പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബാനയര്‍പ്പിച്ചു
പിറവം: ചരിത്ര പ്രിസിദ്ധമായ പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രലില്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് കലക്ടര്‍ ഏറ്റെടുത്ത പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.
പള്ളിക്കകത്ത് കഴിയുകയായിരുന്ന യാക്കോബായ വിഭാഗക്കാരെ അറസ്റ്റ് ചെയ്തുനീക്കിയാണ് കഴിഞ്ഞ ദിവസം പള്ളി കലക്ടര്‍ ഏറ്റടുത്തിരുന്നത്. സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ലഭിച്ചിരുന്നുവെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കൈമാറ്റം നടന്നിരുന്നില്ല. തുടര്‍ന്ന് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം ഹരജി നല്‍കിയതിനെത്തുടര്‍ന്ന് ഹൈക്കോടതി ഇത് അനുവദിച്ചു. എന്നാല്‍ പള്ളി കൈമാറ്റം വീണ്ടും വൈകിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ശക്തമായി ഇടപെട്ടത്.
ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കുര്‍ബാന അര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം കോടതി അനുമതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വികാരി ഫാ. സ്‌കറിയ വട്ടക്കാട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സഹ വികാരിമാരായ ഫാ. ഏലിയാസ് ചെറുകാട്, ഫാ. മാത്യൂസ് വാതക്കാട്ടില്‍, ഫാ. മാത്യൂസ് കാഞ്ഞിരംപാറ എന്നിവരുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് വിശ്വാസികളുടെ അകമ്പടിയോടെ പള്ളിക്കകത്ത് പ്രവേശിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചത്.
പള്ളിക്ക് ചുറ്റും പൊലിസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ 7 ന് തന്നെ വിശ്വാസികള്‍ പള്ളിയില്‍ എത്തിയെങ്കിലും മൈക്ക് മുതലായ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പിന്നീട് പുറത്തുനിന്ന് എത്തിച്ച ശേഷമാണ് പ്രാര്‍ഥന തുടങ്ങിയത്. പള്ളിയുടെ കേസ് നാളെ വീണ്ടും പരിഗണിക്കുമ്പോള്‍ തുടര്‍ നടപടികള്‍ കോടതി നിര്‍ദേശിക്കുന്നതനുസരിച്ചു ജില്ലാ ഭരണകൂടം താക്കോല്‍ അടക്കമുള്ളവ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാനാണ് സാധ്യത.
ഇതിനിടെ യാക്കോബായ വിഭാഗം ടൗണില്‍ കുരിശിന് സമീപം കുര്‍ബാന നടത്തി. പിന്നീട് പിറവം കാതോലിക്കേറ്റ് സെന്ററിലേക്ക് പ്രധിഷേധവുമായി എത്തിയെങ്കിലും പോസ്റ്റ് ഓഫിസ് കവലയില്‍ പൊലിസ് തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."