വോട്ടുചോര്‍ച്ച ബി.ജെ.പിക്ക് നാണക്കേടാവുന്നു
സ്വന്തം ലേഖകന്‍
പാലാ: പാലാ മണ്ഡലത്തിലെ എന്‍.ഡി.എയുടെ ഏഴായിരത്തോളം വോട്ട് ചോര്‍ന്നത് ബി.ജെ.പിക്ക് വലിയ നാണക്കേടാവുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.ഹരി യു.ഡി.എഫുമായി വോട്ടുകച്ചവടം നടത്തിയെന്ന് പാര്‍ട്ടി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളിക്കകണ്ടം ആരോപിച്ചിരുന്നു. ബിനുവിനെ സസ്‌പെന്റ് ചെയ്‌തെന്ന് ബി.ജെ.പി പറയുന്നുണ്ടെങ്കിലും താന്‍ നേരത്തെ രാജിവച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി പി.സി തോമസിന് 26533 വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ അതിന്റെ അടുത്തെത്താന്‍ ഇക്കുറി ആര്‍ക്കും കഴിഞ്ഞില്ല എന്നത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. 2016ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന എന്‍.ഹരിക്ക് 24821 വോട്ട് ലഭിച്ചപ്പോള്‍ ഇക്കുറി അത് 18044 വോട്ടുകളായി മാറി. ശബരിമല വിഷയവും ഭരണത്തിലെ വീഴ്ചകളും ഉള്‍പ്പെടെ പ്രചാരണ വിഷയം ആക്കിയെങ്കിലും വോട്ട് കൂടിയില്ലെന്നു മാത്രമല്ല ഏഴായിരത്തോളം വോട്ടുകള്‍ കുറയുകയും ചെയ്തു.
യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടിയതായും ആരോപിച്ചു. അംഗത്വ പ്രചാരണത്തിലൂടെ 5000 അംഗങ്ങള്‍ കൂടുതലായി ചേര്‍ന്നെന്ന് പറയുന്ന ബി.ജെ.പിക്ക് ഏഴായിരം വോട്ട് കുറഞ്ഞത് വലിയ നാണക്കേടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."