ലാത്തേഹറിലെ മരക്കൊമ്പില്‍ കായ്ച്ച വിചിത്ര ഫലങ്ങള്‍
'ദക്ഷിണ ദിക്കിലെ മരക്കൊമ്പുകളില്‍
വിചിത്രമായൊരു ഫലം കായ്ച്ചിട്ടുണ്ട്.
ഇലകളില്‍ ചോര, വേരുകളില്‍ ചോര,
ദക്ഷിണക്കാറ്റില്‍ പാടുന്ന കറുത്ത ദേഹങ്ങള്‍'.
പ്രസിദ്ധ അമേരിക്കന്‍ കവി ആബേല്‍ മീരോപോള്‍ 1937ല്‍ 'സ്ട്രയ്ഞ്ച് ഫ്രൂട്ട്' എന്ന കവിതയെഴുതിയത് വെള്ളക്കാര്‍ തല്ലിക്കൊന്ന് പെരുവഴിയിലെ മരത്തില്‍ കെട്ടിത്തൂക്കിയിട്ടിരുന്ന അമേരിക്കയിലെ കറുത്ത വര്‍ഗക്കാരെക്കുറിച്ചാണ്. ആബേല്‍ മീരോപോളിന്റെ കവിതയെ അന്വര്‍ഥമാക്കി 2016 മാര്‍ച്ച് 18ന് ജാര്‍ഖണ്ഡ് ലാത്തേഹര്‍ ജില്ലയിലെ അര്‍ഹര ഗ്രാമത്തിലുള്ള കാടിനുള്ളിലെ ഇടവഴിയിലെ മരത്തില്‍ 32കാരനായ മസ്‌ലൂം അന്‍സാരിയ്‌ക്കൊപ്പം 11കാരനായ ഇംതിഹാസുല്‍ ഖാന്റെയും മൃതദേഹം തൂങ്ങിക്കിടന്നു. നാല്‍പ്പതിലധികം വരുന്ന ഹിന്ദുത്വ ഇംതിഹാസിനെ മര്‍ദിച്ച് കൊലപ്പെടുത്തുമ്പോള്‍ ഒന്നും ചെയ്യാനാവാതെ പിതാവ് അസദ് ഖാന്‍ അകലെയല്ലാതെ ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് എല്ലാം കാണുന്നുണ്ടായിരുന്നു.
രണ്ടു വര്‍ഷത്തിനുശേഷം ഒരുനാള്‍ അര്‍ഹരയിലെ വയല്‍ക്കരയിലെ വീട്ടിലിരുന്ന് അസദ് ഖാന്‍ ആ കഥ പറഞ്ഞു. കാടിനുള്ളിലാണ് അര്‍ഹര. എത്തിച്ചേരുക എളുപ്പമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ ലാത്തേഹര്‍ നഗരത്തില്‍ നിന്ന് മണിക്കൂറുകള്‍ നീണ്ട യാത്ര. കൂറെ ദൂരം ചെല്ലുമ്പോള്‍ ചെറു പട്ടണങ്ങള്‍ പോലും കാണാതാവും. പിന്നീട് കാടിനുള്ളിലെ പൊട്ടിയടര്‍ന്ന വീതി കുറഞ്ഞ റോഡിലൂടെയാവും വണ്ടി പോകുന്നത്. പിന്നീട് യാത്ര ഇടുങ്ങിയ മണ്‍റോഡിലൂടെയാവും. വിശാലമായ വയലിക്കരെ നാലോ അഞ്ചോ വീടുകള്‍ മാത്രമുള്ള ഗ്രാമം. അവിടെയാണ് രാജ്യം ഞെട്ടിത്തരിച്ച ആള്‍ക്കൂട്ടക്കൊലയിലെ ഇര ഇംതിഹാസിന്റെ വീട്.
