ ചെങ്കോട്ടയെ കവച്ചുവയ്ക്കുന്നതാണ്. രണ്ടു കെട്ടിടങ്ങളും ചുവന്ന മണല്‍ കല്ലുകള്‍കൊണ്ട് പണിതവയാണ്.താജ് മഹലിനെ കൂടാതെ ആഗ്രയില്‍ യുനെസ്‌കോയുടെ ലോകപൈതൃക സ്ഥലമെന്ന ഖ്യാതി നേടിയ ടൂറിസ്റ്റ് കേന്ദ്രമാണ് ഈ കോട്ട. 1565ല്‍ അക്ബറാണ് ഇതു പണിതത്.


കാഞ്ച് മഹല്‍

സിക്കന്ദ്രയിലെ അക് ബറിന്റെ ശവകുടീരത്തിനടുത്തുള്ള ചതുരാകൃതിയിലുള്ള കാഞ്ച് മഹല്‍ സ്വദേശീയ വാസ്തുകലയുടെ ഉത്തമ ഉദാഹരണമാണ്. 1605 മുതല്‍ 1619 വരെയുള്ള കാലത്താണ് ഇതു പണിതത്. രണ്ടു നിലകളുള്ള കെട്ടിടത്തില്‍ ചുവന്ന കല്ലുകളില്‍ വീഞ്ഞ് ചഷകങ്ങളും പുഷ്പിതമായ വള്ളികളും കലാപരമായി കോറിവച്ചിരിക്കുന്നത് കാണാം. അന്തപ്പുര സ്ത്രീകള്‍ക്കുള്ള താമസസ്ഥലമായാണ് ഇതു പണിതത്. എന്നാല്‍ ജഹാംഗീര്‍ ഇതിനെ ശിക്കാര്‍ഗ(വേട്ടയ്ക്കിടയിലെ ഇടത്താവളം)യാക്കി മാറ്റി. ഈ മഹലിന്റെ നാല് വശത്തും ചതുരാകൃതിയില്‍ ഓരോ അറകളുണ്ട്. പ്രധാന ഹാളിലേക്ക് വയുവും വെളിച്ചവും കടക്കാന്‍ രണ്ട് കിളിവാതിലുകളുണ്ട്. എല്ലാ മുറികളിലും പുറത്തേക്ക് ഉന്തിനില്‍ക്കുന്ന ജരോക്കകളും മട്ടുപ്പാവുകളുമുണ്ട്. കെട്ടിടത്തെ വലയം ചെയ്ത് മനോഹരമായ ഒരു തോട്ടം കാണാം. നീര്‍ചാലുകളും ജലസംഭരണികളും നടവരമ്പുകളും ഈ തോട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  2 months ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  2 months ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  2 months ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  2 months ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  2 months ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  2 months ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  2 months ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  2 months ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  2 months ago