ബഗ്ദാദി കൊല്ലപ്പെട്ടതായി വീണ്ടും റിപ്പോര്‍ട്ട്
മോസ്‌കോ: ആഗോള ഭീകരസംഘടനയായ ഐ.എസിന്റെ മേധാവിയും സംഘടനയുടെ അധീനതയിലുള്ള പ്രദേശത്തെ സ്വയം പ്രഖ്യാപിത ഖലീഫയുമായ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി വീണ്ടും റിപ്പോര്‍ട്ട്.
റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് തങ്ങളുടെ ആക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്.കഴിഞ്ഞ മെയ് 28ന് നടന്ന ആക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടതായാണ് സംശയിക്കുന്നത്.
ആക്രമണത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്നും റഷ്യ തന്നെ പറയുന്നുമുണ്ട്. റഷ്യന്‍ പ്രതിരോധ വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇപ്രകാരമാണ്: ഐ.എസ് തലസ്ഥാനമായി അറിയപ്പെടുന്ന സിറിയയിലെ റഖയില്‍ ഐ.എസ് രഹസ്യയോഗം ചേരുന്നുവെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് റഷ്യന്‍ വ്യോമസേന ആക്രമണം നടത്തിയത്.
ഭീകരരെ തെക്കന്‍ ഇടനാഴിയിലേക്ക് കൊണ്ടുപോകുന്നതിനെ കുറിച്ചായിരുന്നു യോഗം. ഇവര്‍ യോഗം നടത്തുന്ന സ്ഥലവും സമയവും മനസിലാക്കി രാത്രി 12.35നും 12.45നും ഇടയിലുള്ള സമയത്താണ് ആക്രമണം നടത്തിയത്. ഐ.എസിന്റെ മുതിര്‍ന്ന 30 കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 300 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് നിഗമനം. ഐ.എസിന്റെ സൈനിക കൗണ്‍സില്‍ യോഗമായിരുന്നു അത്. കൊല്ലപ്പെട്ടവരില്‍ റഖ അമീര്‍ അബു അല്‍ ഹാജി അല്‍ മസ്‌രി, അമീര്‍ ഇബ്‌റാഹിം അല്‍ നാഇഫ് അല്‍ ഹജ്ജ്, സൈനിക മേധാവി സുലൈമാന്‍ അല്‍ സവാഹ് എന്നിവര്‍ ഉള്‍പ്പെടുന്നു. യോഗത്തില്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയും പങ്കെടുത്തതായാണ് വിവരം. ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിച്ചുവരികയാണെന്നും ആക്രമണത്തെയും സ്ഥലത്തെയും കുറിച്ച് അമേരിക്കന്‍ സൈന്യത്തെ അറിയിച്ചിരുന്നുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു.
എന്നാല്‍, ബഗ്ദാദി കൊല്ലപ്പെട്ടതായ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കാനാകില്ലെന്ന് യു.എസ് സൈനിക സഖ്യത്തിന്റെ വക്താവ് കേണല്‍ റയാന്‍ ഡില്ലന്‍ പറഞ്ഞു. യുഎസ് വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി മുന്‍പ് പലവട്ടം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 2014ല്‍ ബഗ്ദാദിയുടെ പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നതിനുശേഷം ഇയാളെ ലോകം കണ്ടിട്ടില്ല. മൗസിലിലെ അല്‍ നൂര്‍ പള്ളി പിടിച്ചെടുത്ത ശേഷം അവിടെവച്ചാണ് ബഗ്ദാദി സ്വയം പ്രഖ്യാപിത ഖലീഫയായി പ്രസംഗം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."