വിദ്യാര്‍ഥികളുടെ ആത്മഹത്യ: അന്വേഷണം കാര്യക്ഷമമാക്കണമെന്ന്
കല്‍പ്പറ്റ: കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ വിദ്യാര്‍ഥികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യമുന്നയിക്കുന്നു. മാധ്യമങ്ങളിലൂടെ പലവിധത്തിലുള്ള വാര്‍ത്തകളാണ് വരുന്നത്. എന്നാല്‍ ഭൂരിഭാഗവും വസ്തുതയല്ല. ആയതിനാല്‍തന്നെ സൈബര്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി സംഭവത്തിലെ യതാര്‍ഥ വസ്തുത പുറത്ത് കൊണ്ടുവരണമെന്നാണ് ആവശ്യമുയരുന്നത്. കുട്ടികളെ കുരുക്കിയതിന് പിന്നില്‍ ചില ഗൂഢ ശക്തികളുണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ഇത്തരത്തിലുള്ള ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. തങ്ങളുടെ മകന്‍ നഷ്ടപ്പെട്ടതില്‍ നീറിക്കഴിയുകയാണ് കുടുംബമെന്ന് മരണപ്പെട്ട കുട്ടികളില്‍ ഒരാളുടെ ബന്ധു പറഞ്ഞു. അപമാനഭാരത്തില്‍ നില്‍ക്കുമ്പോഴും ഇനിയൊരു കുട്ടിക്ക് ഈ ദുര്‍ഗതിയുണ്ടാവരുതെന്നാണ് തങ്ങളുടെ ആത്മാര്‍ഥമായ പ്രാര്‍ഥന. ഇക്കാരണത്താലാണ് തങ്ങള്‍ പൊലിസില്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. പല മാധ്യമങ്ങളും ഭാവനയില്‍ നിന്ന് കഥകള്‍ പടച്ചുവിടുകയാണ്. ഇതിലൊന്നും ഒരു തരിപോലും സത്യമില്ലെന്നും ബന്ധു പറഞ്ഞു. പല കുട്ടികളുടെയും രക്ഷിതാക്കള്‍ ഇപ്പോഴും ഭീതിയിലാണ്. വരുംകാലത്തേക്ക് നാട് സ്വരൂക്കൂട്ടി വെക്കുന്ന സമ്പത്തുകളാണ് വര്‍ത്തമാന കാലത്തെ കൗമാരക്കാര്‍.
എന്നാല്‍ മൊബൈല്‍ ഗെയിമുകളും മറ്റും അവരെ കര്‍ത്തവ്യ ബോധത്തില്‍ നിന്ന് പിന്നോട്ടടുപ്പിക്കുകയാണിന്ന്. ഒപ്പം ലഹരിയുടെ മായികവലയം കൂടി പിടിമുറുക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ അവരുടെ മാത്രം ലോകത്തിലേക്ക് ചുരുങ്ങപ്പെടുകയാണ്. അതിനൊപ്പം ബന്ധങ്ങള്‍ക്ക് പോലും അവര്‍ വില കല്‍പ്പിക്കുകയുമില്ല. പലയിടത്തും ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. രാത്രി കുട്ടികള്‍ അമിതമായി മൊബൈല്‍ ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനിയെങ്കിലും രക്ഷിതാക്കളുടെ ശ്രദ്ധയുണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്. വയനാട്ടില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി നടന്ന ആത്മഹത്യകളും ഇരുചക്ര വാഹന അപകടങ്ങളും സംബന്ധിച്ച് വ്യക്തമായ അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം.
ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി
കല്‍പ്പറ്റ: ഓണ്‍ലൈന്‍ ആത്മഹത്യാ ശൃംഖലയുമായി ബന്ധപ്പെട്ട് ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി. ബുധനാഴ്ച്ചക്കുള്ളില്‍ പ്രാഥമികഘട്ടം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഐജിമാരുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും നടക്കുന്ന അന്വേഷണത്തില്‍ മലബാറിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
സൈബര്‍ കുറ്റാന്വേഷണ വിദഗ്ധരും, ഡിജിറ്റല്‍ ആക്ടിവിക്സ്റ്റുകളും, മനശാസ്ത്രവിദഗ്ധരും അന്വേഷണത്തില്‍ പൊലീസിനെ സഹായിക്കുന്നുണ്ട്. നേരത്തെ നടത്തിയ അന്വേഷണത്തില്‍ മരിച്ചവരുടെ 15 കൂട്ടുകാരും അംഗങ്ങളായത് സൈക്കോ ചെക്കന്‍ എന്ന സമൂഹമാധ്യമ കൂട്ടായ്മയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് കൂടാതെ മറ്റ് രണ്ട് സജീവ ഓണ്‍ലൈന്‍ ഗ്രൂപ്പുകളെക്കുറിച്ചും വിവരം ലഭിച്ചിരുന്നു. ഇപ്പോള്‍ മൂന്ന് ഘട്ടമായുള്ള അന്വേഷണമാണ് നടത്തുന്നത്. പ്രത്യേക പക മനസില്‍ സൂക്ഷിച്ച് ഒരു തലമുറയെ തന്നെ ഇല്ലാതാക്കാന്‍ ലക്ഷ്യംവെച്ച് ആസൂത്രിതമായി വിഭാവനം ചെയ്തിട്ടുള്ള ഗൗരവപരമായ ഒരു കുറ്റകൃത്യമായാണ് ഈ പുതിയ പ്രവണതയെ വിദഗ്ധര്‍ കാണുന്നത്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് ഈ കെണിയില്‍ അകപ്പെട്ടുപോയ കൗമാരക്കാരായ ചിലര്‍ ഇപ്പോള്‍ മനശാസ്ത്ര ചികിത്സയിലാണ്. മനശാസ്ത്ര വിദഗ്ധരുടെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഇങ്ങനെ ചികിത്സയില്‍ കഴിയുന്ന ചുരുക്കം ചിലരുമായും അന്വേഷണ ഉദ്യോഗസ്ഥര്‍ സംസാരിച്ചിട്ടുണ്ട്. പൊലീസിന്റെ രഹസ്യാന്വേഷണം വിഭാഗം ഓണ്‍ലൈന്‍ സൈബര്‍ ശൃംഖലയെക്കുറിച്ചുള്ള സമാന്തരമായ അന്വേഷണവും നടത്തിവരുന്നുണ്ട്.
