നീലഗിരിയില്‍ ദീപാവലി ബോണസ് വിതരണം ചെയ്തു
ഗൂഡല്ലൂര്‍: തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവൃത്തിക്കുന്ന ടാന്‍ടി എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ദീപാവലി ബോണസ് വിതരണം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കുന്നൂരില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് സംസ്ഥാന വനം മന്ത്രി ദിണ്ഡുക്കല് ശ്രീനിവാസന് ബോണസ് വിതരണം ചെയ്തു.
ടാന്‍ടി എസ്റ്റേറ്റ് നഷ്ടത്തിലാണ് ഇപ്പോള്‍ പ്രവൃത്തിക്കുന്നതെന്നും തോട്ടം ലാഭകരമാക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തേയില ഫാക്ടറികളില്‍ പുതിയ മെഷിനറികള്‍ സ്ഥാപിക്കാനായി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി 40 കോടി രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട്. തോട്ടം ലാഭത്തില്‍ പ്രവൃത്തിക്കാന്‍ തുടങ്ങിയാല്‍ തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് വിതരണം ചെയ്യും.
ഇപ്പോള്‍ 8.33 ശതമാനം ബോണസും 11.67 ശതമാനം ആശ്വാസ ധനവുമാണ് നല്‍കുന്നത്. ഇതിനായി ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീലഗിരി എം.പി ഡോ.സി. ഗോപാലകൃഷ്ണന്, കെ.ആര് അര്ജുനന് എംപി, ശാന്തി രാമു എം.എല്‍.എ, മുന്‍ മന്ത്രി എ മില്ലര്‍, ഉന്നത ഉദ്യോഗസ്ഥരായ ദീപക് ശ്രീവാസ്തവ, ജയരാമന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."