കുന്നത്തേരി ദുരന്തത്തിന് രണ്ടു വര്‍ഷം; കരുണയുടെ വീടൊരുക്കി എം.എല്‍.എ
ആലുവ : ഒരു നാടിന്റെ ദുഃഖമായി മാറിയ കുന്നത്തേരി ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. കുന്നത്തേരി പൈപ്പ്‌ലൈന്‍ റോഡില്‍ അകപീടികയില്‍ ഷാജി എന്ന ഷാജഹാന്റെ (42) മൂന്ന് നിലകളിലുള്ള വീടാണ് തകര്‍ന്നതും ഷാജഹാന്‍ അടക്കമുള്ളവര്‍ ദാരുണമായി മരണപ്പെട്ടതും. 2014 ആഗസ്റ്റ് മാസം അഞ്ചിന് രാത്രി 10 മണിയോടെയാണ് കെട്ടിടം നിലംപൊത്തിയത്. ദുരന്തത്തില്‍ ഷാജഹാന്‍ (42), ഭാര്യ സൈഫന്നീസ (38), മകള്‍ സ്വാലിഹ (ആയിഷ, 13) എന്നിവരാണ് മരണപ്പെട്ടത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്ന ഷാജഹാന്റെ മകന്‍ സാബിര്‍ (16) അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കെട്ടിടം ചെരിയുന്നതിനിടയില്‍ തൊട്ടടുത്ത കെട്ടിടത്തിനുള്ളിലേക്ക് ചാടി സാബിര്‍ രക്ഷപ്പെടുകയായിരുന്നു. ഏറെ വര്‍ഷത്തെ പ്രവാസി ജീവിതത്തിനൊടുവില്‍ ഷാജഹാന്റെ ഏക സമ്പാദ്യവുമായിരുന്നു തകര്‍ന്നത്. ഒപ്പം കുടുംബവും. മാതാപിതാക്കളും ഏക സഹോദരിയും നഷ്ടമായ സാബിര്‍ സമൂഹത്തിന് മുന്‍പില്‍ ചോദ്യചിഹ്നമാകുകയായിരുന്നു. സമൂഹവും കുടുംബക്കാരും വിദ്യാര്‍ഥിയായ സബീറിന് സഹായഹസ്തവുമായെത്തി.
തന്റെ ജീവിതത്തിന്റെ നിറം കെടുത്തിയ ആ ദിവസത്തെ ഓര്‍ക്കാന്‍ പോലും സാബിറിനാകുന്നില്ല. എല്ലാം സര്‍വ്വശക്തനായ ദൈവത്തിന്റെ വിധിയെന്ന് ആശ്വസിക്കുകയാണിപ്പോള്‍ സാബിര്‍. കഴുവേലിപ്പടി കെ.എം.ഇ.എ. കോളേജില്‍ എന്‍ജിനീയറിങിന് ചേര്‍ന്ന് പഠിയ്ക്കാനുള്ള ശ്രമത്തിലാണ് സാബിര്‍. സാബിറിനെ സഹായിക്കാന്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ സഹായ സമിതിക്ക് രൂപംകൊടുത്തിരുന്നു. ഈ സമിതിയുടെ നേതൃത്വത്തില്‍ ആശയറ്റ സാബിറിന് സ്വന്തമായൊരു വീടെന്ന സ്വപ്നം മുന്നോട്ടുവച്ചതും ഇതിനായി പ്രയത്‌നിച്ചതും അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു.
25 ലക്ഷത്തോളം രൂപ ചിലവു വരുന്ന മൂന്ന് നിലകളിലുള്ള കെട്ടിടം നിര്‍മിയ്ക്കാനായിരുന്നു തീരുമാനം. ഇതിനായി ഒരു ജനകീയ വേദിയ്ക്കും എം.എല്‍.എ.യുടെ നേതൃത്വത്തില്‍ രൂപം നല്‍കിയിരുന്നു.
എന്നാല്‍ ജനകീയ കമ്മിറ്റികള്‍ക്കിടയിലും കയറിക്കൂടിയ കോണ്‍ഗ്രസ് ഗ്രൂപ്പിസം വീട് നിര്‍മാണം വൈകാന്‍ കാരണമായി. സാബിറിന് വീട് നിര്‍മാണ സ്വപ്നം സാക്ഷാത്ക്കരിക്കുകയെന്ന പ്രയത്‌നത്തിന് നാട്ടുകാരും വിവിധ സംഘടനകളും ഏറെ സഹായങ്ങളാണ് നല്‍കിയത്. മൂന്ന് നിലകളിലായി ഒരുങ്ങുന്ന പുതിയ വീടിന്റെ താക്കോല്‍ദാനം ഈ മാസം ഒന്‍പതിന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."