ഹൃദ്രോഗം: സ്ത്രീകള്‍ക്ക് ജാഗ്രത നല്ലതാണ്
ഡോ.പി.പി മുസ്തഫ,ഹൃദ്രോഗ വിദഗ്ധന്‍
M D. Metromed International Cardiac, Centre
ഹൃദ്രോഗം സ്ത്രീകളില്‍ പൊതുവെ വളരെ കുറവാണ്. സ്ത്രീ ഹോര്‍മോണുകളായ ഈസ്‌റ്റ്രൊജനും പ്രൊജെസ്‌റ്റ്രൊനും നല്‍കുന്ന സംരക്ഷണമാണ് അതിന്റെ കാരണം. Menopause നു ശേഷം മാത്രമാണ് സ്ത്രീകളില്‍ ഹൃദ്രോഗങ്ങള്‍ പൊതുവെ കാണാറുള്ളത്. എന്നാല്‍ അടുത്ത കാലത്ത് menopause നു മുന്‍പ് തന്നെ സ്ത്രീകളില്‍ ഹൃദയാഘാതം ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 10 ശതമാനം സ്ത്രീകളുടെയും മരണ കാരണം ഹൃദയ സംബന്ധമായ രോഗങ്ങളാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപെട്ടു ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണ് ഹൃദ്രോഗം.
ജീവിത ശൈലീ രോഗങ്ങളായ ബ്ലഡ് പ്രഷറിന്റെ ഏറ്റക്കുറച്ചില്‍,ഷുഗര്‍, കൊളെസ്‌ട്രോള്‍ തുടങ്ങിയവയും തൈറോയ്ഡ് രോഗങ്ങള്‍, ടെന്‍ഷന്‍ തുടങ്ങിയ ഹൃദ്രോഗ സാധ്യത ഘടകങ്ങളും വര്‍ധിച്ചു വരുന്നതാണ് സ്ത്രീകളിലെ ഹൃദയാരോഗ്യ ശോഷണത്തിനു പിന്നിലെ പ്രധാന കാരണം.
ഹൃദയാരോഗ്യ സംരക്ഷണത്തിനായി സ്ത്രീകള്‍ പ്രധാനമായും ചെയ്യേണ്ടത് ജീവിത ശൈലി രോഗങ്ങളെ അകറ്റി നിര്‍ത്തുക എന്നത് തന്നെയാണ്. അതിനായി വ്യായാമം, ഭക്ഷണ ശൈലി എന്നിവയ്ക്ക് വേണ്ട പ്രാധാന്യം നല്‍കി കൊണ്ടുള്ള ജീവിത രീതി പിന്തുടരുകയാണ് വേണ്ടത്.
സ്ത്രീകളില്‍ ഹൃദ്രോഗമുണ്ടാകുമ്പോള്‍ ലക്ഷണങ്ങള്‍ അത്ര പ്രകടമാകാറില്ല. അതുകൊണ്ടുതന്നെ ചികിത്സയും താമസിക്കുന്നു. ഇത് മരണ വേഗം വര്‍ധിപ്പിക്കുന്നു. നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. എന്നാല്‍ ഇത് സ്ത്രീകളില്‍ എപ്പോഴും അനുഭവപ്പെട്ടെന്നുവരില്ല. നെഞ്ചു വേദനയ്ക്കു പകരം നെഞ്ചെരിച്ചില്‍, ശ്വാസതടസം, ഗ്യാസ്ട്രബിള്‍, തലകറക്കം, ഏമ്പക്കം, മനം പുരട്ടല്‍ തുടങ്ങി മറ്റു ചില ലക്ഷണങ്ങളാണ് സത്രീകളില്‍ കാണുക. ഇവയെല്ലാം ഹൃദ്രോഗവുമായി ബന്ധപ്പെട്ടതല്ലെന്നു കരുതി സാധാരണ വൈദ്യ സഹായം തേടാറില്ല.
നെഞ്ചു വേദന ഉണ്ടായാല്‍ പോലും സ്ത്രീകളാണെങ്കില്‍ അത് സാരമാക്കുക പതിവില്ല. ആദ്യ അറ്റാക്ക് ഉണ്ടായവരില്‍ ഒരു കൊല്ലത്തിനുള്ളില്‍ മരിക്കുന്നവരുടെ കണക്കെടുത്താല്‍ സ്ത്രീകളുടെ മരണസംഖ്യ പുരുഷന്‍മാരേക്കാള്‍ 25% കൂടുതലാണ്.
സ്ത്രീകളെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന റിസ്‌ക് ഫാക്ടറുകളില്‍ ഗര്‍ഭനിരോധന ഗുളികകളുടെ ദുര്‍വിനിയോഗം കൂടി ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ കൃത്യമായ പരിശോധനകളും ചികിത്സയും ഉണ്ടെങ്കില്‍ എല്ലാ രോഗങ്ങളേയും പടികടത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."