കുമ്മനമില്ലാതെ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടിക; വട്ടിയൂര്‍ക്കാവില്‍ എസ്. സുരേഷ്, കോന്നിയില്‍ കെ. സുരേന്ദ്രന്‍, അരൂരില്‍ പ്രകാശ് ബാബു
തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കുമ്മനം രാജശേഖരന്റെ സ്ഥാനാര്‍ഥിത്വം ഇല്ലാതെയാണ് പട്ടിക പ്രഖ്യാപിച്ചത്. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷും കോന്നിയില്‍ സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രനും മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറും എറണാകുളത്ത് സി.ജി രാജഗോപാലും അരൂരില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ്ബാബുവും മത്സരിക്കും.
ഏറെ അപ്രതീക്ഷിതമായാണ് വട്ടിയൂര്‍ക്കാവില്‍ സുരേഷിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറേ ഉറപ്പിച്ചിരുന്നുവെങ്കിലും അവസാനഘട്ടത്തില്‍ മാറുകയായിരുന്നു. സ്ഥാനാര്‍ഥി ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ മത്സര രംഗത്തില്ലെന്ന് രണ്ട് തവണ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ആര്‍.എസ്.സ് ഇടപെട്ടതിനെ തുടര്‍ന്ന് സമ്മതം അറിയിച്ചിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടത്. ഒരാളെ തന്നെ നിരവധി തവണ മത്സരിപ്പിക്കുന്നതിനെതിരേ ബി.ജെ.പിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനൊടുവിലാണ് സംസ്ഥാന ജന. സെക്രട്ടറി പി.കെ കൃഷ്ണദാസിന്റെ ഉള്‍പ്പെടെ പിന്തുണയില്‍ എസ്. സുരേഷിന് നറുക്കുവീണതെന്ന് കരുതുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ കെ. സുരേന്ദ്രന്‍ ലഭിച്ച മികച്ച പിന്തുണ കണക്കിലെടുത്താണ് നിയമസഭാ അങ്കത്തിലും സീറ്റു നല്‍കാന്‍ ഇടയായത്. അരൂര്‍ സീറ്റില്‍ നിന്നും ബി.ഡി.ജെ.എസ് പിന്‍മാറിയതോടെയാണ് പ്രകാശ്ബാബുവിനെ മത്സരിപ്പിക്കാന്‍ തീരുമാനച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."