370ാം വകുപ്പ്: ജസ്റ്റിസ് രമണ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു; ഹരജികള്‍ ചൊവ്വാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹരജികള്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. ഇതിനായി മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രപീകരിച്ചു. ജസ്റ്റിസ്മാരായ സഞ്ജയ് കിഷന്‍ കൗള്‍, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍ ഗവായി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഓഗസ്റ്റ് 28നാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. സാധാരണ ചീഫ്ജസ്റ്റിസ് ആണ് ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കാറുള്ളതെങ്കിലും രഞ്ജന്‍ ഗൊഗൊയ് അടുത്തമാസം മൂന്നിനു വിരമിക്കാനിരിക്കുകയാണ്. ജസ്റ്റിസ് എസ്.എ ബോബ്‌ഡെയാവും അടുത്ത ചീഫ്ജസ്റ്റിസ്. അദ്ദേഹത്തിനും പിന്നില്‍ നിലവിലെ സീനിയോരിറ്റി അനുസരിച്ച് മൂന്നാംസ്ഥാനത്താണ് രമണയുടെ പദവി.
370ാം വകുപ്പ് റദ്ദാക്കി ജമ്മുകശ്മീരിനെ വിഭജിക്കുകയും അതേതുടര്‍ന്ന് സംസ്ഥാനത്ത് രൂപപ്പെടുകയും ചെയ്ത പ്രത്യേക സാഹചര്യം സംബന്ധിച്ച് നിരവധി ഹരജികളാണ് സുപ്രിംകോടതി മുന്‍പാകെ എത്തിയിരുന്നത്. ഇതില്‍ 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണ് ഭരണഘടനാ ബെഞ്ച് പുനപ്പരിശോധിക്കുന്നത്. നാഷനല്‍ കോണ്‍ഫറന്‍സ് എം.പിമരായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസ്‌നൈന്‍ മസൂദി, ജമ്മുകശ്മിര്‍ വിഷയത്തില്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥ സംഘത്തിലെ അംഗം രാധാകുമാര്‍, ജമ്മുകശ്മീര്‍ മുന്‍ ചീഫ് സെക്രട്ടറി ഹിന്‍ദാല്‍ ഹൈദര്‍ തിയാബ്ജി, വിരമിച്ച മേജര്‍ ജനറല്‍ അശോക് കുമാര്‍ മേത്ത, മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള എന്നിവരുടെതുള്‍പ്പെടെയുള്ള ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്.
sc five judge constitution bench to hear petitions challenging abrogation of article 370
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."