റബര്‍ തോട്ടങ്ങളിലെ കളനാശിനി പ്രയോഗം ഉത്തരവ് ലംഘിച്ച്; ഹാരിസണ്‍ കമ്പനിക്കെതിരേ നടപടിയുമായി കൃഷിവകുപ്പ്
പുതുക്കാട്: റബ്ബര്‍ തോട്ടങ്ങളില്‍ കളനാശിനി പ്രയോഗിക്കാന്‍ കൃഷി വകുപ്പിന്റെ അനുമതി വേണമെന്ന ഉത്തരവ് മറികടന്നാണ് പാലപ്പിള്ളിയില്‍ വിഷപ്രയോഗം നടന്നിരിക്കുന്നത്. പാലപ്പിള്ളി മേഖലയിലെ റബര്‍ എസ്റ്റേറ്റുകളില്‍ കളനാശിനി പ്രയോഗം നടത്താന്‍ അനുമതി തേടികൊണ്ട് കമ്പനികള്‍ ഏഴു മാസം മുന്‍പ് വരന്തരപ്പിള്ളി കൃഷി ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കൃഷിവകുപ്പില്‍ നിന്ന് കളനാശിനി പ്രയോഗത്തിനായി അനുമതി നല്‍കിയിട്ടില്ലെന്നും അനധികൃതമായാണ് തോട്ടങ്ങളില്‍ വിഷപ്രയോഗം നടത്തുന്നതെന്നും കൃഷി ഓഫിസര്‍ ഡോ. സ്വപ്ന അറിയിച്ചു. ഏതു തരത്തിലുള്ള നാശിനിയാണ് തോട്ടങ്ങളില്‍ ഉപയോഗിക്കേണ്ടതെന്ന് നിര്‍ദേശിക്കുന്നതും അതു നല്‍കുന്നതും കൃഷിവകുപ്പാണ്. കൃത്യമായ അളവില്‍ മാനദണ്ഡങ്ങള്‍ പാലിച്ചും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലുമാണ് കളനാശിനിപ്രയോഗം നടത്തേണ്ടതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവുകള്‍ അവഗണിച്ചാണ് കമ്പനികള്‍ വിഷപ്രയോഗം നടത്തുന്നത്. അനധികൃതമായി നടത്തുന്ന കളനാശിനി പ്രയോഗത്തിനെതിരേ നടപടിയെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും കൃഷി ഓഫിസര്‍ അറിയിച്ചു. ഇതിനിടെ റബര്‍ തോട്ടങ്ങളില്‍ വ്യാപകമായി കളനാശിനി പ്രയോഗം നടന്നതായി കണ്ടെത്തിയെന്ന് വരന്തരപ്പിളളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രേമ അറിയിച്ചു. നിര്‍ദേശങ്ങള്‍ വകവെക്കാതെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്ന തരത്തില്‍ വിഷപ്രയോഗം നടത്തയ കമ്പനിക്കെതിരേ അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
'കളനാശിനി പ്രയോഗം നിര്‍ത്തിവെക്കണം'
പുതുക്കാട്: പാലപ്പിള്ളി ഹാരിസണ്‍ മലയാളം കമ്പനിയുടെ കുണ്ടായി എസ്റ്റേറ്റില്‍ ദിവസങ്ങളായി നടന്നു വരുന്ന കളനാശിനി പ്രയോഗം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പരാതി.വരന്തരപ്പിള്ളി പഞ്ചായത്ത്, ജില്ലാ ഫോറസ്റ്റ് ഓഫിസര്‍, ആരോഗ്യ വകുപ്പ്, കൃഷി ഓഫിസര്‍ എന്നിവര്‍ക്കാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പരാതി നല്‍കിയത്. മുപ്ലി പുഴയോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ റബര്‍ തോട്ടങ്ങളിലെ കളകള്‍ നശിപ്പിക്കാന്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ ഉപയോഗിക്കുന്നതായി ശാസ്ത്രസാഹിത്യ പരിഷത്ത് പാലപ്പിള്ളി യൂണിറ്റ് ആരോപിച്ചു. തോട്ടങ്ങളില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ പ്രയോഗിക്കുന്നതുമൂലം പുഴയും മറ്റുജലസ്രോതസുകളും മലിനമാകാനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതിനും സാധ്യതയുണ്ടെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."