പ്രളയ ദുരിതാശ്വാസ ശ്രമങ്ങളെ തടയുന്നത് ദു:ഖകരം: മന്ത്രി കടകംപള്ളി
കഴക്കൂട്ടം: നൂറ്റാണ്ട്കണ്ട ഏറ്റവും വലിയ പ്രളയത്തെ അതിജീവിക്കാനായെങ്കിലും പ്രളയം വരുത്തിയ കെടുതികള്‍ക്ക് പരിഹാരമുണ്ടാക്കുവാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എതിര് നില്‍ക്കുന്നത് ദുഃഖകരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസ സഹായത്തിനായി റൂറല്‍ പോത്തന്‍കോട് പ്രസ് ക്ലബ്ബ് കഴക്കൂട്ടത്ത് സംഘടിപ്പിച്ച കലാസന്ധ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ചെറിയ സഹായം ആര് നീട്ടിയാലും കേരളത്തിന് അത് വലിയ സഹായമാണെന്ന് മന്ത്രി പറഞ്ഞു.പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബി.എസ്.ഇന്ദ്രന്‍ അധ്യക്ഷനായി. എ. സമ്പത്ത് എം.പി, മേയര്‍ വി.കെ പ്രശാന്ത്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം, പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍നായര്‍ സംബന്ധിച്ചു. പ്രസ് ക്ലബ്ബിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിന്റെ ചെക്ക് മന്ത്രിക്ക് കൈമാറി .
ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ആളൊരുക്കം സിനിമയുടെ സംവിധായകനും പത്രപ്രവര്‍ത്തകനുമായ വി.സി അഭിലാഷ്, കവി പ്രെഫാ. വി. മധുസൂദനന്‍ നായര്‍, അധ്യാപകനും ഗ്രന്ഥകര്‍ത്താവും കഥകളി സാഹിത്യകാരനുമായ പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, നടന്‍ കഴക്കൂട്ടം പ്രേംകുമാര്‍, കെ.ജെ.യു ജില്ലാ പ്രസിഡന്റ് മണിവസന്തം ശ്രീകുമാര്‍, സെക്രട്ടറി പി. സുരേഷ്ബാബു എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
പ്രസ് ക്ലബ്ബ് സെക്രട്ടറി ജീവന്‍ഷാ സ്വാഗതവും ട്രഷറര്‍ വിപിന്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കി നടന്ന കാലാസന്ധ്യയില്‍ കഴക്കൂട്ടം തട്ടകം അവതരിപ്പിച്ച പ്രൊഫസര്‍ വി. മധുസൂദനന്‍നായരുടെ നാറാണത്ത് ഭ്രാന്തന്‍ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."