മാണി സി. കാപ്പന് മന്ത്രിസ്ഥാനം: എന്‍.സി.പിയില്‍ പുതിയ പോരിനിടയാക്കും
എം. ഷഹീര്‍
കോട്ടയം: പാലായില്‍ അട്ടിമറി വിജയം നേടിയ മാണി സി. കാപ്പന് മന്ത്രിസ്ഥാനം നല്‍കാനുള്ള നീക്കം എന്‍.സി.പിയില്‍ പുതിയ പോരിന് വഴിതുറക്കും. എ.കെ ശശീന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കി മാണി സി. കാപ്പനെ മന്ത്രിയാക്കുമെന്നാണ് സൂചന. നിലവില്‍ രണ്ട് അംഗങ്ങളുള്ള എന്‍.സി.പിയില്‍ മാണി.സി കാപ്പന്റെ വരവോടെ മൂന്ന് അംഗങ്ങളാകും. ഇതില്‍ എ.കെ ശശീന്ദ്രന്‍ പിണറായി സര്‍ക്കാരില്‍ രണ്ടാംതവണയാണ് മന്ത്രിയാകുന്നത്.
ലൈംഗികാപവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച ശശീന്ദ്രന് പിന്‍ഗാമിയായി തോമസ് ചാണ്ടി ഗതാഗതമന്ത്രിയാകുകയായിരുന്നു. എന്നാല്‍ പാടം നികത്തി റിസോര്‍ട്ടിലേക്കുള്ള റോഡുണ്ടാക്കിയെന്ന കേസില്‍ കുറ്റാരോപിതനായി തോമസ് ചാണ്ടിക്കും രാജിവയ്‌ക്കേണ്ടി വന്നു. ചെറിയ ഇടവേളക്ക് ശേഷമാണ് എ.കെ ശശീന്ദ്രന്‍ രണ്ടാമതും മന്ത്രിയായത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ എ.കെ ശശീന്ദ്രന്‍ ഒരുപക്ഷത്തും ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടിയും മാണി.സി കാപ്പനും മറുപക്ഷത്തുമാണ്. മന്ത്രിസ്ഥാനത്തിനായുള്ള പാര്‍ട്ടിക്കുള്ളിലെ പോര് ഒരുഘട്ടത്തില്‍ പിളര്‍പ്പിന്റെ വക്കിലേക്ക് വരെയെത്തിച്ചിരുന്നു.
എല്‍.ഡി.എഫിന് ഏറ്റവും അഭിമാനാര്‍ഹമായ വിജയം സമ്മാനിച്ച മാണി.സി കാപ്പന് മന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ ജയിച്ചാല്‍ മാണി.സി കാപ്പന്‍ മന്ത്രിയാകുമെന്ന തരത്തില്‍ എല്‍.ഡി.എഫ് പ്രചാരണം നടത്തിയിരുന്നു. 54 വര്‍ഷക്കാലം കെ.എം മാണി നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ അടുത്ത 20 മാസക്കാലം കൊണ്ട് മാണി.സി കാപ്പന് പാലായില്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അതിന് മന്ത്രിസ്ഥാനം അനിവാര്യമാണ്. കോട്ടയം ജില്ലയിലും മധ്യതിരുവിതാംകൂറിലും എല്‍.ഡി.എഫിന്റെ സ്വാധീനം കൂടുതല്‍ ശക്തമാക്കാനും മാണി.സി കാപ്പന് മന്ത്രിസ്ഥാനം നല്‍കുന്നതിലൂടെ കഴിയുമെന്ന വിശ്വാസം സി.പി.എം ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്കുണ്ട്. എന്നാല്‍ നിലവില്‍ മന്ത്രിസ്ഥാനം വഹിക്കുന്ന ശശീന്ദ്രനെ മാറ്റുന്ന കാര്യത്തിലും സി.പി.എമ്മില്‍ ഭിന്നാഭിപ്രായമുണ്ട്.
ആരോപണങ്ങളെ അതിജീവിച്ച് മടങ്ങിയെത്തിയ ശശീന്ദ്രനെ അധികകാലം പദവിയില്‍ തുടരാനനുവദിക്കാതെ മാറ്റുന്നത് അസംതൃപ്തിക്ക് കാരണമാകുമെന്നും സി.പി.എം നേതൃത്വത്തിലെ ഒരു വിഭാഗം കരുതുന്നു. ഏതായാലും മധ്യതിരുവിതാംകൂറിലും ക്രിസ്ത്യന്‍ സ്വാധീന മേഖലകളിലും മുന്നണിക്ക് കടന്നു ചെല്ലാനാകുമെങ്കില്‍ കാപ്പനെ മന്ത്രിയാക്കാനുള്ള സാധ്യത തെളിയും. എന്നാല്‍ എന്‍.സി.പിയില്‍ കുറച്ചുനാളായി നിലച്ചിരിക്കുന്ന ഗ്രൂപ്പ് പോര് വീണ്ടും ജീവന്‍ വയ്ക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."