'ക്രൂരമായി മര്‍ദനമേറ്റ് നിശ്ചലമായിട്ടും ഇംതിഹാസ് മരിച്ചിരുന്നില്ല. കഴുത്തില്‍ കുരുക്കിട്ടു വലിച്ചുയര്‍ത്തിയപ്പോള്‍ അവന്‍ പിടഞ്ഞു. വീണ്ടും വീണ്ടും പിടയുന്നത് ഞാന്‍ കണ്ടു. കഴുത്ത് ഒരു വശത്തേക്ക് ഒടിഞ്ഞു തൂങ്ങിയപ്പോഴും അവന്‍ പിടയുന്നുണ്ടായിരുന്നു. എന്നിട്ടും ഒന്നും ചെയ്യാനാവാതെ കണ്ടു നില്‍ക്കേണ്ടി വന്നെനിക്ക്. പേടിയായിരുന്നു. അവര്‍ മരിച്ചിട്ടും കൊലയാളികള്‍ അട്ടഹസിച്ചുകൊണ്ടിരുന്നു. അവര്‍ക്ക് മതിയായിരുന്നില്ല. നിലവിളി ഉയരാതിരിക്കാന്‍ ഞാന്‍ എന്റെ വായ് പൊത്തിപ്പിടിച്ചു. എന്നെ തിരഞ്ഞായിരുന്നു അവര്‍ വന്നത്. കണ്ടിരുന്നെങ്കില്‍ അവരെന്നെയും കൊല്ലുമായിരുന്നു' പറയുമ്പോള്‍ അസദ് ഖാന്‍ കരയുന്നുണ്ടായിരുന്നു.
അയല്‍വാസിയായ മസ്‌ലും അന്‍സാരിയ്‌ക്കൊപ്പം ലാത്തേഹര്‍ നഗരത്തില്‍ നിന്ന് കാലികളെ കൊണ്ടുവന്ന് മറിച്ചു വില്‍ക്കലായിരുന്നു അസദ് ഖാന് ജോലി. ലാത്തേഹറില്‍ നിന്ന് കാടിനുള്ളിലെ വഴിയിലൂടെ നടന്നാണ് വരിക. ഇതിനിടയിലൊരിക്കലാണ് അസദ് ഖാന് ബൈക്കില്‍ നിന്ന് വീണ് കാലിന് പരുക്കേല്‍ക്കുന്നത്. ഇത്തവണ കാലികളെ എടുക്കാന്‍ പോയപ്പോള്‍ സഹായത്തിനായി ഇംതിഹാസിനെയും കൂടെക്കൂട്ടി. അല്ലെങ്കില്‍ അവനിപ്പോഴും ജീവിച്ചിരുന്നേനെ.
എട്ടു കാലികളെ വാങ്ങി മസ്‌ലൂം അന്‍സാരിയ്‌ക്കൊപ്പം ഇംതിഹാനെ അയച്ചു. പിന്നാലെ ബൈക്കില്‍ അസദ് ഖാനും വരുന്നുണ്ടായിരുന്നു. ബൈക്കിലായതിനാല്‍ ഒന്നര മണിക്കൂറോളം വൈകിയാണ് അസദ് ഖാന്‍ ലാത്തേഹറില്‍ നിന്ന് പുറപ്പെട്ടത്. വഴിയിലൊരിടത്ത് തന്റ കാലികള്‍ നില്‍ക്കുന്നത് അസദ് ഖാന്‍ കണ്ടു. ഇംതിഹാസിനെയും മസ്‌ലൂം അന്‍സാരിയെയും കാണാനില്ലായിരുന്നു. അവരെ തിരയവെ ഇംതിഹാസിന്റെ നിലവിളി കേട്ടു.
അവന്‍ എന്നെ വിളിച്ചു കരയുകയായിരുന്നുവെന്ന് അസദ് ഖാന്‍ പറഞ്ഞു. ശബ്ദംകേട്ട ഭാഗത്തേക്ക് ഓടിച്ചെന്നതേയുണ്ടായിരുന്നുള്ളൂ. തോക്കുകളുമായി നില്‍ക്കുന്ന സംഘത്തിന്റെ നടുവിലായിരുന്നു ഇംതിഹാസും മസ്‌ലൂം അന്‍സാരിയും. നീണ്ട വടികൊണ്ട് അവരവനെ ക്രൂരമായി മര്‍ദിക്കുന്നുണ്ടായിരുന്നു. അവരെന്നെ കാണാതിരിക്കാന്‍ ഞാനൊരു കുറ്റിക്കാട്ടിലൊളിച്ചു. എനിക്കെല്ലാം കാണാമായിരുന്നു. നിലത്ത് കിടക്കുന്ന രണ്ടുപേര്‍ക്കും അനക്കമുണ്ടായിരുന്നില്ല. എന്നിട്ടും അവരവനെ തല്ലിക്കൊണ്ടിരുന്നു. കൂട്ടത്തിലൊരുത്തന്‍ രണ്ടുപേരുടെയും കഴുത്തില്‍ കുരുക്കിട്ടു. മറ്റുള്ളവര്‍ ശരീരം ഉയര്‍ത്തിക്കൊടുത്തു. അവര്‍ രണ്ടുപേരെയും തൂക്കിലേറ്റുകയായിരുന്നു.
