ശബരിമല നട തുറന്നത് കനത്ത സുരക്ഷാവലയത്തില്‍
പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നത് കനത്ത സുരക്ഷാവലയത്തില്‍.
ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറന്നത്. ഇന്നലെ പ്രത്യേക പൂജകള്‍ ഉണ്ടായില്ല. ചിത്തിര ആട്ട തിരുനാളായ ഇന്ന് പുലര്‍ച്ചെ അഞ്ചിന് നട തുറക്കും. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനം, അഭിഷേകം എന്നിവയ്ക്കുശേഷം നെയ്യഭിഷേകം നടക്കും.കലശാഭിഷേകം, പടി പൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവയ്ക്കുശേഷം രാത്രി 10ന് ഹരിവരാസനം പാടി നട അടക്കും. നല്ല തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.
തിരക്ക് നിയന്ത്രിക്കാനും സുരക്ഷയുടെ പേരിലും 2300ഓളം പൊലിസുകാരെ സന്നിധാനത്തും മറ്റിടങ്ങളിലുമായി നിയോഗിച്ചിരുന്നു. 75 കമാന്‍ഡോകളും 50 വയസ് കഴിഞ്ഞ 15 വനിതാ പൊലിസുകാരും സന്നിധാനത്തുണ്ട്. ഇന്നലെ രാവിലെ ഒന്‍പതു മുതല്‍ മാധ്യമങ്ങളെ കയറ്റിവിട്ടു. അതേസമയം, ദര്‍ശനത്തിനായി എരുമേലിയില്‍ എത്തിയ ഭക്തരെ നിലയ്ക്കല്‍ ബേസ് ക്യാംപില്‍ എത്തിക്കാന്‍ പൊലിസ് തയാറായില്ലെന്ന് രാവിലെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എരുമേലിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം ഏര്‍പ്പെടുത്താന്‍ പൊലിസ് ആദ്യം തയാറാകാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് അവരെ ബസില്‍ നിലയ്ക്കലില്‍ എത്തിച്ചു. അവിടെയും അടിസ്ഥാനസൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച ഭക്തര്‍ പ്രതിഷേധിച്ചു. കെ.എസ്.ആര്‍.ടി.സി ബസിന്റെ ലഭ്യതക്കുറവും പ്രശ്‌നം സൃഷ്ടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."