HOME
DETAILS
MAL
അഫീലിന്റെ ശിരസ് തകര്‍ന്നു; റെക്കോര്‍ഡിലും കണ്ണീര്‍ തോരാതെ കെസിയ
backup
October 05 2019 | 01:10 AM
പാലാ: അപ്രതീക്ഷിതമായിരുന്നു ആ ദുരന്തം. റെക്കോര്‍ഡ് ലക്ഷ്യത്തിലേക്ക് പായിച്ച ഹാമര്‍ മറ്റൊരു വിദ്യാര്‍ഥിയുടെ ശിരസ് തകര്‍ക്കുമെന്ന് കെസിയ ഒരിക്കലും കരുതിയില്ല. സുവര്‍ണ നേട്ടത്തിലേക്ക് പാഞ്ഞ ആ ഹാമര്‍ പറന്നിറങ്ങിയത് സ്‌കൂള്‍ ഫുട്‌ബോളറുടെ തലയിലേക്ക്. ഗുരുതരമായി പരുക്കേറ്റ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ കെസിയ ത്രോ പിറ്റില്‍ നിസ്സഹയായിപ്പോയി.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ആദ്യത്തില്‍ തന്നെ 51.16 മീറ്റര്‍ എറിഞ്ഞ് സ്വന്തം റെക്കോര്‍ഡ് തിരുത്തി സ്വര്‍ണം ഉറപ്പിച്ചിരുന്നു കെസിയ മരിയ ബെന്നി. രണ്ടാമത്തെ ഏറിലാണ് വളന്റിയറായ അഫീലിന്റെ തല തകര്‍ന്നത്. മനഃപൂര്‍വമല്ലെങ്കിലും താന്‍ പായിച്ച ഹാമര്‍ പതിച്ച് വളന്റിയറായ അഫീല്‍ ജോണ്‍സണിന്റെ തല തകര്‍ന്നതിന്റെ വേദനയില്‍ നീറുകയാണ് കെസിയ. വിദ്യാര്‍ഥിക്ക് ഒന്നും വരുത്തരുതേയെന്ന പ്രാര്‍ഥനയുമായി കണ്ണീര്‍ പൊഴിക്കുകയാണ് താരം.
എന്നും റെക്കോര്‍ഡുകളിലേക്ക് ഹാമര്‍ പായിക്കുന്ന താരമാണ് കോട്ടയം നട്ടാശ്ശേരി സ്വദേശിയായ കെസിയ. സ്‌കൂള്‍, ഫെഡറേഷന്‍ ചാംപ്യന്‍ഷിപ്പുകളില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്ഥാപിച്ച കെസിയ എറണാകുളം മാതിരപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. നാലാമത്തെ ത്രോയിലാണ് 55.35 മീറ്റര്‍ ദൂരം പിന്നിട്ടു കെസിയ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. കെസിയക്കൊപ്പം മത്സരിച്ച എറണാകുളത്തിന്റെ തന്നെ ബ്ലെസി ദേവസ്യ 50.05 മീറ്റര്‍ എറിഞ്ഞ് മീറ്റ് റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തി. 48.67 മീറ്റര്‍ എന്ന സ്വന്തം റെക്കോര്‍ഡാണ് കെസിയ വീണ്ടും തകര്‍ത്തത്.
മീറ്റ് റെക്കോര്‍ഡുകള്‍ @ 6
കൗമാര പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമാക്കിയ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ ആറ് മീറ്റ് റെക്കോര്‍ഡുകള്‍. രണ്ടു പ്രളയങ്ങള്‍ നേരിടേണ്ടി വന്ന പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് പ്രതലത്തിലാണ് വെല്ലുവിളികളെ മറികടന്ന് കൗമാരം പ്രതിഭ തെളിയിച്ചത്. ആലപ്പുഴയുടെ ജാന്‍സി തെരേസ റെജി (അണ്ടര്‍ 14 ട്രയാത്‌ലണ്‍ - 1545 പോയിന്റ് ), വി.എ സോന (1542 പോയിന്റ്). കോട്ടയത്തിന്റെ നിവ്യ ആന്റണി (അണ്ടര്‍ 20, വനിത പോള്‍വാള്‍ട്ട്, 3.60 മീറ്റര്‍). എറണാകുളത്തിന്റെ എ.കെ സിദ്ധാര്‍ഥ് (അണ്ടര്‍ 20, പുരുഷ പോള്‍വാള്‍ട്ട്, 4.71 മീറ്റര്‍). എറണാകുളത്തിന്റെ വി.കെ അഭിജിത് (അണ്ടര്‍ 20, പുരുഷ നടത്തം 10 കി.മീ, 46:9.32 സെക്കന്‍ഡ്). തിരുവനന്തപുരത്തിന്റെ 4-100 റിലേ ടീം അണ്ടര്‍ 20 പുരുഷവിഭാഗത്തില്‍ 42.59 മിനുട്ടിന്റെ പുതിയ മീറ്റ് റെക്കോര്‍ഡും സ്ഥാപിച്ചു. അന്‍സ്റ്റിന്‍ ജോസഫ്, കെ. ബിജിത്, നന്ദു മോഹന്‍, ജെ.പി വിജയ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് റിലേയില്‍ റെക്കോര്‍ഡ് നേടിയത്.
എറണാകുളം മുന്നില്‍
ആദ്യ ദിനത്തില്‍ 38 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 14 സ്വര്‍ണവും ഒന്‍പത് വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ നേടിയ എറണാകുളം ജില്ലയാണ് മുന്നില്‍. 198 പോയിന്റാണ് എറണാകുളത്തിന്റെ സമ്പാദ്യം. 9 സ്വര്‍ണം, 7 വെള്ളി, 10 വെങ്കലം ഉള്‍പ്പെടെ നേടിയ പാലക്കാട് 187 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. 3 സ്വര്‍ണം, 6 വെള്ളി, 9 വെങ്കലം നേടിയ കോട്ടയം 127 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
അതിവേഗക്കാര്‍
അതിവേഗപ്പോരില്‍ ആദിത്യ കുമാര്‍ സിങും കെ. ബിജിതും ആന്‍സി സോജനും ജേതാക്കള്‍. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സായിയിലെ ആദിത്യ കുമാര്‍ സിങ് (10.79 സെക്കന്‍ഡ്), അണ്ടര്‍ 20 പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ തന്നെ കെ. ബിജിത് (10.79), അണ്ടര്‍ 20 വനിതകളില്‍ തൃശൂരിന്റെ ആന്‍സി സോജന്‍ (11.91) സ്പ്രിന്റ് പോരില്‍ സ്വര്‍ണം നേടി. അണ്ടര്‍ 14: സ്‌നേഹ ജേക്കബ്, തിരുവനന്തപുരം (12.94), പി.എസ് രമേഷ്, വയനാട് (12.05). അണ്ടര്‍ 16: മുഹമ്മദ് ഷാന്‍, മലപ്പുറം (11.38), നയന ജോസ്, കൊല്ലം (12.39). അണ്ടര്‍ 18: വി.എസ് ഭാവിക, എറണാകുളം (12.40) എന്നിവരാണ് 100 മീറ്ററിലെ സ്വര്‍ണ ജേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."