എല്ലാം കണ്ടു നില്‍ക്കാനല്ലാതെ എനിക്കെന്തിനാണാവുക. കൈകാലുകള്‍ തളര്‍ന്ന് പോയിരുന്നു. അവരുടെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടണമായിരുന്നു. അവരപ്പോഴും ആരെയൊക്കെയോ തിരഞ്ഞുകൊണ്ടിരുന്നു. മസ്‌ലൂമിന്റെ ബിസിനസ് പങ്കാളി നിസാമുദ്ദീന്‍ അവിടെയെവിടെയോ ഉണ്ടായിരുന്നു. അവര്‍ അയാളെ തിരയുകയായിരുന്നു. മറുവശത്ത് മറ്റൊരിടത്ത് നിസാമുദ്ദീന്‍ എല്ലാം കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. നിസാമുദ്ദീന്‍ അപ്പോള്‍ തന്നെ മസ്‌ലൂമിന്റെ സഹോദരന്‍ മുന്നവ്വര്‍ അന്‍സാരിയെ വിളിച്ചു. അപ്പോഴെയ്ക്കും അവര്‍ നിസാമുദ്ദീനെ കണ്ടിരുന്നു. 'അയാളാണ് കാലിക്കടത്തു സംഘത്തിന്റെ തലവന്‍, അയാളെ പിടിക്ക്' കൂട്ടത്തിലെ ആരോ അലറി വിളിച്ചു. നിസാമുദ്ദീന്‍ ഓടി. അപ്പോഴേയ്ക്കും മുനവ്വര്‍ എത്തിയിരുന്നു. മറ്റൊരു കുറ്റിക്കാട്ടിലിരുന്ന് മുനവ്വറും എല്ലാം കണ്ടു.
അരുണ്‍ സാഹ്, മിതിലീഷ് എന്ന ബണ്ടി സാഹു, മനോജ് സാഹു, അവതേഷ് സാഹ്, വിശാല്‍ തിവാരി... കൊലയാളി സംഘത്തിലെ ഭൂരിഭാഗത്തെയും മുന്നവ്വറിനറിയാം. കൊല്ലപ്പെട്ട മസ്‌ലും വീടുപണിയ്ക്കായി സാധനങ്ങള്‍ വാങ്ങിയിരുന്നത് ബണ്ടി സാഹുവിന്റെ കടയില്‍ നിന്നാണ്. പ്രതികളെ എല്ലാവരെയും കോടതിയില്‍ മുന്നവ്വര്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. വൈകാതെ കാലികളെയുംകൊണ്ട് സംഘം സ്ഥലം വിട്ടു. അപ്പോഴേയ്ക്കും നിസാമുദ്ദീനും തിരിച്ചെത്തിയിരുന്നു. ഇവര്‍ മൂന്നു പേരും തന്നെയായിരുന്നു കേസിലെ പ്രധാന സാക്ഷികള്‍. അവര്‍ ഉടന്‍ തന്നെ പൊലിസിനെ വിളിച്ചു. എന്നാല്‍ പൊലിസ് എത്തുന്നത് പിറ്റേന്ന് പുലര്‍ച്ചെ ഏഴു മണിയ്ക്കാണ്. ദൃക്‌സാക്ഷിയായ മുനവ്വര്‍ അപ്പോള്‍ തന്നെ പൊലിസിനോട് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും പൊലിസ് ഒന്നും രേഖപ്പെടുത്താന്‍ തയ്യാറായില്ല. ഇതേ മൊഴി തന്നെയാണ് 2017 നവംബറില്‍ മുനവ്വര്‍ കോടതിയിലും നല്‍കിയത്. പൊലിസ് എത്തുമ്പോള്‍ കേസിലെ മുന്നു ദൃക്‌സാക്ഷികളും അവിടെത്തന്നെയുണ്ടായിരുന്നു. അവരുടെ മൊഴിയും രേഖപ്പെടുത്താന്‍ പൊലിസ് തയ്യാറായില്ല. കേസ് അട്ടിമറിയ്ക്കാനുള്ള പൊലിസ് ഗൂഢാലോചന അവിടെ തുടങ്ങുകയായിരുന്നു.
