മാലിന്യ സംസ്‌കരണത്തിന് പൈപ്പ് കംപോസ്റ്റ് സ്ഥാപിച്ച് പുലാശ്ശേരി എ.എം.എല്‍.പി സ്‌കൂള്‍
കൊപ്പം: മാലിന്യ സംസ്‌കരണത്തിന് പൈപ്പ് കംപോസ്റ്റ് സ്ഥാപിച്ച് പുലാശ്ശേരി എ.എം.എല്‍.പി സ്‌കൂള്‍ മറ്റു വിദ്യാലയങ്ങള്‍ക്ക് മാതൃകയാവുന്നു. വിദ്യാര്‍ഥികളുടെ ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും സ്‌കൂളില്‍ പുതുതായി സ്ഥാപിച്ച സമ്പൂര്‍ണ പൈപ്പ് കംപോസ്റ്റ് പദ്ധതിയിലൂടെ സംസ്‌കരിക്കും. കുറച്ചുകാലമായി സ്‌കൂളിലെ ഭക്ഷണ അവശിഷ്ടങ്ങളും മറ്റും സംസ്‌കരിക്കാന്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. സ്‌കൂളിലെ ഫാമിലെ കോഴികള്‍ക്ക് തീറ്റ നല്‍കിയതിനു ശേഷവും ബാക്കിവരുന്ന മാലിന്യങ്ങള്‍ എന്തുചെയ്യും എന്നതില്‍നിന്ന് ഉയര്‍ന്നുവന്നതാണ് പുതിയ മാതൃകാപരമായ ഉപയോഗിക്കാവുന്ന പൈപ്പ് കമ്പോസ്റ്റ് പദ്ധതി. സ്‌കൂളിലെ അധ്യാപിക വിഷയം സ്‌കൂള്‍ യോഗത്തില്‍ അവതരിപ്പിക്കുകയും സ്‌കൂളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പൈപ്പ് കംപോസ്റ്റ് സ്ഥാപിക്കുന്നതിന് കൂടുതല്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനു വേണ്ടി കൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ കെ.എന്‍ സുദിന്റെ സഹായം തേടുകയും ചെയ്തു. ഇതില്‍നിന്നും ലഭിക്കുന്ന ജൈവവളം സ്‌കൂളില്‍ കുട്ടികള്‍ കൃഷിചെയ്യുന്ന പച്ചക്കറികള്‍ക്കും മറ്റു സസ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതോടൊപ്പം സ്‌കൂളിലെ മാലിന്യ പ്രശ്‌നത്തിനും പരിഹാരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."