ബന്ധുനിയമന വിവാദത്തിനിടെ ഹജ്ജ് കാര്യവകുപ്പിനെതിരേയും ആരോപണം
കൊണ്ടോട്ടി: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ബന്ധുനിയമന വിവാദത്തിനിടെ ഹജ്ജ് കാര്യവകുപ്പിനെതിരേയും ആക്ഷേപവും ആരോപണവുമുയരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഹജ്ജ് ട്രെയ്‌നര്‍മാര്‍, കഴിഞ്ഞവര്‍ഷത്തെ വളണ്ടിയര്‍ നിയമനം, രണ്ട് വര്‍ഷമായി ഹജ്ജ് ഓഫിസിലെ ക്ലറിക്കല്‍ ജീവനക്കാരുടെ നിയമനം തുടങ്ങിയവയിലാണ് ആരോപണം ഉയരുന്നത്.
ഈ വര്‍ഷത്തെ ഹജ്ജ് ട്രെയ്‌നര്‍മാരെ നിയമിച്ചതില്‍, മാനദണ്ഡങ്ങളുടെ പേരില്‍ മുന്‍വര്‍ഷങ്ങളില്‍ മികച്ച സേവനം ചെയ്തവരെ തഴഞ്ഞാണ് പുതിയവരെ നിയമിച്ചതെന്നാണ് ആക്ഷേപം. ഹജ്ജ്, ഉംറ തീര്‍ഥാടനം ചെയ്തവരാകണം ഹജ്ജ് ട്രെയ്‌നര്‍മാര്‍ എന്ന നിബന്ധനയോടെയാണ് ട്രെയ്‌നര്‍മാരെ തിരഞ്ഞെടുത്തതെങ്കിലും താല്‍പ്പര്യത്തിന് വഴങ്ങി ചിലരെ ട്രെയ്‌നര്‍മാരാക്കിയെന്നാണ് ആക്ഷേപം. 250 പേരെയാണ് സംസ്ഥാനത്ത് ഹജ്ജ് ട്രെയ്‌നര്‍മാരായി നിയമിച്ചിട്ടുള്ളത്. പുതിയ ട്രെയ്‌നര്‍മാര്‍ക്ക് അവഗാഹമില്ലാത്തതിനാല്‍ അപേക്ഷ നല്‍കുന്നവരും കുഴങ്ങുകയാണ്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന തീര്‍ഥാടകരെ സഊദി അറേബ്യയില്‍ സഹായിക്കുന്നതിനുള്ള ഹജ്ജ് വളണ്ടിയര്‍ നിയമനം കഴിഞ്ഞ വര്‍ഷം വിവാദമായിരുന്നു. ഹജ്ജ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ ഹജ്ജ് കമ്മിറ്റി അംഗമല്ലാത്തയാളെ ഇന്റര്‍വ്യു ബോര്‍ഡില്‍ നിയമിച്ചതിനെതിരേയാണ് പ്രതിഷേധം ഉയര്‍ന്നിരുന്നത്. ഹജ്ജ് മന്ത്രിയുടെ അറിവോടെയാണ് ഇതെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഹജ്ജ് കമ്മിറ്റി അംഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹജ്ജ് എക്‌സിക്യൂട്ടിവ് ഓഫിസറായ മലപ്പുറം കലക്ടറെയാണ് ഇന്റര്‍വ്യു പട്ടികയില്‍ ആദ്യം നിശ്ചയിച്ചത്. ഇത് അവസാന നിമിഷം മാറ്റി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയരക്ടറെ നിയമിച്ചതാണ് വിവാദമായത്.
യു.ഡി.എഫ് സര്‍ക്കാര്‍ മാറി എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതോടെ ഹജ്ജ് ഹൗസിലെ സ്ഥിരം തസ്തികയിലേക്ക് ഡെപ്യുട്ടേഷനില്‍ വന്ന രണ്ട് ജീവനക്കാര്‍ മാതൃ വകുപ്പിലേക്ക് തിരികെ പോയിരുന്നു. ഇതിനു പകരം ഒരാളെ ഡെപ്യുട്ടേഷനില്‍ നിയമിച്ചു. രണ്ടാമത്തെയാള്‍ക്ക് പകരം താല്‍ക്കാലിക നിയമനം നടത്തിയതായാണ് ആരോപണം. മറ്റു സര്‍ക്കാര്‍ വകുപ്പില്‍ നിന്നുള്ളവരുടെ അപേക്ഷകള്‍ ലഭിച്ചിട്ടും നടപടിക്രമം പാലിക്കാതെ ഒരു വനിതക്ക് താല്‍ക്കാലിക നിയമനം നല്‍കിയെന്നാണ് ആക്ഷേപം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ ഹജ്ജ് ഹൗസില്‍ ജോലി ചെയ്യുന്നുണ്ട്.
സ്ഥിരം തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തിയത് മുന്‍ ഹജ്ജ് കമ്മിറ്റിയുടെ കാലത്ത് ചര്‍ച്ച ചെയ്തിരുന്നതായി മുന്‍ അംഗങ്ങള്‍ പറയുന്നു. മറ്റൊരു വകുപ്പില്‍ നിന്നു ഡെപ്യുട്ടേഷനില്‍ വരുന്നതുവരെയാണ് നിയമനം എന്നായിരുന്നു യോഗത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സമയപരിധി കഴിഞ്ഞതിന് ശേഷവും ജോലിയില്‍ ഇവര്‍ തുടര്‍ന്നു. ന്യൂനപക്ഷ വകുപ്പില്‍ തിരുവനന്തപുരത്ത് ഇവര്‍ക്ക് താല്‍ക്കാലിക ജോലി ലഭിച്ചെങ്കിലും ദിവസങ്ങള്‍ക്കകം ഹജ്ജ് ഹൗസില്‍ തന്നെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."