മസ്‌ലുമിനെയും ഇംതിഹാസിനെയും കൊലപ്പെടുത്തുന്ന സംഭവം നടക്കുന്നത് പുലര്‍ച്ചെ 3.30നും ആറുമണിയ്ക്കും ഇടയിലുള്ള സമയത്താണ്. പൊലിസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തുന്നത് 17 മണിക്കൂര്‍ കഴിഞ്ഞ്. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത് പോലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പാണ്. എന്നാല്‍ വൈകിയാണ് ഇത് തയ്യാറാക്കിയതെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടില്ല. 2016 ഓഗസ്റ്റില്‍ കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷനോ കേസ് പരിഗണിക്കുന്ന ജഡ്ജിയോ ഈ വീഴച പരാമര്‍ശിക്കുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തില്ല. സംഭവം നടന്നതായി 11 മണിയോടെയാണ് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് എഫ്.ഐ.ആര്‍ പറയുന്നു. എന്നാല്‍ ദൃക്‌സാക്ഷിയായ നിസാമുദ്ദീന്റെ മൊഴി ഓഫിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കുമാര്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയം അന്നേ ദിവസം 9.30നാണെന്ന് മൊഴിയില്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. മാത്രമല്ല പൊലിസ് അവിടെ എത്തിയത് കാലത്ത് ഏഴുമണിയ്ക്കാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൊലയ്ക്ക് നേതൃത്വം കൊടുത്തവരിലൊരാള്‍ ലാത്തേഹറിലേ ബി.ജെ.പി നേതാവ് വിനോദ് പ്രജാപതിയാണെന്ന് നിസാമുദ്ദീന്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രജാപതിയെ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ മറ്റു പ്രതികളുടെ പേരുകളൊന്നും എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നില്ല.
നിസാമുദ്ദീന് പുറമെ ദൃക്‌സാക്ഷികളായ മുനവ്വര്‍, അസദ് ഖാന്‍ എന്നിവരും കുറ്റം ചെയ്തവരുടെ പേരുകള്‍ പറഞ്ഞെങ്കിലും അവരെ അതില്‍ ഉള്‍പ്പെടുത്തിയില്ല. എന്നിട്ടും പ്രജാപതിയെ പൊലിസ് അറസ്റ്റ് ചെയ്യുകയോ വിചാരണയ്ക്കായി കോടതിയില്‍ കൊണ്ടുവരികയോ ചെയ്തില്ല. പകരം എഫ്.ഐ.ആറില്‍ പറയാത്ത എട്ടു പേരെ പ്രതിയാക്കി കോടതിയില്‍ ഹാജരാക്കി. അന്വേഷണത്തില്‍, സംഭവത്തില്‍ പ്രജാപതിയ്ക്ക് പങ്കുണ്ടെന്ന് കണ്ടത്താനായില്ലെന്നും അന്വേഷണം തുടരുന്നുവെന്നുമാണ് പൊലിസ് ഇതു സംബന്ധിച്ച് കോടതിയില്‍ നല്‍കിയ വിശദീകരണം. രണ്ടു വര്‍ഷത്തിന് ശേഷവും പ്രജാപതിയുടെ കാര്യത്തില്‍ തീരുമാനമൊന്നുമുണ്ടായിട്ടില്ല.
2016 മെയില്‍ പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രധാനമായും എട്ടു പ്രതികളുടെ കുറ്റസമ്മതമാണുള്ളത്. കൊല നടന്ന രീതിയോ അതിന്റെ ക്രൂരതയോ ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങളോ ഒന്നും കുറ്റപത്രത്തിലുണ്ടായിരുന്നില്ല. അരുണ്‍ സാഹ്, മിതിലീഷ് എന്ന ബണ്ടി സാഹു, മനോജ് സാഹു, അവതേഷ് സാഹ്, വിശാല്‍ തിവാരി, സഹ്ദിയോ സോണി, മനോജ് കുമാര്‍ സാഹ്, പ്രമോദ് സാഹ് എന്നിവരാണ് കേസിലെ പ്രതികള്‍.
