കൃഷിയിറക്കാന്‍ അതോറിറ്റി നല്കിയ വിത്ത് മുളക്കുന്നില്ല
കുന്നംകുളം: പുഞ്ചകൃഷിക്കായി സ്വീഡ് അതോറിറ്റി കോള്പടവുകള്ക്കു നല്കിയ വിത്ത് മുളക്കുന്നില്ല.
കാട്ടാകമ്പാല്‍ കോള്‍പടവിലെ കര്‍ഷകര്‍ക്കായി പാലക്കാട് ചിറ്റൂരില്‍ നിന്നും സ്വീഡ് അതോറിറ്റി വഴി വാങ്ങിയ വിത്താണു മുളക്കാതിരുന്നത്. കിലോയ്ക്കു മുപ്പതു രൂപ നിരക്കില്‍ വാങ്ങി കോള്‍പടവ് സമിതി വഴി കര്‍ഷകര്‍ക്കു നല്കിയ വിത്തു മുളക്കാതിരുന്നത് ഇത്തവണത്തെ പുഞ്ചകൃഷിയെ കാര്യമായി ബാധിച്ചേക്കുമെന്നാണു കര്‍ഷകര്‍ പറയുന്നത്. മുളക്കാത്ത വിത്തിനു പകരമായി വിത്തു നല്‍കാമെന്നു അതോറിറ്റി ആദ്യം ഉറപ്പു പറഞ്ഞെങ്കിലും പിന്നീടു പിന്മാറിയതായും കോള്‍പടവ് സമതി പറയുന്നു. കാട്ടകാമ്പാല്‍ വട്ടകായല്‍ കോള്പടവിലേക്കായി 4900 കിലോ ഉമ വിത്താണ് സ്വീഡ് അതോറിറ്റി വഴി വാങ്ങിയിരുന്നത്. പാലക്കാട് നിന്നും ഇവിടെ എത്തിക്കാനുള്ള വാഹന ചിലവും കര്‍ഷകര്‍ തന്നെ വഹിച്ചു. വിത്ത് കര്‍ഷകര്‍ക്കു നല്‍കും മുന്‍പ് ഇവയുടെ ഗുണനിലവാരം പരിശോധിക്കാന്‍ കോള്‍പടവ് സംഘങ്ങള്‍ മുളപ്പിച്ചു നോക്കുന്ന പതിവുണ്ട്. ഇത്തരത്തില്‍ മുളപ്പിക്കാനായി നട്ടു നോക്കിയെങ്കിലും ഇവ മുളക്കാതിരുന്നതോടെ സ്വീഡ് അതോറിറ്റിയുമായി ബന്ധപെട്ടെങ്കിലും ആദ്യം പകരം വിത്തു തരാമെന്നേറ്റു. എന്നാല്‍ പിന്നീട് ഇത് നല്‍കാനായി വിത്ത് സ്റ്റോക്കില്ലെന്നാണു പറയുന്നതെന്നും കോള്‍പടവ് ഭാരവാഹികള്‍ പറയുന്നു. തങ്ങള്‍ക്കു പകരം വിത്ത് വേണ്ടെന്നും ചിലവായ പണം ലഭിക്കണമെന്നും ഇവര്‍ ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."