'പീഡിപ്പിക്കപ്പെട്ട തന്റെ മകള്‍ ജയിലില്‍, കുറ്റക്കാരനായ ചിന്മയാനന്ദിന് ആശുപത്രിയില്‍ സുഖചികിത്സ'
ഷാജഹാന്‍പുര്‍: പരാതി നല്കിയ തന്റെ മകള്‍ ജയിലില്‍ കഴിയുകയാണെന്നും കുറ്റക്കാരനായ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിന് ആശുപത്രിയില്‍ സുഖചികിത്സയാണ് ലഭിക്കുന്നതെന്നും ആരോപിച്ച് പിതാവ് രംഗത്ത്. എന്തു തന്നെ ആയാലും ചിന്മയാനന്ദിനെതിരായ മകളുടെ പരാതി പിന്‍വലിക്കില്ലെന്നും പിതാവ് പറഞ്ഞു.
'ഏത് സാഹചര്യത്തിലായാലും എന്റെ മകള്‍ ചിന്മയാനന്ദിനെതിരെയുള്ള കേസ് പിന്‍വലിക്കില്ല. ഞങ്ങളെ അപമാനിക്കാന്‍ അവര്‍ക്കു സാധിക്കും. പക്ഷേ, അതൊന്നും ബാധിക്കില്ല. എന്റെ മകള്‍ ഇന്ന് പരാതി പിന്‍വലിക്കുകയാണെങ്കില്‍, ചിന്മയാനന്ദിനെ പോലുള്ള സ്വാധീനശക്തിയുള്ള കുറ്റവാളികള്‍ക്കെതിരെ പോരാടാന്‍ നാളെ ഒരിക്കല്‍ നമ്മുടെ പെണ്‍കുട്ടികള്‍ വിമുഖത കാണിക്കും. നീതിക്കു വേണ്ടി ഇനിയും പോരാടും. രാജ്യത്തിന്റെ പരമോന്നത നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യും'- അദ്ദേഹം പറഞ്ഞു.
നിയമവിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇയാളെ ആശുപത്രിയിലേക്കു മാറ്റി.
എന്നാല്‍ ചിന്മയാനന്ദില് നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പരാതി നല്കിയ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസില്‍ നേരത്തെ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെന്ന് കരുതുന്ന മൂന്നുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യാനായി തെളിവുകളുണ്ടാക്കുകയായിരുന്നു പൊലിസ്. പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് മനസിലാക്കിയ അന്വേഷണ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് തടയാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്കിയ ഹര്‍ജി പരിഗണിക്കുന്നതിന് ഒരു ദിവസം മുന്‍പ് പൊലിസെത്തി പെണ്‍കുട്ടിയെ വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു.
നേരത്തെ അറസ്റ്റിലായ മൂന്ന് യുവാക്കളും പെണ്‍കുട്ടിയും അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ചിന്മയാനന്ദിനെ ഫോണ്‍ വിളിച്ചെന്നാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടത്തിയാണ് പണം ആവശ്യപ്പെട്ടതെന്ന് ചിന്മയാനന്ദ് നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."