കുഴൂര്‍ ഹൈസ്‌കൂളിന്റെ ചുറ്റുമതില്‍ പുനര്‍നിര്‍മാണത്തിന് നടപടിയില്ല
മാള: കുഴൂര്‍ ഗവ. ഹൈസ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നിട്ട് മാസങ്ങള്‍ അഞ്ചു കഴിഞ്ഞിട്ടും പുനര്‍നിര്‍മിക്കുന്നതിനു നടപടികളൊന്നുമായില്ല. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് സ്‌കൂള്‍ വളപ്പിന്റെ കിഴക്കേ അതിരിലുള്ള ചുറ്റുമതില്‍ തകര്‍ന്നത്. പെണ്‍കുട്ടികളുടെ അടക്കം ശുചിമുറികളുള്ള ഭാഗത്തെ ചുറ്റുമതിലാണു തകര്‍ന്നത്. രണ്ടു വര്‍ഷത്തോളം മുന്‍പ് ഉണ്ടായ ശക്തമായ മഴയില്‍ തകര്‍ന്ന ഭാഗത്തു നിന്നും കുറച്ചു നീങ്ങിയുള്ള ഭാഗത്ത് അടിത്തറ വെള്ളത്തോടൊപ്പം ഒലിച്ചു പോയി. ഈ ഭാഗവും തകരാന്‍ സാധ്യത ഏറെയാണ്. ചുറ്റുമതിലിന്റെ ബാക്കി ഭാഗങ്ങളും തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്നതു വിദ്യാര്‍ഥികള്‍ക്കും റോഡിലൂടെ പോകുന്നവര്‍ക്കും ഒരുപോലെ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. റോഡിനഭിമുഖമായുള്ള മതിലിന്റെ ഒരുഭാഗം മാസങ്ങള്‍ക്കു മുന്‍പ് തകര്‍ന്നു വീണിരുന്നു. റോഡില്‍ നിന്നു കുറച്ചു മാറി മതില്‍ വളഞ്ഞു പോകുന്നിടത്താണ് തകര്‍ന്നതെന്നതിനാലും അവധി ദിനത്തിലായിരുന്നതിനാലും അപകടങ്ങളുണ്ടായില്ല. രണ്ടു പതിറ്റാണ്ട് മുന്‍പു പണിത ചുറ്റുമതിലിന്റെ പല ഭാഗങ്ങളും വിള്ളല്‍ വീണും ചെരിഞ്ഞും നില്‍ക്കുകയാണ്. അറിയാതെ ഏതെങ്കിലും വിദ്യാര്‍ഥി മതിലില്‍ ചാരി നിന്നാല്‍ കുട്ടികളടക്കം മതില്‍ റോഡിലേക്കു വീഴും. സ്‌കൂളിന്റെ രണ്ടു വശങ്ങള്‍ സമതലത്തില്‍ നിന്നും ആറടിയോളം വരെ ഉയരത്തിലാണ്. ഈ ഭാഗങ്ങളിലെ മതിലിന്റെ ഭാഗമാണ് 25 മീറ്ററിലധികം തകര്‍ന്നത്. ഇടറോഡിന് അഭിമുഖമായുള്ള മതിലിന്റെ പല ഭാഗങ്ങളും സാമൂഹ്യ വിരുദ്ധര്‍ പൊളിക്കുന്ന അവസ്ഥയുമുണ്ട്. നാലു വര്‍ഷം മുന്‍പ് പി.ടി.എ പ്രസിഡന്റായിരുന്ന സലിം എരവത്തൂര്‍ ചുറ്റുമതില്‍ പൂര്‍ണമായും പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് ജില്ലാപഞ്ചായത്തിനു നിവേദനം നല്‍കിയിരുന്നു. ഗവ. സ്‌കൂളുകളില്‍ കെട്ടിടങ്ങള്‍ പണിതു കൂട്ടുമ്പോഴും ഇത്തരം കാര്യങ്ങളില്‍ ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്ന ആരോപണമാണു നാട്ടുകാരില്‍ നിന്നുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."