ലൈബ്രേറിയന്‍ പരീക്ഷയില്‍ പകുതിയിലധികം ചോദ്യവും സ്വകാര്യ ഗൈഡില്‍ നിന്ന്
കോഴിക്കോട്: പി.എസ്.സി പരീക്ഷയില്‍ ഗൈഡ് ലോബി ശക്തമായ ഇടപെടലുകള്‍ നടത്തുന്നത് ഉദ്യോഗാര്‍ഥികളെ വലക്കുന്നു. ജൂണ്‍ ഒന്‍പതിന് നടത്തിയ കോമണ്‍പൂള്‍ ലൈബ്രേറിയന്‍ തസ്തികയിലേക്കുള്ള പരീക്ഷയിലെ ചോദ്യങ്ങളില്‍ പകുതിയിലധികവും സ്വകാര്യ ഗൈഡില്‍ നിന്നുള്ളതാണെന്ന് ആരോപണമുണ്ട്.
കാഞ്ചന്‍കാമില രചിച്ച ഒബ്ക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകത്തില്‍നിന്നാണ് ലൈേ്രബറിയന്‍ കോമണ്‍പൂള്‍ ഗ്രേഡ് നാല് പരീക്ഷയിലെ 55 ശതമാനം ചോദ്യങ്ങളും ഉള്‍പ്പെടുത്തിയെന്നാണ് പരാതി. പരീക്ഷയിലെ എണ്‍പത് മാര്‍ക്കിന്റെ ചോദ്യങ്ങളും ലൈബ്രറി സയന്‍സുമായി ബന്ധപ്പെട്ടാണ്. ചോദ്യങ്ങള്‍ മാത്രമല്ല ശരിയായ ഉത്തരം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഗൈഡിലേതിനു സമാനം തന്നെ. വിവാദ ഗൈഡില്‍നിന്ന് നേരിട്ട് ചോദ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നതാണ് ഇത് തെളിയിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. തലസ്ഥാന ജില്ല കേന്ദ്രീകരിച്ചുള്ള ലോബിയാണ് ഇതിന് പിന്നിലെന്നും പരീക്ഷയ്ക്ക് മുന്‍പു തന്നെ ഈ ഗൈഡില്‍നിന്നുള്ള ചോദ്യങ്ങളാകും പരീക്ഷയ്ക്കുണ്ടാവുകയെന്ന സൂചന ലോബിയുമായി ബന്ധമുള്ളവര്‍ അടുപ്പമുള്ള ഉദ്യോഗാര്‍ഥികളുമായി പങ്കുവച്ചിരുന്നുവെന്നും സൂചനയുണ്ട്.
32 ഒഴിവുകള്‍ നികത്താനായി കഴിഞ്ഞ ഡിസംബര്‍ ഒന്നിന് പരീക്ഷ നടത്തിയിരുന്നു. എന്നാല്‍ അന്ന് ആദ്യ പരീക്ഷയിലെ ചോദ്യങ്ങള്‍ ഒരു ഇന്റര്‍നെറ്റ് സൈറ്റില്‍നിന്ന് പകര്‍ത്തിയതാണെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പി.എസ്.സി അന്വേഷണം നടത്തുകയും തുടര്‍ന്ന് പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുകയുമായിരുന്നു. നെറ്റ് പരീക്ഷയുടെ നിലവാരത്തിലുള്ള ചോദ്യങ്ങളായിരുന്നു കഴിഞ്ഞ പരീക്ഷയ്ക്കുണ്ടായിരുന്നതെങ്കിലും ലോബിയുടെ ഇടപെടല്‍ മൂലം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞവര്‍ പോലും ഗൈഡ് നേരത്തെ സംഘടിപ്പിക്കുകയും ഉയര്‍ന്ന മാര്‍ക്ക് നേടുകയുമായിരുന്നുവെന്നാണ് പരാതി. പി.എസ്.സിയുടെ മാര്‍ക്ക് ലിസ്റ്റ് വന്നില്ലെങ്കിലും ഗൈഡ് ലോബിയുമായി ബന്ധമുള്ളവര്‍ ഉയര്‍ന്ന മാര്‍ക്ക് ഇതിനകം തന്നെ ഉറപ്പാക്കികഴിഞ്ഞുവെന്നാണ് സൂചന. യു.ജി.സി നെറ്റ് പരീക്ഷാ സഹായിയെന്ന നിലയില്‍ പുറത്തിറക്കിയ ഗൈഡില്‍നിന്നാണ് ചോദ്യങ്ങളില്‍ പകുതിയിലേറേയും കടന്നുകൂടിയത്.
നാല് വര്‍ഷത്തിന് ശേഷം നടക്കുന്ന പരീക്ഷയില്‍ ഗൈഡ് ലോബിയുടെ ഇടപെടല്‍ മൂലം അവസരം നിഷേധിക്കപ്പെടുമെന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാര്‍ഥികള്‍ പി.എസ്.സിക്ക് പരാതി നല്‍കുന്നത്. ലൈേ്രബറിയന്‍ തൊഴില്‍ മേഖല പൂര്‍ണമായും അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം പരീക്ഷകളിലാണ് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷ. സംസ്ഥാനത്തെ സ്‌കൂളുകളില്‍പോലും ലൈബ്രേറിയന്‍ തസ്തികയില്ലാത്തതും തദേശ സ്ഥാപനങ്ങള്‍ സ്ഥിരം ലൈബ്രറിയനെ നിയമിക്കാത്തതും ലൈബ്രറി സയന്‍സ് പഠിച്ചിറങ്ങുന്നവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ പി.എസ്.സി നടത്തുന്ന പരീക്ഷയിലും ഗൈഡ് ലോബി അടക്കമുള്ളവര്‍ ഇടപെടുന്ന സാഹചര്യം ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാക്കുന്നു. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പബ്ലിക് സര്‍വിസ് കമീഷന് പരാതി നല്‍കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."