മനശാസ്ത്ര തെളിവുകളും സൈബര്‍ തെളിവുകളും കൃത്യമായതിനാല്‍ മൂന്നാംഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞയുടന്‍ ഐ.ടി ആക്ട് പ്രകാരവും പോക്‌സോ പ്രകാരവും, ഐ.ടി.സി ആക്ട് പ്രകാരവും സംഭവത്തില്‍ കേസെടുക്കാനാണ് പൊലീസിന്റെ നീക്കം. കണ്ണൂര്‍ ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തിലാണ് മലബാറിലെ അന്വേഷണം.
വിദ്യാര്‍ഥികള്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി വിവരം
കല്‍പ്പറ്റ: വിദ്യാര്‍ഥികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തില്‍ സുഹൃത്തുക്കള്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി വിവരം. കണിയാമ്പറ്റയിലുള്ള വിദ്യാര്‍ഥിയുടെ നേതൃത്വത്തിലാണ് സംഘം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്.
സമൂഹമാധ്യമങ്ങളിലെ മരണപ്പേജുകളാണ് കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന സംശയങ്ങള്‍ക്കിടെയാണ് സാമ്പത്തിക ഇടപാടുകള്‍ കൂടി പുറത്തുവരുന്നത്. കുട്ടികള്‍ ഉപയോഗിച്ചിരുന്നു വിലകൂടിയ ബൈക്കുകള്‍ക്കും ഫോണുകള്‍ക്കും പിന്നിലെ സാമ്പത്തിക സ്രോതസാണ് പൊലീസ് അന്വേഷണം ഈ വഴിക്കും കൊണ്ടുപോയത്.
കണിയാമ്പറ്റയിലുള്ള വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ മരിച്ച വിദ്യാര്‍ഥികളും സുഹൃത്തുക്കളും കമ്പളക്കാട് സ്വദേശിയുടെ ഇന്നോവ കാര്‍ മാസം 40,000 രൂപക്ക് ലീസിനെടുത്തിരുന്നു. ഇവര്‍ വാഹനം കമ്പളക്കാട് സ്വദേശിയായ മറ്റൊരു യുവാവിന് 50,000 രൂപക്ക് മറിച്ച് ലീസിന് നല്‍കി. പിന്നാലെ കമ്പളക്കാട് സ്വദേശി നിലമ്പൂര്‍ എടക്കരയിലുള്ള യുവാവിന് മൂന്നര ലക്ഷത്തിന് കാര്‍ ലീസിന് നല്‍കി. ഇദ്ദേഹം ഇപ്പോള്‍ ഗള്‍ഫിലെന്നാണ് വിവരം. ഇതിനിടെ കാര്‍ ഉടമ വാഹനം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കുട്ടികളെ സമീപിച്ചതോടെ ഇവര്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. തുടര്‍ന്ന് കാര്‍ ഉടമ കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പണം തിരികെ നല്‍കാനാകാതെ വന്നതോടെ കുട്ടികള്‍ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നു.
കോഴിക്കോട് പുതിയങ്ങാടിയിലുള്ള ഒരാള്‍ കണിയാമ്പറ്റയിലുള്ള വിദ്യാര്‍ഥിക്ക് ആറു ലക്ഷത്തോളം രൂപ വായ്പ നല്‍കിയതായും വിവരമുണ്ട്. ബിസിനസ് ആവശ്യത്തിനെന്ന പേരിലാണ് ഇദ്ദേഹം വിദ്യാര്‍ഥിക്ക് വായ്പ നല്‍കിയത്. ഇദ്ദേഹത്തിന് വിദ്യാര്‍ഥി ഇനിയും രണ്ടേകാല്‍ ലക്ഷത്തോളം രൂപ മടക്കി നല്‍കാനുണ്ട്. വിദ്യാര്‍ഥി കോഴിക്കോട് പഠനത്തിന് പോയിരുന്ന സമയത്താണ് പുതിയങ്ങാടിയിലുള്ള ആളെ പരിചയപ്പെടുന്നത്. ഇദ്ദേഹം വിദ്യാര്‍ഥിക്ക് ഇത്രയും വലിയ തുക വായ്പ നല്‍കിയതും ദുരൂഹത ഉയര്‍ത്തുന്നു. കാര്‍ ഉടമയെയും പുതിയങ്ങാടി സ്വദേശിയേയും കമ്പളക്കാട് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം ചോദ്യം ചെയ്തു. കുട്ടികളെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."