മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സീനിയര്‍ കണ്‍സല്‍ട്ടന്റില്ല
മഞ്ചേരി: ഡോക്ടര്‍ നീണ്ട അവധിയില്‍ പോയതോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ആശുപത്രിയില്‍ ഗൈനക്കോളജി സീനിയര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. 2010 ല്‍ സൃഷ്ടിച്ച ഗൈനക്കോളജി തസ്തികയിലാണ് ഇപ്പോഴും ആളില്ലാത്തത്.
നിയമിക്കുന്ന ആളുകളെല്ലാം തൊട്ടടുത്ത ദിവസം തന്നെ അവധിയെടുത്തു പോകുന്നതാണ് രോഗികളെ വലയ്ക്കുന്നത്. ആശുപത്രിയിലെ സൗകര്യങ്ങളുടെ കുറവാണ് അവധിയില്‍ പോകാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിതരാക്കുന്നത്. പ്രമോഷന്‍ തസ്തിക ആയതിനാല്‍ സമീപ ജില്ലകളില്‍ നിന്നാണ് ഇതിലേക്ക് നിയമനം നടത്തുന്നത്. തൃശൂര്‍ ജില്ലയിലുള്ള മുതിര്‍ന്ന ഡോക്ടറെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം അവധിയില്‍ പോയി.
പാലക്കാട് ജില്ലയില്‍ നിന്ന് ഒരു സീനിയര്‍ സര്‍ജന്റെ നിയമനവും നടത്തിയിരുന്നെങ്കിലും അദ്ദേഹവും അവധിയെടുത്ത് പോയതോടെ രോഗികള്‍ വലിയ പ്രയാസമാണ് നേരിടേണ്ടി വരുന്നത്. ഉയര്‍ന്ന തസ്തികയില്‍ നിയമിക്കപ്പെട്ട മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ കൂടിയുള്ളതിനാല്‍ ജോലി ചെയ്യാന്‍ വേണ്ടത്ര സൗകര്യമോ വാര്‍ഡുകളൊ ഇല്ലാത്തതാണ് ജോലിയില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാര്‍ അവധിയെടുക്കാന്‍ കാരണം.
ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജ് ആക്കി ഉയര്‍ത്തിയ സമയത്ത് ആവശ്യമായ സൗകര്യങ്ങളും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കാന്‍ അധികൃതര്‍ തയാറാകാത്തതാണ് ഡോക്ടര്‍മാരെയും രോഗികളെയും ദുരിതത്തിലാക്കിയത്.
ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ സേവന വിഭാഗത്തില്‍ മൂന്ന് കണ്‍സള്‍ട്ടന്റ്, രണ്ട് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എന്നിവര്‍ക്കു പുറമേ മെഡിക്കല്‍ കോളജ് വിഭാഗം ഡോക്ടര്‍മാര്‍ വേറെയുമുണ്ട്.
ഇവര്‍ക്ക് ഇടയില്‍നിന്ന് സീനിയര്‍ തസ്തികയില്‍ ജോലി ചെയ്യാന്‍ സാധിക്കാത്തതാണ് നീണ്ട അവധിയില്‍ പോകാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."