2018 ഡിസംബറില്‍ എട്ടു പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അതേ വീട്ടില്‍ മസ്‌ലും അന്‍സാരിയുടെ ഭാര്യ സൈറ ബീബിയെയും കണ്ടു. ഒരുനാള്‍ അവരുടെ വീട്ടിലും ഇതെ സംഘമെത്തി. ക്രിമിനലുകളായിരുന്നു അവര്‍. തല്ലാനും കൊല്ലാനും പിടിച്ചു പറിക്കാനും മടിയില്ലാത്തവര്‍. ഗോ സംരക്ഷണത്തിന്റെ പേരില്‍, പശുക്കളുമായി പോകുന്ന മുസ്‌ലിംകളെ ആക്രമിച്ച് അവരുടെ കാലികളെ പിടിച്ചെടുത്ത് അറവുകാര്‍ക്ക് വിറ്റു കാശുണ്ടാക്കുന്ന ക്രിമിനലുകള്‍.മസ്‌ലൂം കാലികളെ കൊണ്ടുവരാന്‍ പോകുമ്പോള്‍ നാലു പെണ്‍മക്കളുമായി സൈറ പേടിച്ചാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഒടുവിന്‍ അവരുടെ പേടിയെല്ലാം സത്യമായ ദിവസം തളര്‍ന്നു കിടന്നു അവര്‍. മസ്‌ലൂമിനെ എങ്ങനെയാണ് കൊന്നതെന്ന് മുനവ്വര്‍ പറയുന്നത് അവര്‍ കേട്ടിരുന്നു. അതിലെ ക്രൂരത അവളറിഞ്ഞിരുന്നു. എന്തുചെയ്യണമെന്നറിയില്ലായിരുന്നു സൈറയ്ക്ക്. പൊലിസ് സ്‌റ്റേഷന്‍ അതിനു മുമ്പ് അവര്‍ കണ്ടിട്ടില്ല. ഒന്നുമറിയില്ല.
മസ്‌ലൂമിന്റെ സഹോദരന്‍മാരാകട്ടെ പേടിയിലായിരുന്നു. പൊലിസെത്തി മൃതദേഹങ്ങള്‍ കൊണ്ടുപോകാനും മറ്റു നടപടികള്‍ക്കും വൈകിയപ്പോള്‍ നാട്ടുകാരും മസ്‌ലുമിന്റെയും ഇംതിഹാസിന്റെയും ബന്ധുക്കളും പ്രതിഷേധിച്ചു. പൊലിസെത്തി അവരെ ക്രൂരമായി തല്ലി. അടിയേറ്റവരില്‍ ഇംതിഹാസിന്റെ പിതാവ് അസദ് ഖാനുമുണ്ടായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ പോയിരിക്കുന്നു. മസ്‌ലൂമിന്റെ ശൂന്യത സൈറയൂടെ കുടുംബത്തില്‍ ഇപ്പോഴുമുണ്ട്. ചെറിയൊരു തുക ആരോ കൊടുത്തു. അത് തീര്‍ന്നു പോയി. ചെറിയ കുഞ്ഞുങ്ങള്‍ മാത്രമാണ് അവര്‍ക്കുള്ളത്. ദുര്‍ബലരെങ്കിലും അവരുടെ ബന്ധുക്കള്‍ സഹായിച്ചു. എന്നിട്ടും ദാരിദ്ര്യം മാത്രമാണ് ബാക്കിയുള്ളത്. ദുരിതമല്ലാതെ മറ്റൊന്നും തങ്ങള്‍ക്കില്ലെന്ന് സൈറ കണ്ണീരോടെ പറഞ്ഞു. നീതിയും കിട്ടിയില്ല. മസ്‌ലൂമായിരുന്നു ജീവിതത്തിന്റെ ഏക ആശ്രയം. എങ്ങനെയാണ് ഓരോ ദിവസവും കടന്ന് പോകുന്നതെന്ന് അറിയില്ല. സൈറ ഇരുന്നു കരയുകയായിരുന്നു. മടങ്ങുമ്പോള്‍ സൈറയുടെ നിസ്സഹായമായ മുഖമായിരുന്നു മനസ്സില്‍. പ്രതികളെ ശിക്ഷിച്ചത് കൊണ്ടുമാത്രം അവസാനിക്കുന്നതായിരുന്നില്ല ആ കുടുംബത്തിന് വന്നു പെട്ട ദുരന്തം. നീതിയെന്നാല്‍ കുടുംബങ്ങളുടെ പുനരധിവാസം കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."